Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലാലുവിനെതിരായ നാലാമത്തെ കേസിൽ വിധി പറയുന്നത് മാറ്റി; തീയതി പിന്നീട്

Lalu Prasad Yadav ലാലു പ്രസാദ് യാദവ്. (ഫയൽചിത്രം)

റാഞ്ചി∙ ബിഹാർ മുൻ മുഖ്യമന്ത്രിയും ആർജെഡി നേതാവുമായ ലാലു പ്രസാദ് യാദവിനെതിരെയുള്ള നാലാമത്തെ കാലിത്തീറ്റ കുഭകോണക്കേസിൽ വിധി പറയുന്നത് സിബിഐ പ്രത്യേക കോടതി മാറ്റി. കുംഭകോണക്കേസ് നടന്ന സമയത്ത് അക്കൗണ്ടന്റ് ജനറലിന്റെ ഓഫിസിലുണ്ടായിരുന്ന മൂന്ന് ഉദ്യോഗസ്ഥരെക്കൂടി കക്ഷി ചേർക്കണമെന്ന പ്രതിഭാഗത്തിന്റെ ഹർജിയെത്തുടര്‍ന്നാണിത്. ഇതിന്മേൽ പ്രത്യേക കോടതി ജഡ്ജി ശിവ് പാൽ സിങ് വെള്ളിയാഴ്ച വിധി പറയും.

ബിഹാറിലെ ഡുംക ട്രഷറിയിൽ വ്യാജ ബില്ലുകൾ നൽകി 3.76 കോടി തട്ടിയെടുത്ത കേസിൽ ലാലുവിനു പുറമേ ബിഹാർ മുൻ മുഖ്യമന്ത്രി ജഗന്നാഥ് മിശ്ര അടക്കം 31 പേർക്കെതിരെ അഞ്ചിനു വിചാരണ പൂർത്തിയായിരുന്നു. എന്നാൽ കേസില്‍ അന്തിമ വിധി എന്നായിരിക്കുമെന്നു കോടതി വ്യക്തമാക്കിയിട്ടില്ല. മുൻ ഐഎഎസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയാണു കേസിലെ പ്രതികൾ. 

1995–96ൽ ഡുംക ട്രഷറിയിൽ വ്യാജ ബില്ലുകൾ ഹാജരാക്കി കോടികൾ കൈക്കലാക്കിയെന്നാരോപിച്ചു 48 പേർക്കെതിരെയാണു കുറ്റപത്രം തയാറാക്കിയത്. വിചാരണ സമയത്തു 14 പേർ മരിക്കുകയും രണ്ടുപേർ മാപ്പു സാക്ഷികളാവുകയും ചെയ്തതോടെ പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കി.

ആറു കാലിത്തീറ്റ കേസുകളിൽ മൂന്നെണ്ണത്തിൽ വിധി പ്രഖ്യാപിച്ചിരുന്നു. ആദ്യ കേസിൽ ലാലുവിന് അഞ്ചരവർഷവും രണ്ടാം കേസിൽ മൂന്നരവർഷവും മൂന്നാം കേസിൽ അഞ്ചുവർഷവും തടവുശിക്ഷ ലഭിച്ചു. ജഗന്നാഥിനെ രണ്ടു കേസുകളിലാണു ശിക്ഷിച്ചത്.