Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാഷ്ട്രീയ ശക്തിപ്രകടനങ്ങൾക്ക് വേദിയായി ക്ഷേത്രങ്ങളും; കണ്ണൂരിനു പുതിയ ഭീഷണി

thalappoli-ulsavam കണ്ണൂർ മുഴപ്പിലങ്ങാട് കൂറുംബ ഭഗവതിക്ഷേത്രത്തിൽ താലപ്പൊലി ഉത്സവത്തോടനുബന്ധിച്ച് ഇത്തവണ പാർട്ടിപ്രവർത്തകർ കൊണ്ടുവന്ന കലശങ്ങൾ.

കണ്ണൂർ∙ ക്ഷേത്രങ്ങളിലെ ആരാധാനച്ചടങ്ങുകളിലേക്കുള്ള പാർട്ടി കടന്നു കയറ്റങ്ങളും കണ്ണൂരിലെ സമാധാന ശ്രമങ്ങൾക്കു പുതിയ ഭീഷണിയാകുന്നു. മുഴപ്പിലങ്ങാട് കുറുംബ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി ഉത്സവത്തിന്റെ പ്രധാന ചടങ്ങുകളിലൊന്നായ ‘കലശംവരവിന്റെ’ പേരിലാണു സിപിഎമ്മും ബിജെപിയും ‘പാർട്ടി കലശങ്ങളു’മായെത്തുന്നത്. ക്ഷേത്ര ഭാരവാഹികളുടെ കർശന നിയന്ത്രണങ്ങളെല്ലാം മറികടന്നെത്തുന്ന ‘പാർട്ടി കലശങ്ങൾ’ ഭക്തജനങ്ങളെയും ക്ഷേത്ര ഭാരവാഹികളെയും ഭയത്തിന്റെ മുൾമുനയിലാക്കാൻ തുടങ്ങിയിട്ടു വർഷങ്ങളായി.

രക്തസാക്ഷി സ്തൂപങ്ങളുടെ മാതൃകയുമായി സിപിഎം എത്തുമ്പോൾ, ബിജെപി സമർപ്പിക്കുന്നതു തൃശൂലത്തിന്റെയും ഓംകാരത്തിന്റെയും രൂപങ്ങളാണ്. മുളങ്കമ്പു വളച്ചു കെട്ടി വലിയ കുഴലിന്റെ രൂപത്തിലാക്കി, പൂക്കൾ കൊണ്ട് അലങ്കരിച്ചുണ്ടാക്കുന്ന കലശം നാടിന്റെ പലഭാഗങ്ങളിൽ നിന്നു ചെറിയ സംഘങ്ങൾ ആർപ്പുവിളികളോടെ, ചുമലിലേറ്റി ക്ഷേത്രത്തിലെത്തിക്കുന്നതാണു ‘കലശംവരവ്’. സിപിഎമ്മും ബിജെപിയും ഇതു ശക്തിപ്രകടനത്തിന്റെ വേദിയാക്കിയതോടെയാണു ‘പാർട്ടി കലശ’ങ്ങളുമെത്തിത്തുടങ്ങിയത്. ഇരുവിഭാഗവും ഇടയ്ക്കു മുദ്രാവാക്യം വിളിയും നടത്തും.

ക്ഷേത്രനടയിൽ ഓരോ സംഘവും മേളക്കാരെ കൊണ്ട് അര മണിക്കൂറോളം നിന്നു കൊട്ടിക്കും. പ്രവർത്തകർ അതിനൊപ്പം ചുവടു വയ്ക്കും. ഇതോടെ, മറ്റു കലശക്കാർക്കു ക്ഷേത്രം വലം വയ്ക്കാൻ കഴിയാതെയാകും. ‘പാർട്ടി കലശം വരവ്’ സംഘർഷത്തിലേക്കു നീങ്ങിയതോടെ, കലശങ്ങളുടെ രൂപവും അളവുകളും ആചാര പ്രകാരമായിരിക്കണമെന്നും സംഘങ്ങൾ നേരത്തേ റജിസ്റ്റർ ചെയ്യണമെന്നും ക്ഷേത്ര കമ്മിറ്റി നിർദേശിച്ചിരുന്നു. എന്നാൽ, ക്ലബ്ബുകളുടെയും കൂട്ടായ്മകളുടെയും പേരിലെത്തുന്ന പാർട്ടിപ്രവർത്തകർ ഇതു വകവച്ചില്ല. ഉത്സവത്തിനു മുൻപു രാഷ്ട്രീയ പാർട്ടികളുടെ യോഗം വിളിച്ച് ക്ഷേത്ര കമ്മിറ്റി സഹായം അഭ്യർഥിക്കുമെങ്കിലും ഫലമുണ്ടാകാറില്ല.

കൂത്തുപറമ്പ് രക്തസാക്ഷി സ്തൂപത്തിന്റെ മാതൃകയിലുള്ള കലശവുമായാണ് ഒരു സംഘം കഴിഞ്ഞവർഷം എത്തിയത്. ഇത്തവണ സമർപ്പിക്കപ്പെട്ട 79 കലശങ്ങളിൽ പത്തെണ്ണം പാർട്ടികളുടേതായിരുന്നു. തങ്ങളുടെ കലശങ്ങൾ ആചാരങ്ങൾക്കു വിരുദ്ധമല്ലെന്നാണു ബിജെപിക്കാരുടെ വാദം. ബിജെപി കലശം അനുവദിക്കാമെങ്കിൽ തങ്ങളുടേതും ആകാമെന്നു സിപിഎം. ഇതോടെ, ക്ഷേത്രഭാരവാഹികൾ നിസ്സഹായരാകുന്നു. ഈ ദിവസങ്ങളിൽ സംഘർഷം ഒഴിവാക്കാൻ പൊലീസിനും ഏറെ പണിപ്പെടേണ്ടി വരും. ‘പാർട്ടികലശം’ കലക്ടർ ഇടപെട്ടു നിരോധിക്കണമെന്നാണു ക്ഷേത്ര ഭാരവാഹികളുടെ ആവശ്യം. കണ്ണൂരിലെ കക്ഷിരാഷ്ട്രീയ ശത്രുതയ്ക്കു ക്ഷേത്രങ്ങളും ഇരയാവുകയാണെന്നു സാക്ഷ്യപ്പെടുത്തുന്നു, മുഴപ്പിലങ്ങാട് കുറുംബ ഭഗവതി ക്ഷേത്രത്തിലെ പാർട്ടി കലശങ്ങൾ.

related stories