Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സംസ്കാരത്തെ ബഹുമാനിക്കണം; ഇന്ത്യയിൽ ബിക്കിനി ധരിക്കരുത്: കണ്ണന്താനം

Alphons Kannanthanam കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം. ഫയൽചിത്രം∙ മനോരമ

ന്യൂഡൽഹി∙ വിദേശ സഞ്ചാരികള്‍ ഇന്ത്യയുടെ സംസ്‌കാരത്തിനു യോജിക്കുന്ന വസ്ത്രധാരണം നടത്തണമെന്നു കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോൻസ് കണ്ണന്താനം. വിദേശ സഞ്ചാരികള്‍ ഇന്ത്യയില്‍ ബിക്കിനി ധരിച്ചു നടക്കരുത്. വിദേശ രാജ്യങ്ങളില്‍ ബിക്കിനി ധരിച്ചു പുറത്തിറങ്ങുന്നത് അവിടുത്തെ രീതിയാണ്. ഇന്ത്യയിലെത്തുമ്പോള്‍ ഈ നാടിന്റെ സംസ്കാരവും പാരമ്പര്യലും ബഹുമാനിക്കാന്‍ ബാധ്യതയുണ്ടെന്നും കണ്ണന്താനം പറഞ്ഞു.

പ്രദേശിക സംസ്‌കാരത്തെ ഉള്‍ക്കൊള്ളാന്‍ വിദേശികള്‍ തയാറാകണമെന്നും ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ കണ്ണന്താനം വ്യക്തമാക്കി. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ ബിക്കിനി പോലുള്ള വസ്ത്രങ്ങള്‍ അംഗീകരിക്കുന്നുണ്ട്. എന്നാല്‍ മറ്റു രാജ്യങ്ങളിലെത്തുമ്പോള്‍ ആ രാജ്യത്തിന്റെ സംസ്‌കാരം ഉൾക്കൊള്ളണം. ഗോവയിൽ ബിക്കിനി ധരിച്ചവരെ ധാരാളം കാണാമല്ലോ എന്ന ചോദ്യത്തിന്, അതു ബീച്ചിലാണെന്നും നഗരത്തിൽ അല്ലെന്നുമായിരുന്നു മറുപടി.

എന്തു ധരിക്കാനും വ്യക്തിക്കു സ്വാതന്ത്ര്യമുണ്ട്. എന്നാൽ എന്റെ സ്വാതന്ത്ര്യം നിങ്ങളുടെ സ്വാതന്ത്ര്യത്തെ ബാധിക്കരുത്. പരസ്പരം ബഹുമാനിക്കണം. ഇന്ത്യയിലെത്തുന്നവർ സാരി ധരിക്കണമെന്നല്ല പറയുന്നത്. ഇന്ത്യക്കാർ ഇന്ത്യ മുഴുവൻ കാണണം. ഓരോ സംസ്ഥാനക്കാരും ഇതര സംസ്ഥാനങ്ങൾ സന്ദർശിക്കണമെന്നും കണ്ണന്താനം പറഞ്ഞു. 

വിദേശ സഞ്ചാരികള്‍ അവരുടെ രാജ്യത്തുനിന്നു ബീഫ് കഴിച്ചതിനുശേഷം മാത്രം ഇന്ത്യയിലേക്കെത്തിയാല്‍ മതിയെന്ന കണ്ണന്താനത്തിന്റെ പ്രസ്താവന വിവാദമായിരുന്നു. ടൂറിസം വളരാൻ ‘നൈറ്റ് ലൈഫ്’ വേണമെന്നും രാത്രി വിനോദം ടൂറിസം സംസ്കാരത്തിന്റെ ഭാഗമാകണമെന്നും ആവശ്യപ്പെട്ടതിന്റെ അടുത്തദിവസമാണ് കണ്ണന്താനത്തിന്റെ ബിക്കിനി പരാമർശം വന്നത്.