Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അരാരിയ തീവ്രവാദ കേന്ദ്രമായി മാറും: ഗിരിരാജ്; തീവ്രവാദികൾ ബിജെപി ഓഫിസിൽ: റാബറി

Rabri-Devi-Giriraj-Singh റാബറി ദേവി, ഗിരിരാജ് സിങ്

ന്യൂഡൽഹി ∙ ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്കു കനത്ത തോൽവി സമ്മാനിച്ച ബിഹാറിലെ അരാരിയ, വൈകാതെ തീവ്രവവാദത്തിന്റെ കേന്ദ്രമായി മാറുമെന്ന പ്രഖ്യാപനവുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിങ് രംഗത്ത്. ഉപതിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയെ തറപറ്റിച്ച് ആർജെഡിയുടെ സർഫറാസ് ആലം തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെയാണ് മുന്നറിയിപ്പുമായി കേന്ദ്രമന്ത്രിയുടെ രംഗപ്രവേശം. മന്ത്രിയുടെ പ്രസ്താവനയെ രൂക്ഷമായ ഭാഷയിൽ അപലപിച്ച് മറ്റു നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.

നേപ്പാൾ, ബംഗാൾ എന്നിവിടങ്ങളുമായി അതിർത്തി പങ്കിടുന്ന വെറുമൊരു പ്രദേശം മാത്രമല്ല അരാരിയ. അതിതീവ്രമായ ഒരു പ്രത്യയശാസ്ത്രത്തിന്റെ പിടിയിലായ അവിടം ബിഹാറിനു മാത്രമല്ല, രാജ്യത്തിനു തന്നെ ഭീഷണിയായി മാറും. ഇവിടം തീവ്രവാദത്തിന്റെ കേന്ദ്രമായി മാറും – ഗിരിരാജ് സിങ് പറഞ്ഞു.

രാഷ്ട്രീയ നേട്ടങ്ങൾക്കായി പുതിയൊരു രാഷ്ട്രീയ സംസ്കാരം വളർത്താനാണ് ആർജെഡിയുടെ ശ്രമമെന്നും മന്ത്രി ആരോപിച്ചു. മന്ത്രിയുടെ പ്രസ്താവനയെ രൂക്ഷമായി വിമർശിച്ച് മുൻ ബിഹാർ മുഖ്യമന്ത്രി ജിതൻ റാം മാഞ്ചി ഉൾപ്പെടെയുള്ളവർ രംഗത്തെത്തി.

മോശം സംഭവങ്ങൾ അരങ്ങേറുന്നില്ല എന്നുറപ്പാക്കണമെന്ന് സർക്കാരിനോട് അഭ്യർഥിക്കുന്നു. അവിടെ മുസ്‌ലിംകൾ മാത്രമല്ല, പിന്നാക്ക വിഭാഗക്കാരും ജീവിക്കുന്നുണ്ട്. അവിടെ എങ്ങനെയാണ് ഐഎസിന്റെ കേന്ദ്രമായി മാറുക – മാഞ്ചി ചോദിച്ചു.

ബിഹാർ മുൻ മുഖ്യമന്ത്രിയും ആർജെഡി ദേശീയ വൈസ് പ്രസിഡന്റുമായ റാബറി ദേവിയും ഗിരിരാജ് സിങ്ങിനെ രൂക്ഷമായി വിമർശിച്ചു. ഇന്ത്യയിലെ എല്ലാ ഭീകരവാദികളും ബിജെപി ഓഫിസുകളിലാണെന്ന് അവർ പരിഹസിച്ചു. ജനങ്ങൾ പാടെ തള്ളിക്കളഞ്ഞതോടെ ബിജെപിക്ക് വിറളി പിടിച്ചിരിക്കുകയാണ്. ഉത്തർപ്രദേശിലും ബിഹാറിലും അവർക്കു ചില സൂചനകൾ ലഭിച്ചിട്ടുണ്ട്. വാക്കുകൾ നിയന്ത്രിച്ച് പറഞ്ഞതിനെല്ലാം അരാരിയയിലെ ജനങ്ങളോട് മാപ്പു പറയുക. ഇല്ലെങ്കിൽ 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ജനങ്ങൾ നിങ്ങളോട് ക്ഷമിക്കില്ല – റാബറി ദേവി മുന്നറിയിപ്പു നൽകി.

റാബറി ദേവിയുടെ മകനും ബിഹാർ മുൻ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവും ഗിരിരാജ് സിങ്ങിനെതിരെ രംഗത്തെത്തി. ഈ മനുഷ്യൻ കേന്ദ്രമന്ത്രിയാണ്. നിർഭാഗ്യവശാൽ ബിഹാറിലും കേന്ദ്രത്തിലും ഇവരുടെ സർക്കാരാണ് ഭരിക്കുന്നതെന്ന് ഇയാൾ ഓർക്കുന്നില്ല. നിതീഷ് കുമാറിന്റെ ഭരണത്തിൽ ബിജെപിക്ക് വിശ്വാസമില്ലെങ്കിൽ പിന്തുണ പിൻവലിച്ച് പദവിയിൽനിന്ന് ഇറക്കിവിടാത്തതെന്താണ്? ഈ പ്രസ്താവന നിതീഷ് കുമാറിനു നാണക്കേടാണ് – തേജസ്വി യാദവ് ട്വിറ്ററിൽ കുറിച്ചു.

ഭീകരസംഘടനയായ ഐഎസിന്റെ താവളമായി അരാരിയ മാറുമെന്നു ബിജെപി ബിഹാർ അധ്യക്ഷൻ നിത്യാനന്ദ് റായ് തിരഞ്ഞെടുപ്പു പ്രചാരണകാലത്ത് ആരോപിച്ചിരുന്നു. 61,988 വോട്ടുകൾക്കാണ് ആലം ബിജെപി സ്ഥാനാർഥിയെ തോൽപിച്ചത്. 

related stories