Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചെങ്ങന്നൂരിൽ ബിജെപി സ്ഥാനാർഥി ശ്രീധരൻ പിള്ള തന്നെ; തിരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു

chengannur-candidates പി.എസ്. ശ്രീധരൻ പിള്ള, ഡി. വിജയകുമാർ, സജി ചെറിയാൻ

ചെങ്ങന്നൂർ∙ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി പി.എസ്. ശ്രീധരന്‍പിള്ളയെ പ്രഖ്യാപിച്ചു. ബിജെപി കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയുടേതാണ് പ്രഖ്യാപനം. മുന്‍തിര‍ഞ്ഞെടുപ്പില്‍ മികച്ച പോരാട്ടം കാഴ്ചവച്ച ശ്രീധരന്‍ പിള്ളയ്ക്കു മണ്ഡലത്തിലുള്ള ജനസ്വാധീനം കണക്കിലെടുത്താണ് തീരുമാനം.

ബിജെപിയോടു കടുത്ത നിലപാടുമായി ബിഡിജെഎസ് രംഗത്തെത്തിയത് മണ്ഡലത്തില്‍ ബിജെപിക്ക് പ്രതികൂലമാകും. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഹകരിക്കില്ലെന്ന് ബിഡിജെഎസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ബിജെപി കൂടി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതോടെ മണ്ഡലത്തിലെ മല്‍സരചിത്രം പൂര്‍ണമായി.

ഡി.വിജയകുമാര്‍ യുഡിഎഫിനായി ഇറങ്ങുമ്പോൾ സജി ചെറിയാനാണ് എൽ‌ഡിഎഫ് സ്ഥാനാര്‍ഥി. ആദ്യഘട്ടത്തില്‍ പിന്നിലേക്കുപോയ കോണ്‍ഗ്രസ് ഔദ്യോഗികമായി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് ഒരുപ‌ടി മുന്നിലെത്തിയിരുന്നു. മണ്ഡലത്തില്‍ സുപരിചതനും അഞ്ചു പതിറ്റാണ്ടിന്‍റെ രാഷ്ട്രീയ ചരിത്രവുമായാണ് ഡി.വിജയകുമാര്‍ മല്‍സരത്തിനിറങ്ങുന്നത്. വ്യക്തിബന്ധങ്ങളും മത–സാംസ്കാരിക സംഘടനകളിലെ സജീവ പ്രവര്‍ത്തകനെന്നതും വിജയകുമാറിന് നേട്ടമാകുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. മണ്ഡലത്തിലെ തദ്ദേശഭരണ സ്ഥാപനങ്ങളില്‍ കേരളകോണ്‍ഗ്രസുമായി ഐക്യം നിലനില്‍ക്കുന്നതും ഗുണംചെയ്യുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് ഉള്ളത്.

രണ്ടാംവട്ടവും സിപിഎം ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട സജി ചെറിയാന്‍റെ പാര്‍ട്ടിയിലെ സ്വീകാര്യതയും പാലീയേറ്റീവ് പ്രവര്‍ത്തനങ്ങളിലൂടെയും മറ്റും ജനങ്ങള്‍ക്കിടയിലുള്ള സ്വാധീനവും വോട്ടായി മാറുമെന്ന് സിപിഎം കണക്കുകൂട്ടുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ എല്‍ഡിഎഫ് കണ്‍വെന്‍ഷനുകള്‍ക്കു തുടക്കമാകും. പി.എസ്.ശ്രീധരന്‍പിള്ളയുടെ സ്ഥാനാര്‍ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ ബിജെപി കേന്ദ്രങ്ങളും ഉണര്‍ന്നുകഴിഞ്ഞു.