Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗോരഖ്പുരിലും ഫുൽപുരിലും ദയനീയമായി തോറ്റ് ബിജെപി; ബിഹാറിൽ ആർജെഡി

Bjp Office Uttar Pradesh ഉപതിരഞ്ഞെടുപ്പുകളിലെ പരാജയത്തിനു ശേഷം ഉത്തർപ്രദേശിലെ ബിജെപി ഓഫിസിനു മുന്നിൽ നിന്നുള്ള കാഴ്ച.

ന്യൂഡൽഹി∙ ഉത്തർപ്രദേശിൽ ബിജെപിയുടെ കണക്കുകൂട്ടലുകൾ പാടെ തെറ്റിച്ചു ലോക്സഭാ ഉപതിരഞ്ഞെടുപ്പുഫലം. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ മണ്ഡലമായിരുന്ന ഗോരഖ്പുരിലും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ മണ്ഡലമായിരുന്ന ഫുല്‍പുരിലും ബിജെപി സ്ഥാനാർഥികൾക്കു കനത്ത തോൽവി. രണ്ടിടത്തും സമാജ്‍വാദി പാർട്ടി (എസ്പി) അട്ടിമറി ജയം സ്വന്തമാക്കി. ബിഎസ്പി പിന്തുണയോടെയാണു എസ്പിയുടെ വിജയം. രണ്ടിടത്തും കോൺ‌ഗ്രസിനു കെട്ടിവച്ച കാശു നഷ്ടമായി.

ഗോരഖ്പുരിൽ എസ്പിയുടെ പ്രവീൺ കുമാർ നിഷാദ് 26,000ത്തിലേറെ വോട്ടുകൾക്കും ഫുൽപുരിൽ‌ എസ്പിയുടെ നാഗേന്ദ്ര സിങ് പട്ടേൽ 59,000ത്തിലേറെ വോട്ടുകൾക്കുമാണു ബിജെപി സ്ഥാനാർഥികളെ തറപറ്റിച്ചത്. യോഗി ആദിത്യനാഥ് അഞ്ചു വട്ടം തുടർച്ചയായി ജയിച്ചുവന്ന ഗോരഖ്പുരിൽ ഉപേന്ദ്ര ദത്ത് ശുക്ലയും ഫുൽപുരി‌ൽ കൗശലേന്ദ്ര സിങ് പട്ടേലുമായിരുന്നു ബിജെപി സ്ഥാനാർഥികൾ. 2014ലെ പൊതുതിരഞ്ഞെടുപ്പിൽ കേശവ് പ്രസാദ് മൗര്യ മൂന്നു ലക്ഷത്തിലധികം വോട്ടുകൾക്കു ജയിച്ച മണ്ഡലമാണു ഫുൽപുർ.

ബിഹാറിലും ബിജെപിക്കു തിരിച്ചടി

ഉപതിരഞ്ഞെടുപ്പു നടന്ന ബിഹാറിലെ അരരിയ ലോക്സഭാ മണ്ഡലത്തിലും ബിജെപി സ്ഥാനാർഥി തോറ്റു. ആർജെഡി സ്ഥാനാർഥി സർഫറാസ് ആലമാണ് ജയിച്ചത്. 61,988 വോട്ടുകൾക്കാണ് ആലത്തിന്റെ വിജയം. ആർജെഡി എംപിയുടെ മരണത്തെത്തുടർന്നാണു തിരഞ്ഞെടുപ്പു വേണ്ടിവന്നത്. ഉപതിരഞ്ഞെടുപ്പു നടന്ന രണ്ടു നിയമസഭാ മണ്ഡലങ്ങളിൽ ബാബുവയിൽ ബിജെപി സ്ഥാനാർഥി റിങ്കി റാണി പാണ്ഡെ ജയിച്ചു.

റിങ്കി റാണിയുടെ ഭർത്താവ് ആനന്ദ് ഭൂഷൻ പാണ്ഡെയുടെ മരണത്തെ തുടർന്നായിരുന്നു ഉപതിരഞ്ഞെടുപ്പ്. കോൺഗ്രസിലെ ശംഭു പട്ടേലിനെ തോൽപ്പിച്ചാണു റിങ്കി ബിജെപിക്കായി സീറ്റു നിലനിർത്തിയത്. ജെഹനാബാദിൽ ആർജെഡി സ്ഥാനാർഥി കുമാർ കൃഷ്ണ മോഹനും ജയിച്ചുകയറി. ജെഡിയു സ്ഥാനാർഥി അഭിറാം ശർമയെ 35,036 വോട്ടുകൾക്കാണു കൃഷ്ണ മോഹൻ തോൽപ്പിച്ചത്.

എസ്പിക്ക് കൈകൊടുത്ത് ബിഎസ്പി

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ തിരിച്ചടിയിൽ പകച്ചിരിക്കുകയാണു ബിജെപി. നിയമസഭാ തിരഞ്ഞെടുപ്പിൽ ചരിത്രവിജയം നേടി ഒരു വർഷം പിന്നിടുമ്പോഴെത്തുന്ന ഈ ഫലം, യുപിയിലും ദേശീയ തലത്തിലും പുതിയ രാഷ്ട്രീയ സമവാക്യങ്ങൾ തേടുന്ന പ്രതിപക്ഷ പാർട്ടികൾക്കു പുത്തനുണർവേകുന്നതാണ്. ബിജെപിയെ തകര്‍ക്കാന്‍ 25 വര്‍ഷത്തെ ശത്രുത മറന്ന് അഖിലേഷ് യാദവും മായാവതിയും ഒന്നിച്ചുനിന്നെന്നതാണു തിരഞ്ഞെടുപ്പിന്റെ പ്രത്യേകത. അപ്രതീക്ഷിതമായി എസ്പി സ്ഥാനാർഥികൾ വിജയിച്ചതിന്റെ ആഘോഷത്തിലാണ് അഖിലേഷും മായാവതിയും.