Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൻകിട വായ്പകൾക്ക് പൊതുമേഖലാ ബാങ്കുകളുടെ ജാമ്യമില്ല; വിപണി നഷ്ടത്തിൽ

INDIA BSE

മുംബൈ∙ ഓഹരി വിപണിയിൽ നഷ്ടത്തിൽ‌ വ്യാപാരം പുരോഗമിക്കുന്നു. ബാങ്ക് ഓഹരികൾക്ക് നേരിടുന്ന വൻ തിരിച്ചടിയാണ് വിപണിയിൽ പ്രതിഫലിക്കുന്നത്. ഹ്രസ്വകാല വൻകിട വായ്പകൾക്ക് പൊതുമേഖലാബാങ്കുകൾ ഇനി മുതൽ ജാമ്യം നിൽക്കില്ലെന്ന തീരുമാനമാണ് ബാങ്ക് ഓഹരികളുടെ വില ഇടിവിനു കാരണം. ലെറ്റേഴ്സ് ഓഫ് അണ്ടർടേക്കിങ് (എൽഒയു), ലെറ്റേഴ്സ് ഓഫ് കംഫർട് (എൽഒസി) എന്നിവ നിർത്തലാക്കാൻ റിസർവ് ബാങ്ക് ഇന്നലെ തീരുമാനമെടുത്തിരുന്നു. പഞ്ചാബ് നാഷനൽ ബാങ്ക് തട്ടിപ്പു കേസിന്റെ പശ്ചാത്തലത്തിലാണ് റിസർവ് ബാങ്ക് ഇത്തരത്തിലൊരു തീരുമാനമെടുത്തത്.

ബിഎസ്ഇ സെൻസെക്സ് 253.87 പോയിന്റ് നഷ്ടത്തിൽ 33,602 ലാണു വ്യാപാരം നടക്കുന്നത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 81.90 പോയിന്റ് താഴ്ന്ന് 10,344 ലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇരു സൂചികകളിലും മിക്ക സെക്ടറുകളും നഷ്ടത്തിലാണ്. ഇന്നലെ കനത്ത നഷ്ടം നേരിട്ട ഐടി സെക്ടർ ഇന്നു തിരിച്ചുവരവ് നടത്തി. എസ്ബിഐ, ആക്സിസ് ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, യെസ് ബാങ്ക് തുടങ്ങിയ ബാങ്ക് ഓഹരികളെല്ലാം നഷ്ടത്തിലാണ്. ടെക് മഹിന്ദ്രാ, ഗെയിൽ‍, എച്ച്സിഎൽ‌ ടെക്, ഇൻഫോസിസ്, ടിസിഎസ് എന്നിവയാണ് മികച്ച നേട്ടമുണ്ടാക്കുന്ന ഓഹരികൾ.