Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലഹരി മാഫിയ ബന്ധം 'അസത്യം'; മജീദിയയോട് മാപ്പു പറഞ്ഞ് കേജ്‍രിവാൾ‌

arvind-kejriwal അരവിന്ദ് കേജ്‌രിവാൾ

ചണ്ഡീഗഡ്∙ ലഹരി മരുന്ന് കടത്തുമായി ബന്ധപ്പെട്ട് ശിരോമണി അകാലിദൾ നേതാവ് ബിക്രം സിങ് മജീദിയക്കെതിരായ പ്രസ്താവനയിൽ മാപ്പു പറഞ്ഞ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ. ഉന്നയിച്ച ആരോപണങ്ങൾ ശരിയല്ലെന്നു ബോധ്യപ്പെട്ടതായി കേജ്‍രിവാൾ വ്യക്തമാക്കി. മയക്കു മരുന്നു കടത്തുമായി ബന്ധപ്പെട്ട് മജീദിയയ്ക്കെതിരെ ആരോപണങ്ങൾ ഉന്നിയിച്ചിരുന്നു. അതിൽ അടിസ്ഥാനമില്ല. ഇത്തരം കാര്യങ്ങളിൽ രാഷ്ട്രീയത്തിനു സ്ഥാനമില്ല. 

വിവിധ റാലികളിലും പരിപാടികളിലും താങ്കൾക്കെതിരെ ആരോപണങ്ങൾ ഉന്നിയിച്ചിരുന്നു. ഇത് തെറ്റാണെന്നു തെളിഞ്ഞതിനെ തുടർന്ന് എല്ലാം പിൻവലിച്ചു മാപ്പു പറയുന്നു. ഇതുമൂലം അദ്ദേഹത്തിന് ഉണ്ടായ നാണക്കേടിൽ ഖേദം പ്രകടിപ്പിക്കുന്നു.– മജീദിയയെ അഭിസംബോധന ചെയ്ത് അമൃത്‍സർ കോടതിയിൽ‌ സമർപ്പിച്ച കത്തില്‍ കേ‍ജ്‍രിവാൾ പറയുന്നു. 

ഒരു മുഖ്യമന്ത്രി ഇത്തരത്തിൽ മാപ്പു പറയുന്നത് ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ ആദ്യമാണെന്നും അമൃത്‍സർ കോടതിയിൽ സമര്‍പ്പിച്ച മാനനഷ്ട കേസ് പിൻവലിക്കുന്നതായും മജീദിയ അറിയിച്ചു. 2016 മേയ് 20 നാണ് അരവിന്ദ് കേജ്‍രിവാൾ, എഎപി പഞ്ചാബ് ഘടകത്തിന്റെ ചുമതല വഹിക്കുന്ന സഞ്ജയ് സിങ് തുടങ്ങിയ നേതാക്കൾക്കെതിരെ മാനനഷ്ട കേസ് നൽകിയത്.