Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജയയുടെ ഓർമകൾ വോട്ടാക്കാൻ ദിനകരൻ; ‘അമ്മ മക്കൾ മുന്നേറ്റ കഴകം’ പാർട്ടി

TTV-Party പുതിയ പാർട്ടിയുടെ പതാക ടി.ടി.വി.ദിനകരൻ പുറത്തിറക്കുന്നു. ജയലളിതയുടെ ചിത്രം ആലേഖനം ചെയ്താണു പതാക തയാറാക്കിയിരിക്കുന്നത്. ചിത്രം: എഎൻഐ, ട്വിറ്റർ

ചെന്നൈ∙ തമിഴ്നാട്ടിൽ പുതിയ രാഷ്ട്രീയ പാർട്ടി കൂടി പിറന്നു. അണ്ണാ ഡിഎംകെ വിമത നേതാവും എംഎൽഎയുമായ ടി.ടി.വി.ദിനകരനാണു പുതിയ പാർട്ടി പ്രഖ്യാപിച്ചത്. ‘അമ്മ മക്കൾ മുന്നേറ്റ കഴകം’ എന്നാണു പാർട്ടിയുടെ പേര്. തമിഴ്നാട് മുൻ മുഖ്യമന്ത്രി ജെ.ജയലളിതയുടെ ആശയങ്ങളും ലക്ഷ്യങ്ങളും അടിസ്ഥാനമാക്കിയായിരിക്കും പാർട്ടിയുടെ പ്രവർത്തനമെന്നു ദിനകരൻ വ്യക്തമാക്കി.

മധുരയിൽ ആയിരക്കണക്കിനു പ്രവർത്തകരെ സാക്ഷിയാക്കിയായിരുന്നു പാർട്ടി പ്രഖ്യാപനം. ജയലളിത, എംജിആർ, വി.കെ.ശശികല എന്നിവരുടെ വലിയ കട്ടൗട്ടുകളും വേദിക്കു സമീപം ഉയർത്തിയിരുന്നു. ജയലളിതയുടെ ചിത്രമുള്ള പാർട്ടി പതാകയും ദിനകരൻ പുറത്തിറക്കി. തമിഴ് ചലച്ചിത്രതാരം കമൽ ഹാസൻ ‘മക്കൾ നീതി മയ്യം’ എന്ന പേരിൽ പാർട്ടി പ്രഖ്യാപിക്കുകയും നടൻ രജനീകാന്ത് രാഷ്ട്രീയ പ്രവേശനത്തിനു തയാറെടുക്കുകയും ചെയ്യുമ്പോഴാണു പുതിയ പാർട്ടിയുമായി ദിനകരന്റെ രംഗപ്രവേശം.

അണ്ണാ ഡിഎംകെയെ വഞ്ചകരുടെ നിയന്ത്രണത്തിൽനിന്നു മോചിപ്പിക്കാൻ പുതിയ രാഷ്ട്രീയ പാർട്ടിക്കു രൂപം നൽകുമെന്ന് ആർകെ നഗർ എംഎൽഎ ആയ ദിനകരൻ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. തമിഴ്നാട്ടിൽ ബജറ്റ് അവതരിപ്പിക്കുന്ന ദിവസം തന്നെയാണു ദിനകരന്റെ രാഷ്ട്രീയ പാർട്ടി പ്രഖ്യാപനവുമുണ്ടായത്. അമ്മയുടെയും (അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിത), ചിന്നമ്മയുടെയും (അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന ശശികല) എംജിആറിന്റെയും ആശിർവാദത്തോടെയാണ് പാർട്ടി പ്രഖ്യാപനമെന്നു ദിനകരൻ അവകാശപ്പെട്ടു.

TTV-Party1 ടി.ടി.വി.ദിനകരന്റെ പാർട്ടി പ്രഖ്യാപനത്തിന് എത്തിയ പ്രവർത്തകർ. ജയലളിത, ശശികല തുടങ്ങിയവരുടെ കൂറ്റൻ കട്ടൗട്ടുകളും കാണാം. ചിത്രം: എഎൻഐ, ട്വിറ്റർ

പ്രഷർ കുക്കർ ചിഹ്നം അനുവദിച്ചു ഡൽഹി ഹൈക്കോടതി വിധി വന്ന പശ്ചാത്തലത്തിലാണു പാർട്ടി പ്രഖ്യാപനം. അണ്ണാ ഡിഎംകെയുമായി തെറ്റിപ്പിരിഞ്ഞ് ആർകെ നഗർ ഉപതിരഞ്ഞടുപ്പിൽ സ്വതന്ത്രനായി മൽസരിച്ച ദിനകരൻ തകർപ്പൻ വിജയം സ്വന്തമാക്കിയിരുന്നു. അണ്ണാ ഡിഎംകെയുടെ ഇ.മധുസൂദനനെയാണു തോൽപ്പിച്ചത്. അണ്ണാ ഡിഎംകെയിൽത്തന്നെ തനിക്ക് 22 എംഎൽഎമാരുടെ പിന്തുണയുണ്ടെന്നാണു ദിനകരന്റെ അവകാശവാദം. സ്പീക്കർ അയോഗ്യരാക്കിയ 18 എംഎൽഎമാർ ഉൾപ്പെടെയാണിത്.