Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിങ്ങളെ വെറുതെവിടില്ല: ഷുഹൈബ് വധക്കേസിലെ സാക്ഷികൾക്ക് പ്രതിയുടെ ഭീഷണി

Deepchand ഷുഹൈബ് വധക്കേസിലെ സാക്ഷികൾ പൊലീസിനു നൽകിയ പരാതി. ഇൻസറ്റിൽ പ്രതികളിലൊരാളായ ദീപ്ചന്ദ്.

കണ്ണൂർ∙ എടയന്നൂർ ഷുഹൈബ് വധക്കേസിൽ തിരിച്ചറിയൽ പരേഡിനെത്തിയ സാക്ഷികളെ പ്രതി ഭീഷണിപ്പെടുത്തിയതായി പരാതി. തിരിച്ചറിയൽ പരേഡിനെത്തിയ ഇ.നൗഷാദ്, എം.മൊയിനുദ്ദീൻ, കെ.റിയാസ് എന്നിവരെ പ്രതികളിൽ ഒരാളായ ദീപ്ചന്ദ് ഭീഷണിപ്പെടുത്തിയതായാണു കണ്ണൂർ ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകിയത്. ബുധനാഴ്ച വൈകിട്ടു മൂന്നരയ്ക്കു സ്പെഷൽ സബ്ജയിലിലായിരുന്നു തിരിച്ചറിയൽ പരേഡ്. 

എടയന്നൂരിലെ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷുഹൈബിനു നേരെ ആക്രമണമുണ്ടായ സമയത്തു കൂടെയുണ്ടായിരുന്നവരാണു മൂന്നുപേരും. മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിൽ മൂന്നുപേരും ദീപ്ചന്ദിനെ തിരിച്ചറിയുകയും ചെയ്തു. തുടർന്നു മടങ്ങാനൊരുങ്ങുമ്പോഴാണു ദീപ്ചന്ദ് ഭീഷണിപ്പെടുത്തിയത്. 

ഇരുന്നിരുന്ന മുറിയിലെത്തി നിങ്ങളെയൊന്നും വെറുതെ വിടില്ലെന്ന് ആക്രോശിച്ചതായും ഭയപ്പെടുത്തുന്ന വിധത്തിൽ പെരുമാറിയതായും ഇവർ എസ്പിക്കു നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു.ജീവനു ഭീഷണിയുണ്ടെന്നും ഇയാൾക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടാണു പരാതി നൽകിയിരിക്കുന്നത്. സംഭവം ഉടൻ തന്നെ മജിസ്ട്രേറ്റിന്റെ ശ്രദ്ധയിലും പെടുത്തിയിട്ടുണ്ട്.