Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒൻപതാം ദിവസവും ബഹളത്താൽ സഭ പിരിഞ്ഞു; ചർച്ചയില്ലാതെ ബില്ലുകൾ പാസാക്കി സർക്കാർ

Sumithra-Mahajan ലോക്സഭയിലെ ബഹളത്തിനിടെ സ്പീക്കർ സുമിത്ര മഹാജൻ.

ന്യൂഡൽഹി∙ പ്രതിപക്ഷ ബഹളങ്ങൾക്കൊടുവിൽ തുടർച്ചയായ ഒൻപതാം ദിവസവും ലോക്സഭയും രാജ്യസഭയും പിരിഞ്ഞു. ആന്ധ്രയ്ക്ക് പ്രത്യേക പദവി ആവശ്യപ്പെട്ട് ഭരണകക്ഷിയിൽപ്പെട്ട തെലങ്കാന രാഷ്ട്ര സമിതിയും (ടിആർഎസ്) തെലുങ്കുദേശം പാർട്ടിയും (ടിഡിപി) പ്രതിഷേധം തുടരുകയാണ്. ഇതോടൊപ്പം പിഎൻബി തട്ടിപ്പു കേസിനെതിരെ പ്രതിപക്ഷ പാർട്ടികളും നടുത്തളത്തിലിറങ്ങി പ്രതിഷേധം തുടർന്നതോടെയാണ് ഇരുസഭകളും ഇന്നത്തേക്കു പിരിച്ചുവിടേണ്ടി വന്നത്.

ലോക്സഭ ബഹളമയമായതിനെത്തുടർന്നു സ്പീക്കർ സുമിത്ര മഹാജൻ ആദ്യം ഉച്ച വരെ നിര്‍ത്തിവച്ചു. പിന്നീടും പ്രതിഷേധം തുടർന്നതോടെയാണു സഭ ഇന്നത്തേക്കു പിരിഞ്ഞത്. രാജ്യസഭ രണ്ടു തവണയാണു നിർത്തിവച്ചത്. ആദ്യം രണ്ടു മണി വരെ; ശേഷം പുനഃരാരംഭിച്ചെങ്കിലും പ്രതിഷേധത്തെത്തുടർന്ന് മൂന്നു വരെ വീണ്ടും നിർത്തി. മൂന്നിനും പ്രതിഷേധം തുടർന്നതോടെയാണു ഡപ്യൂട്ടി ചെയർമാൻ പി.ജെ.കുര്യൻ രാജ്യസഭ ഇന്നത്തേക്കു പിരിച്ചുവിട്ടത്.

ലോക്സഭയിൽ അതിനിടെ പേയ്മെന്റ് ഓഫ് ഗ്രാറ്റുവിറ്റി ഭേദഗതി ബില്ലും സ്പെസിഫിക് റിലീഫ് ഭേദഗതി ബില്ലും സർക്കാർ പാസാക്കിയെടുത്തു. ശബ്ദവോട്ടോടെയാണു ബില്ലുകൾ പാസാക്കിയത്. അതേസമയം ബില്ലുകളിന്മേൽ ചർച്ച വേണമെന്നു കോൺഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ ആവശ്യപ്പെട്ടു. എന്നാൽ ചർച്ച സാധ്യമാകാത്ത വിധം ബഹളം തുടർന്നതോടെ ബിൽ പാസാക്കാനുള്ള നടപടികളുമായി സ്പീക്കർ മുന്നോട്ടു പോവുകയായിരുന്നു.

