Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വി.മുരളീധരൻ എതിരില്ലാതെ രാജ്യസഭയിലേക്ക്; ചെങ്ങന്നൂരിൽ നേട്ടമാകുമെന്ന് ബിജെപി

v-muraleedharan വി. മുരളീധരൻ

ന്യൂഡൽഹി∙ ബിജെപി ദേശീയ നിർവാഹക സമിതി അംഗവും കേരള ഘടകം മുൻ അധ്യക്ഷനുമായ വി.മുരളീധരൻ രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. മഹാരാഷ്ട്രയിൽ ബിജെപിക്ക് അവകാശപ്പെട്ട മൂന്നു സീറ്റിലേക്കു നാലു സ്ഥാനാർഥികൾ പത്രിക നൽകിയിരുന്നു. ഇവരിൽ ഒരാൾ പത്രിക പിൻവലിച്ചതോടെയാണു വോട്ടെടുപ്പ് ഒഴിവായി മുരളീധരനു രാജ്യസഭാംഗത്വം ലഭിച്ചത്. മഹാരാഷ്ട്രയില്‍നിന്നു പത്രിക സമര്‍പ്പിച്ച ആറു പേരും തിരഞ്ഞെടുക്കപ്പെട്ടു. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് അടുത്തിരിക്കെ, മുരളീധരന്റെ രാജ്യസഭാംഗത്വം കേരളത്തിലെ ബിജെപിക്ക് ഉണർവേകും.

പ്രതിപക്ഷത്തിന്റെ പ്രത്യേകിച്ചും കോൺഗ്രസിന്റെ വോട്ടുകൾ പിളർത്തുകയെന്നു ലക്ഷ്യത്തോടെ രാജ്യസഭയിലേക്കു ഗുജറാത്തിലും ഉത്തർപ്രദേശിലും മഹാരാഷ്ട്രയിലും ഉറപ്പില്ലാത്ത സീറ്റുകളിലേക്കും ബിജെപിക്കു സ്ഥാനാർഥിയെ നിർത്തിയിരുന്നു. മഹാരാഷ്ട്രയിലെ ആറു സീറ്റിൽ മൂന്നെണ്ണം ബിജെപിയും ശിവസേനയും കോൺഗ്രസും എൻസിപിയും ഓരോ സീറ്റും ജയിക്കുമെന്നതാണു സ്ഥിതി. എന്നാൽ, സംസ്ഥാന വനിതാ കമ്മിഷൻ അധ്യക്ഷ വിജയ രഹത്കറും ബിജെപി സ്ഥാനാർഥിയായി പത്രിക നൽകിയിരുന്നു. അവസാന ദിവസമായ ഇന്നു വിജയ രഹത്കർ പത്രിക പിൻവലിച്ചതോടെയാണു മത്സരം ഒഴിവായത്.

കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ, മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി നാരായൺ റാണെ എന്നിവരാണു മുരളീധരനു പുറമെ ജയിച്ച ബിജെപി സ്ഥാനാർഥികൾ. മുതിർന്ന പത്രപ്രവർത്തകൻ കുമാർ കേത്കർ (കോൺഗ്രസ്), അനിൽ ദേശായി (ശിവസേന), വന്ദന ചവാൻ (എൻസിപി) എന്നീ സ്ഥാനാർഥികളും വിജയിച്ചു. ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിക്കു രാജ്യസഭാ സീറ്റു ലഭിക്കുമെന്ന അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടെയാണു വി.മുരളീധരനു ബിജെപി കേന്ദ്രനേതൃത്വം രാജ്യസഭാ ടിക്കറ്റ് നൽകിയത്. പരിചയസമ്പത്തിനു പുറമെ സാമുദായിക പരിഗണനയും മുരളീധരന് അനുകൂല ഘടകമായി.

related stories