Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുഹൃത്തുക്കളെ മറക്കരുത്, ഒരു ‘ചാണക്യനും’ ബിജെപിയെ രക്ഷിക്കാനാകില്ല: ശിവസേന

Uddhav Thackeray, Shiv Sena ശിവസേന നേതാവ് ഉദ്ധവ് താക്കറെ. (ഫയൽ ചിത്രം)

മുംബൈ∙ അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കു ലഭിക്കുന്ന സീറ്റുകളുടെ എണ്ണം 110 ആയി കുറയുമെന്നു ശിവസേന. ‘അഹങ്കാരവും ധാർഷ്ട്യവും’ നിറഞ്ഞ ഭരണത്തിനുള്ള മറുപടിയാണു ബിജെപിക്ക് ഉത്തർപ്രദേശ് ഉപതിരഞ്ഞെടുപ്പിൽ ലഭിച്ചതെന്നും മുഖപത്രമായ ‘സാമ്ന’യിലെ മുഖപ്രസംഗത്തിൽ ശിവസേന വ്യക്തമാക്കി.

സുഹൃത്തുക്കളെ ഉപേക്ഷിച്ചു മുന്നോട്ടു പോകുന്നവരെയും യാത്രയ്ക്ക് നുണകളുടെ വഴി തിരഞ്ഞെടുക്കുന്നവരെയും കാത്തിരിക്കുന്നതു നഷ്ടങ്ങൾ മാത്രമാണ്. അങ്ങനെ വീഴ്ച സംഭവിക്കുമ്പോൾ ഒരു ‘ചാണക്യനും’ ബിജെപിയെ രക്ഷിക്കാനാകില്ലെന്നും ശിവസേന ആഞ്ഞടിച്ചു. ബിജെപിയിൽനിന്ന് അര്‍ഹമായ പരിഗണന ലഭിച്ചില്ലെന്നാരോപിച്ച് ചന്ദ്രബാബു നായിഡുവിന്റെ ടിഡിപി എൻഡിഎ സഖ്യം വിട്ടുപോയ ദിവസം തന്നെയാണ് ‘സാമ്ന’യിലെ ലേഖനം.

പാർലമെന്റിൽ ടിഡിപി അവിശ്വാസ പ്രമേയത്തിനു നോട്ടിസ് നൽകിയ സാഹചര്യത്തിൽ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനയുടെ പിന്തുണ ഉറപ്പാക്കാൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെ ബിജെപി കേന്ദ്ര നേതൃത്വം ചുമതലപ്പെടുത്തിയിരിക്കുകയാണ്. ശിവസേന നേതാവും കേന്ദ്രമന്ത്രിയുമായ അനന്ത് ഗീഥെയുമായി മുംബൈയിൽ അടച്ചിട്ട മുറിയിൽ ചർച്ചയും പൂർത്തിയാക്കി.

ബിജെപിക്ക് ശിവസേന പിന്തുണ ഉറപ്പു നൽകിയിട്ടുണ്ടെന്നാണു സൂചന. അതേസമയം തന്നെ മുന്നണി വിട്ടതിൽ ടിഡിപിയെ പ്രശംസിച്ചിട്ടുമുണ്ട്. ഇതോടൊപ്പമാണ് സുഹൃത്തുക്കളെ മറന്നു മുന്നോട്ടു പോയാൽ നാശമായിരിക്കും ഫലമെന്ന സാമ്നയിലെ ലേഖനം.

ചെറിയ സംസ്ഥാനമായ ത്രിപുരയിൽ ജയിച്ചെങ്കിലും ഗോരഖ്പുരിലും ഫുൽപുരിലും സംഭവിച്ച തോൽവി ബിജെപി ക്യാംപിനെ ഞെട്ടിച്ചിരിക്കുകയാണ്. മോദി സർക്കാർ അധികാരത്തിലെത്തിയ ശേഷം ഇതുവരെ 10 ലോക്സഭാ മണ്ഡലങ്ങളിലേക്ക് ഉപതിരഞ്ഞെടുപ്പ് നടന്നു. അവയിൽ ഒൻപതു സീറ്റിലും പാർട്ടിക്കു തോൽവിയായിരുന്നു. നേരത്തേ ലോക്സഭയിൽ 282 ബിജെപി എംപിമാരാണുണ്ടായിരുന്നത്. എന്നാൽ ഇപ്പോഴത് 272 ലേക്കു ചുരുങ്ങിയിരിക്കുന്നു.

മോദിയുടെയും അമിത് ഷായുടെയും നേതൃത്വത്തിൽ എല്ലാ ഉപതിരഞ്ഞെടുപ്പുകളിലും ബിജെപിക്കു തോൽവിയാണു ഫലം. കഴിഞ്ഞ വർഷം 325 സീറ്റുകളാണു യുപി നിയമസഭയിൽ ബിജെപി സ്വന്തമാക്കിയത്. 1991 മുതൽ യോഗി ആദിത്യനാഥിന്റെ കയ്യിൽ നിന്നു പോകാത്ത സീറ്റായിരുന്നു ഗോരഖ്പുരിലേത്. എന്നാൽ ഇപ്പോൾ മുഖ്യമന്ത്രിയായിരുന്നിട്ടു കൂടി സീറ്റു കൈവിട്ടു പോയി. ത്രിപുരയിൽ ഇടതുപക്ഷത്തെ തകർക്കാമെങ്കിൽ എന്തുകൊണ്ടു ഗോരഖ്പുരിൽ വിജയിക്കാൻ സാധിച്ചില്ല?

ബിഹാറിൽ രണ്ടു നിയമസഭാ സീറ്റിൽ തോറ്റതും ബിജെപിയുടെ അടിത്തറ നഷ്ടമാകുന്നതാണു വ്യക്തമാക്കുന്നത്. ഇതോടെ ഒരുകാര്യം ഉറപ്പായി– അടുത്ത വർഷം ബിജെപിക്ക് 280 സീറ്റ് കിട്ടില്ല. 100–110 സീറ്റിൽ ഒതുങ്ങുമെന്നും എഡിറ്റോറിയൽ വ്യക്തമാക്കുന്നു. മമതാ ബാനർജി പറഞ്ഞത് ഇത് ബിജെപിയുടെ പതനത്തിന്റെ തുടക്കമാണെന്നാണ്. ഇതു സത്യമാണോയെന്നറിയില്ല. പക്ഷേ ഒരു കാര്യം ഉറപ്പാണ്, 2014ൽ പാർട്ടിക്കൊപ്പം നിന്നവരാണ് ഇപ്പോൾ ബിജെപിയെ വിട്ടു പോയ്ക്കൊണ്ടിരിക്കുന്നതെന്നും ശിവസേന വ്യക്തമാക്കി.

related stories