Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ഇടപെടൽ, സൈബർ ആക്രമണം; റഷ്യയെ പ്രതിക്കൂട്ടിലാക്കി യുഎസ്

Donald Trump and Vladimir Putin

വാഷിങ്ടൻ ∙ 2016ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ഇടപെടൽ, യുഎസിനെതിരായ സൈബർ ആക്രമണം തുടങ്ങിയ വിഷയങ്ങളിൽ റഷ്യയെ പ്രതിക്കൂട്ടിലാക്കി യുഎസ്. ഇതുമായി ബന്ധപ്പെട്ട് ഒരു സംഘം റഷ്യൻ പൗരൻമാർക്കും റഷ്യൻ രഹസ്യാന്വേഷണ വിഭാഗം ഉൾപ്പെടെ വിവിധ സംഘടനകൾക്കും യുഎസ് വിലക്കേർപ്പെടുത്തുകയും ചെയ്തു. ഡോണൾഡ് ട്രംപ് പ്രസിഡന്റായ ശേഷം റഷ്യയ്ക്കെതിരെ യുഎസ് സ്വീകരിക്കുന്ന ഏറ്റവും ശക്തമായ നടപടിയാണിത്.

യുഎസിലെ ഊർജ, ആണവ, ജല വിഭാഗങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കമ്പനികളുടെയും സംഘടനകളുടെയും കംപ്യൂട്ടറുകളിൽ നടന്ന സൈബർ ആക്രമണത്തിനു പിന്നിൽ റഷ്യ ആണെന്നാണ് യുഎസിന്റെ ആരോപണം. ഈ ആക്രമണങ്ങൾ‌ക്കു കാരണമായി കണ്ടെത്തിയ മാൽവെയറുകൾക്ക് ‘റഷ്യൻ ബന്ധ’മുണ്ടെന്നും യുഎസ് ആരോപിക്കുന്നു. നടപടിക്കു വിധേയരായ വ്യക്തികളുടെയും സംഘടനകളുടെയും യുഎസിലെ സ്വത്തുക്കൾ മരവിപ്പിക്കും. യുഎസ് പൗരൻമാർക്ക് ഇവരുമായുള്ള വാണിജ്യ ഇടപെടലുകൾക്കും വിലക്കു വരും.

ഇതിനു പുറമെ 2016ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റഷ്യ ഇടപെട്ടെന്ന ആരോപണവുമുണ്ട്. ഹിലറി ക്ലിന്റനെതിരെ ഡോണൾഡ് ട്രംപിന്റെ ജയം ഉറപ്പാക്കാൻ റഷ്യ ഇടപെട്ടെന്ന ആരോപണം നേരത്തെ മുതലുണ്ട്. ഈ വിഷയത്തിൽ പ്രസിഡന്റ് ട്രംപും പ്രതിക്കൂട്ടിലാണ്. അതേസമയം, യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഇടപെട്ടെന്ന ആരോപണം തുടക്കം മുതൽ റഷ്യ നിഷേധിച്ചുവരികയാണ്.

അതിനിടെ, ആരോപണ വിധേയരിൽ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി ഉറ്റ ബന്ധം പുലർത്തുന്ന റഷ്യൻ ഉദ്യോഗസ്ഥർക്കെതിരെ യുഎസ് ഭരണകൂടം നടപടിയെടുത്തിട്ടില്ലെന്നും ആക്ഷേപമുണ്ട്.