Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുന്നൂലം ഭവന്‍ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി; നിയമനം ആറുമാസത്തേക്ക്

Munnoolam-bHavan-Namboothiri മൂന്നൂലം ഭവന്‍ നമ്പൂതിരി

ഗുരുവായൂര്‍∙ ഗുരുവായൂർ ക്ഷേത്രം മേല്‍ശാന്തിയായി ഓതിക്കന്‍ കുടുംബാംഗം ഗുരുവായൂര്‍ സ്വദേശി മുന്നൂലം ഭവന്‍ നമ്പൂതിരി (45) തിരഞ്ഞെടുക്കപ്പെട്ടു. ഏപ്രില്‍ ഒന്നു മുതല്‍ ആറുമാസത്തേക്കാണു നിയമനം. രണ്ടാം തവണയാണു ഭവന്‍ നമ്പൂതിരി മേല്‍ശാന്തിയാകുന്നത്.

2014 ഒക്ടോബര്‍ മുതല്‍ ആറുമാസം ക്ഷേത്രത്തില്‍ മേല്‍ശാന്തിയായിരുന്നു. പാരമ്പര്യാവകാശമുള്ള കുടുംബാംഗമായതിനാല്‍ 21 വര്‍ഷമായി ക്ഷേത്രത്തില്‍ പൂജകള്‍ ചെയ്തു വരുന്നുണ്ട്. ഉച്ചപ്പൂജയ്ക്കു ശേഷം ക്ഷേത്രത്തിനകത്തു നമസ്‌കാരമണ്ഡപത്തില്‍ ഭക്തരുടെയും ദേവസ്വം അധികൃതരുടെയും സാന്നിധ്യത്തിലായിരുന്നു നറുക്കെടുപ്പ്.

തന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ യോഗ്യത നേടിയ 39 പേരുകള്‍ വായിച്ചു വെള്ളിക്കുടത്തില്‍ നറുക്കിട്ടു. ഇപ്പോഴത്തെ മേല്‍ശാന്തി ഇ.പി.കൃഷ്ണന്‍ നമ്പൂതിരിയാണു നറുക്കെടുത്തത്. തന്ത്രി ചേന്നാസ് നാരായണന്‍ നമ്പൂതിരിപ്പാട്, ഊരാളന്‍ മല്ലിശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, ദേവസ്വം ചെയര്‍മാന്‍ കെ.ബി.മോഹന്‍ദാസ്, അഡ്മിനിസ്‌ട്രേറ്റര്‍ സി.സി.ശശിധരന്‍, ഭരണസമിതിയംഗങ്ങള്‍, ഭക്തജനങ്ങള്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു നറുക്കെടുപ്പ്.

42 അപേക്ഷകരെയാണു കൂടിക്കാഴ്ചയ്ക്കു തന്ത്രി ക്ഷണിച്ചിരുന്നത്. രാവിലെ മുതല്‍ ദേവസ്വം ഓഫിസില്‍ തന്ത്രിയുമായി നടന്ന കൂടിക്കാഴ്ചയില്‍ 39 പേര്‍ യോഗ്യത നേടി. മാര്‍ച്ച് 31നു രാത്രി ചുമതലയേല്‍ക്കും. ആറു മാസം പുറപ്പെടാശാന്തിയായി ക്ഷേത്രത്തില്‍ തന്നെ താമസിച്ച് പൂജകള്‍ നിര്‍വഹിക്കും.