Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിഎജിയെ വിളിച്ചു വരുത്തുന്നതിന്റെ സാധ്യതകൾ പരിശോധിക്കണം: വിഴിഞ്ഞം കമ്മിഷൻ

Vizhinjam

കൊച്ചി∙ വിഴിഞ്ഞം തുറമുഖ നിർമാണ കരാർ വിലയിരുത്തിയതിൽ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിനു (സിഎജി) ഗുരുതര വീഴ്ചകൾ സംഭവിച്ചതായി നിരീക്ഷിച്ച ജുഡീഷ്യൽ അന്വേഷണ കമ്മിഷൻ സിഎജിയെ നോട്ടിസ് നൽകി വിളിച്ചു വരുത്തുന്നതിന്റെ സാധ്യതകൾ പരിശോധിക്കാൻ  ആവശ്യപ്പെട്ടു. നിർമാണ കമ്പനിയുമായുള്ള അടിസ്ഥാന കരാർ പോലും പരിശോധിക്കാതെയാണു സിഎജി റിപ്പോർട്ട് തയാറാക്കിയതെന്നതു ശരിവച്ച ജുഡീഷ്യൽ കമ്മിഷൻ, തങ്ങൾ എത്തിച്ചേരുന്ന ചില നിരീക്ഷണങ്ങൾ സിഎജിയുടെ വിശ്വാസ്യത തന്നെ ഇല്ലാതാക്കിയേക്കാമെന്ന മുന്നറിയിപ്പും നൽകി. ഈ സാഹചര്യം ഒഴിവാക്കണമെങ്കിൽ, സിഎജിയുടെ വാദങ്ങൾ കൂടി കേൾക്കണമോ എന്നതു പരിശോധിക്കണം.

പരിഗണനാ വിഷയങ്ങളിൽ വ്യക്തത വരുത്താൻ വൈകുന്ന സർക്കാർ നടപടിയെ വിമർശിച്ച കമ്മിഷൻ, അടുത്ത സിറ്റിങ്ങിനു മുൻപു സർക്കാർ നിലപാട് അറിയിക്കണമെന്ന നിർദേശവും നൽകി. ഏപ്രിൽ 16–19, 23–26 തീയതികളിൽ സിറ്റിങ് തുടരും. വിഴിഞ്ഞം പദ്ധതിയെ വിമർശിച്ചു മാധ്യമങ്ങളിൽ ലേഖനമെഴുതിയ തുളസീധരൻ പിള്ളയെ ഓഡിറ്റ് സംഘത്തിൽ ഉൾപ്പെടുത്തിയ സിഎജി നടപടിയെ കമ്മിഷൻ രൂക്ഷമായി വിമർശിച്ചു. തുളസീധരൻ പിള്ളയുടെ മുൻവിധികൾ സിഎജി റിപ്പോർട്ടിനെ സ്വാധീനിച്ചതായി സംശയിക്കത്തക്ക സാഹചര്യമുണ്ട്. ഇദ്ദേഹത്തിന്റെ ലേഖനത്തിലെ ഊഹക്കണക്കുകൾ സിഎജി റിപ്പോർട്ടിലും കടന്നു കൂടിയിട്ടുണ്ടെന്നു മുൻ തുറമുഖ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ജയിംസ് വർഗീസ് ചൂണ്ടിക്കാട്ടി.

പദ്ധതിയുടെ മൊത്ത വരുമാനമാണ് അദാനി ഗ്രൂപ്പിന്റെ ലാഭമായി ഓഡിറ്റിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. തുറമുഖ പദ്ധതി എങ്ങനെയും നടപ്പാക്കുകയായിരുന്നു സർക്കാരിന്റെ ലക്ഷ്യം എന്നു വ്യക്തമാണെന്നു കമ്മിഷൻ നിരീക്ഷിച്ചു. താൽപര്യപത്രം വാങ്ങിയ അഞ്ചു കമ്പനികളിൽ ഒന്നു മാത്രമാണു ടെൻഡർ സമർപ്പിച്ചത്. ഇവർക്കു മാത്രമായി ടെൻഡർ വ്യവസ്ഥകൾ മാറ്റിയിട്ടുമില്ല. ഭൂമി ഈടുവയ്ക്കാൻ അവകാശം നൽകിയതും 30% ഭൂമി വ്യാപാര ആവശ്യങ്ങൾക്ക് ഉപയോഗിക്കാമെന്ന വ്യവസ്ഥ ഉൾപ്പെടുത്തിയതും കേന്ദ്ര ആസൂത്രണ കമ്മിഷന്റെ മാതൃകാ കരാറിന്റെ അടിസ്ഥാനത്തിലായിരുന്നു.. ഈ മാതൃകാ കരാർ ഗജേന്ദ്ര ഹാൽദിയ എന്ന വ്യക്തി തയാറാക്കിയതാണെന്നും അതു പിന്തുടരാൻ സർക്കാരിനു ബാധ്യതയില്ലെന്നുമുള്ള വാദം കമ്മിഷൻ അംഗീകരിച്ചില്ല.

മാതൃകാ കരാർ പിന്തുടരണമെന്നു നിർദേശിക്കുന്ന ആസൂത്രണ കമ്മിഷന്റെ കത്ത് കമ്മിഷൻ അംഗീകരിച്ചു. കേന്ദ്രത്തിന്റെ മാതൃകാ കരാറിനെ സിഎജി ഒരിടത്തും വിമർശിച്ചിട്ടില്ല. അതേസമയം അതിലെ വ്യവസ്ഥകളെ വിമർശിക്കുമ്പോൾ, ഫലത്തിൽ സിഎജി റിപ്പോർട്ട് കേന്ദ്രത്തിനെതിരെയുള്ള റിപ്പോർട്ടാണോ എന്നും കമ്മിഷൻ ആരാഞ്ഞു. ഭാവനയിൽ മാത്രമുള്ള കുളച്ചൽ തുറമുഖത്തിന്റെ വ്യവസ്ഥകളും വിഴിഞ്ഞം തുറമുഖത്തിന്റെ കരാർ വ്യവസ്ഥകളും തമ്മിൽ താരതമ്യം ചെയ്തതിൽ കമ്മിഷൻ അതൃപ്തി രേഖപ്പെടുത്തി.

കരാർ വ്യവസ്ഥകൾ തെറ്റിദ്ധരിച്ചാണു പലയിടത്തും സിഎജി നഷ്ടക്കണക്കുകൾ കൂട്ടിയിരിക്കുന്നത്. വസ്തുതകൾക്കു നിരക്കുന്നതല്ല അവരുടെ പല കണ്ടെത്തലുകളുമെന്നു സംശയിക്കേണ്ടിയിരിക്കുന്നു. സിഎജിക്കും തെറ്റുകൾ പറ്റാറുണ്ട്. 1.75 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടെന്നു പറഞ്ഞ ടു ജി ലേലം 6000 കോടി രൂപ മാത്രമാണു വരുമാനമുണ്ടാക്കിയതെന്നും കമ്മിഷൻ പരാമർശിച്ചു. സിഎജി റിപ്പോർട്ടിന്റെ സാധുത പരിശോധിക്കണമെങ്കിൽ ആദ്യം സർക്കാർ പരിഗണനാ വിഷയങ്ങളിൽ വ്യക്തത വരുത്തണം. ഇത് ഇനിയും വൈകിപ്പിക്കുന്നതു ശരിയല്ലെന്ന വിമർശനവും കമ്മിഷൻ നടത്തി.