Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'വയല്‍ക്കിളി' സമരപ്പന്തല്‍ കത്തിച്ച സംഭവം: സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Vayalkilikal

കണ്ണൂര്‍∙ കീഴാറ്റൂരിലെ വയല്‍ക്കിളി പ്രവര്‍ത്തകരുടെ സമരപ്പന്തല്‍ കത്തിച്ച 12 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. വയല്‍കിളി പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയില്‍ തളിപ്പറമ്പ് പൊലീസാണ് കേസെടുത്തത്. ഇന്നലെ  സമരക്കാരെ പൊലീസ് അറസ്റ്റുചെയ്തു നീക്കിയതിന് പിന്നാലെ സിപിഎം പ്രവര്‍ത്തകര്‍ സമരപന്തല്‍ തീയീട്ട് നശിപ്പിച്ചിരുന്നു. തുടര്‍ന്ന് സിപിഎം പ്രവര്‍ത്തകര്‍ ചേര്‍ന്ന് സമരപ്പന്തല്‍ സമീപത്തെ തോട്ടിലേക്ക് വലിച്ചെറിയുകയും ചെയ്തു.

വയൽ നികത്തി ദേശീയപാത ബൈപ്പാസ് നിർമിക്കുന്നതിനെതിരെ നടത്തുന്ന സമരത്തിന്റെ രണ്ടാംഘട്ടമായ വയൽ കാവൽ സമരത്തിനു കഴിഞ്ഞ മാസമാണു തുടക്കമായത്.  വയൽക്കിളി പ്രവർത്തകരുടെ നേതൃത്വത്തിൽ വയലിനു നടുവിൽ കൂടാരം നിർമിച്ചു രാപ്പകൽ കാവൽ കിടക്കുന്നതായിരുന്നു സമരരീതി. ഇതിനിടെയാണ് അക്രമമുണ്ടായത്.

ഹൈവേ ഒഴിവാക്കി വയലിലൂടെ റോഡ് നിർമിക്കുന്നതിനു പിന്നിൽ തളിപ്പറമ്പിലെ സിപിഎം – കോൺഗ്രസ് – മുസ്‌ലിം ലീഗ് കൂട്ടായ്മയുടെ റിയൽ എസ്റ്റേറ്റ് താൽപര്യങ്ങളാണെന്നാണ് വയൽക്കിളികളുടെ ആരോപണം. തളിപ്പറമ്പ് ടൗണിൽ ദേശീയപാത വീതികൂട്ടാൻ‌ സ്ഥലമില്ലെന്നു ചൂണ്ടിക്കാട്ടിയാണു കീഴാറ്റൂരിലൂടെ ബൈപാസ് പണിയാൻ തീരുമാനിച്ചത്. ശരാശരി 70 മീറ്റർ മാത്രം വീതിയുള്ള പാടത്തിനു നടുവിലൂടെ 50 മീറ്റർ വീതിയിൽ നാലര കിലോമീറ്റർ റോ‍ഡ് നിർമിക്കുമ്പോൾ 250 ഏക്കർ നെൽവയൽ ഇല്ലാതാകുമെന്നു വയൽക്കിളികൾ പറയുന്നു. നിലവിലെ ഹൈവേ വീതികൂട്ടുകയാണ് അവർ നിർദേശിക്കുന്ന പരിഹാരം.