Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അതിരൂപതാ ഭൂമി ഇടപാട്: അവധി ദിവസങ്ങളിൽ കേസെടുക്കില്ലേയെന്ന് ഹൈക്കോടതി

high-court-kerala-5

കൊച്ചി∙ എറണാകുളം അങ്കമാലി അതിരൂപതാ ഭൂമി ഇടപാട് കേസില്‍ സര്‍ക്കാരിനു വീണ്ടും ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. കേസെടുക്കാന്‍ വൈകിയതില്‍ ന്യായീകരണമില്ലെന്നും തല്‍ക്കാലം കോടതിയലക്ഷ്യ നടപടിയെടുക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. കേസന്വേഷണം എങ്ങനെ മുന്നോട്ടുപോകുമെന്നും കോടതി ആശങ്ക പ്രകടിപ്പിച്ചു.

ഭൂമിഇടപാടിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കും മറ്റു മൂന്നുേപര്‍ക്കുമെതിരെ കേസെടുക്കാന്‍ ഹൈക്കോടതി ഉത്തരവിട്ട് ആറുദിവസത്തിനു ശേഷമാണു പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തത്. കേസെടുക്കാന്‍ വൈകിയതില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച ഹൈക്കോടതി ഇതിനു ന്യായീകരണമില്ലെന്നു വ്യക്തമാക്കി.

ലളിതകുമാരി കേസ് അനുസരിച്ചു കോടതി അലക്ഷ്യം നിലനില്‍ക്കുമെന്നും ഹൈക്കോടതി പരാമര്‍ശിച്ചു. തല്‍ക്കാലം കോടതിയലക്ഷ്യ നടപടിെയടുക്കുന്നില്ല. എന്തുകൊണ്ടാണ് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്യാന്‍ വൈകിയത് എന്ന കോടതിയുടെ ചോദ്യത്തിനു ശനിയും ഞായറും ആയതിനാലാണെന്നു ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ മറുപടി നല്‍കി.

അവധി ദിവസങ്ങളില്‍ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്യാന്‍ പാടില്ലേ എന്നു കോടതി ചോദിച്ചു. തുടര്‍ന്ന് ഇതു സര്‍ക്കാരിന്‍റെ മനോഭാവമാണെന്നും വിമര്‍ശനമുണ്ടായി. ഇങ്ങനെയാണെങ്കില്‍ കേസ് എങ്ങനെ മുന്നോട്ടുപോകുമെന്ന് കോടതി ആശങ്ക പ്രകടിപ്പിച്ചു. കോടതി ഉത്തരവുണ്ടായ ശേഷം പൊലീസ് വീണ്ടും നിയമോപദേശം തേടിയതെന്തിനാണെന്നു ഹൈക്കോടതി കഴിഞ്ഞദിവസം ചോദിച്ചിരുന്നു.

അതേസമയം 23ന് ഉപവാസ പ്രാർഥനാ ദിനം ആചരിക്കാൻ സിനഡ് തീരുമാനിച്ചു. സിറോ മലബാർ സഭയിൽ ഐക്യവും സമാധാനവും വീണ്ടെടുക്കുകയാണ് ലക്ഷ്യം. പ്രശ്നപരിഹാരത്തിനുള്ള ശ്രമങ്ങൾ‌ ശക്തിപ്പെടുത്തുമെന്നും സിനഡ് അറിയിച്ചു. ഭൂമി ഇടപാടില്‍ കർദിനാളിനെ പിന്തുണച്ചു മഹാരാഷ്ട്ര കല്യാൺരൂപത രംഗത്തെത്തി. ഇപ്പോഴത്തെ സംഭവങ്ങള്‍ നിർഭാഗ്യകരവും ആശങ്കാജനകവുമാണെന്നും ഐക്യം പുനഃസ്ഥാപിക്കണമെന്നും കർദിനാള്‍ മാർ ജോർജ് ആലഞ്ചേരിക്കു വേണ്ടി എല്ലാ ഇടവകകളിലും ഒരുദിവസം പ്രത്യേകം പ്രാർഥിക്കണമെന്നും രൂപതാമെത്രാനായ ബിഷപ്പ് മാർ തോമസ് ഇലവനാല്‍ സര്‍ക്കുലര്‍ ഇറക്കി.

related stories