പ്രസവാവധിക്കാലം സർവീസിന്റെ തുടർച്ചയായി ഒപ്പം ചേർക്കണമെന്നു വ്യവസ്ഥ ചെയ്യുന്നതും നിയമഭേദഗതിയില്ലാതെ തന്നെ ഗ്രാറ്റുവിറ്റിയിൽ മാറ്റം വരുത്താൻ കേന്ദ്രത്തിന് അധികാരം നൽകുന്നതുമായ ബില്ലാണു പാസാക്കിയതിൽ ഒന്ന്. ഇതു പാസാക്കുന്നതിനു പ്രതിപക്ഷത്തിന്റെ സഹായം കേന്ദ്രം അഭ്യര്‍ഥിച്ചിരുന്നു. വനിതാജീവനക്കാർക്കു ഗുണമുള്ള നീക്കമാണു ബില്ലുകൾ പാസാക്കിയതിലൂടെ സാധ്യമായതെന്നു തൊഴിൽ മന്ത്രി സന്തോഷ് കുമാർ ഗാംഗ്‌വാർ പറഞ്ഞു.

ബിസിനസ് കരാറുകളിൽ ലംഘനം നടത്തി ഇടപാടുകളിൽ നഷ്ടമുണ്ടായാൽ അതിനു കാരണക്കാരായവരിൽ നിന്നു നഷ്ടപരിഹാരം വാങ്ങാൻ സഹായിക്കുന്നതാണു സ്പെസിഫിക് റിലീഫ് ബില്ലിലെ ഭേദഗതി. അത്തരം സംഭവങ്ങളിൽ കോടതിയുടെ ഇടപെടൽ പരമാവധി കുറയ്ക്കാൻ ഭേദഗതിയിലൂടെ സാധിക്കുമെന്നും കേന്ദ്രം വ്യക്തമാക്കി.

ലോക്സഭയിൽ ചോദ്യോത്തര വേളയുടെ ആരംഭത്തിൽ തന്നെ പ്രതിപക്ഷം പ്ലക്കാർഡുകളുമായി നടുത്തളത്തിലേക്കിറങ്ങിയിരുന്നു. ഇടത് എംപിമാരാകട്ടെ സീറ്റിൽത്തന്നെയിരുന്നു കൊണ്ടാണു മുദ്രാവാക്യം വിളിച്ചത്. ചോദ്യത്തിന് ഉത്തരം പറഞ്ഞു തുടങ്ങിയതോടെ പ്രതിപക്ഷശബ്ദം ഉച്ചത്തിലായി. സഭയുടെ സുഗമമായ നടത്തിപ്പിനു കേന്ദ്രമന്ത്രിമാർ പലതവണ ആഹ്വാനം നടത്തിയെങ്കിലും ബഹളം തുടർന്നു. അതോടെ 12 മണിവരെ സഭ നിർത്തി. വീണ്ടും ആരംഭിച്ചെങ്കിലും ഏതാനും മിനിറ്റുകൾക്കകം ഇന്നത്തേക്കു പിരിഞ്ഞു.

കഴിഞ്ഞദിവസം ബഹളത്തിനിടെ ചർച്ച കൂടാതെ 96 ലക്ഷം കോടി രൂപയുടെ ധനാഭ്യർഥനയും വ്യയ നിർദേശങ്ങളും ധനകാര്യ ബില്ലും ലോക്സഭ 25 മിനിറ്റു കൊണ്ടു പാസാക്കിയെടുത്തിരുന്നു. ചർച്ച പൂർത്തിയാക്കാൻ കഴിയാത്ത ധനാഭ്യർഥനകളും അനുബന്ധ നിർദേശങ്ങളും ‘ഗില്ലറ്റിൻ’ ചെയ്യുന്നതു പതിവാണെങ്കിലും ഇത്തവണ എല്ലാ നിർദേശങ്ങളും ചർച്ചയില്ലാതെ പാസാക്കുകയായിരുന്നു. മാർച്ച് അഞ്ചിനു ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടം തുടങ്ങിയ ശേഷം പ്രതിപക്ഷ ബഹളത്തെത്തുടർന്നു പാർലമെന്റിന്റെ ഇരുസഭകളും പ്രവര്‍ത്തിച്ചിട്ടില്ല.

related stories