Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കതിരൂർ മനോജ് വധം: പി.ജയരാജനെതിരെ യുഎപിഎ നിലനിൽ‌ക്കും, ഹർജി തള്ളി

P. Jayarajan സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജൻ. (ഫയൽ ചിത്രം)

കൊച്ചി∙ ആർഎസ്‌എസ് നേതാവ് കതിരൂർ എളന്തോടത്ത് മനോജിനെ വധിച്ച കേസിലെ പ്രതിയും സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയുമായ പി.ജയരാജനെതിരെ ചുമത്തിയ യുഎപിഎ (നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം) തുടരും. യുഎപിഎ നീക്കണമെന്ന ജയരാജന്റെ ഹർജി ഹൈക്കോടതി തള്ളി. അനുമതി കിട്ടുംമുൻപു യുഎപിഎ ചുമത്തിയ നടപടി വിചാരണക്കോടതിക്കു പരിഗണിക്കാമെന്നും കോടതി നിർദേശിച്ചു.

നേരത്തെ കേസ് പരിഗണിക്കവേ സർക്കാരിനെതിരെ ഹൈക്കോടതി രൂക്ഷ വിമർശനമുന്നയിച്ചിരുന്നു. സർക്കാർ പ്രതികളെ സഹായിക്കുകയാണോയെന്നു കോടതി ചോദിച്ചു. സത്യവാങ്മൂലത്തിൽ ഒട്ടേറെ പൊരുത്തക്കേടുകളുണ്ട്. ബോംബ് എറിയുന്നവൻ വെറുതെ നടക്കുകയാണ്. യുഎപിഎ ചുമത്തിയതിനെതിരായ സത്യവാങ്മൂലം എങ്ങനെ നിലനിൽക്കും? പ്രതികളെ രക്ഷിക്കാനാണോ സർക്കാർ ശ്രമിക്കുന്നതെന്നും കോടതി ചോദിച്ചു. പി.ജയരാജൻ നൽകിയ ഹർജി പരിഗണിക്കുമ്പോഴായിരുന്നു കോടതി വിമർശനം.

സിബിഐയാണു പി.ജയരാജനെതിരെ യുഎപിഎ ചുമത്തിയത്. കേസിലെ 25–ാം പ്രതിയായ പി.ജയരാജനാണു കൊലയ്ക്കുപിന്നിലെ മുഖ്യആസൂത്രകനെന്നാണു സിബിഐ കണ്ടെത്തൽ. സിപിഎം പയ്യന്നൂർ ഏരിയ സെക്രട്ടറി ടി.ഐ.മധുസൂദനൻ, തലശേരി ഇൗസ്റ്റ് കതിരൂർ സ്വദേശികളായ കുന്നുമ്മൽ റിജേഷ്, കട്ട്യാൽ മീത്തൽ മഹേഷ്, കുളപ്പുറത്തുകണ്ടി സുനിൽകുമാർ, കണ്ണൂർ കതിരൂർ ചുണ്ടങ്ങാപ്പൊയിൽ മംഗലശേരി വി.പി.സജിലേഷ് എന്നിവരാണു മറ്റു പ്രതികൾ.

ആർഎസ്എസ് കണ്ണൂർ ജില്ലാ ശാരീരിക് ശിക്ഷൺ പ്രമുഖായിരുന്ന മനോജ് 2014 സെപ്റ്റംബർ ഒന്നിനാണു കൊല്ലപ്പെട്ടത്. സിപിഎം പ്രവർത്തകരും അനുഭാവികളുമായവരുടെ കുടുംബത്തിലെ അംഗമായിരുന്ന മനോജ്, പിതാവിന്റെ മരണശേഷം ആർഎസ്എസിലേക്ക് ആകർഷിക്കപ്പെട്ടു. കണ്ണൂരിൽ പ്രവർത്തകർ സിപിഎം വിട്ടുപോവുന്ന പ്രവണത തടയാനായി 1997ൽതന്നെ മനോജിനെ കൊലപ്പെടുത്താൻ ശ്രമം നടന്നിരുന്നു. ഇതിനിടെ 1999ൽ പി.ജയരാജനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മനോജും പ്രതിയായി. 2009ൽ വീണ്ടും മനോജിനെ വധിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടെന്നാണു അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.