Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ’: ജേക്കബ് തോമസിനെതിരെ വീണ്ടും കുറ്റപത്രം

jacob-thomas ഡിജിപി ജേക്കബ് തോമസ്.

തിരുവനന്തപുരം∙ ഡിജിപി ജേക്കബ് തോമസിനെതിരെ വീണ്ടും കുറ്റപത്രം നൽകാൻ സര്‍ക്കാർ. 'സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍' എന്ന പുസ്തകത്തിന്റെ പേരിലാണു നടപടി. പുസ്തകത്തിലെ പരാമര്‍ശങ്ങളില്‍ അന്വേഷണസമിതി ചട്ടലംഘനം കണ്ടെത്തിയതിയതിന്റെ അടിസ്ഥാനത്തിലാണു കുറ്റപത്രം നല്‍കുന്നത്.

പുറത്തിറക്കുമ്പോൾ മുതൽ വിവാദത്തിലാണു ‘സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ’ എന്ന പുസ്തകം. പുസ്തകം അനുമതിയില്ലാതെയാണു എഴുതിയതെന്നും സർവീസ് ചട്ടലംഘനമുണ്ടെന്നും ചീഫ് സെക്രട്ടറി നളിനി നെറ്റോ മുഖ്യമന്ത്രിക്കു റിപ്പോർട്ട് നൽകിയിരുന്നു. പുസ്തകത്തിൽ പതിനാലിടത്തു സർവീസ് ചട്ടം ലംഘിച്ചിട്ടുണ്ടെന്നാണു ചീഫ് സെക്രട്ടറി കണ്ടെത്തിയത്.

രാഷ്ട്രീയ നിഷ്പക്ഷത പാലിക്കണമെന്ന കേന്ദ്ര സർവീസ് ചട്ടം ലംഘിക്കപ്പെട്ടുവെന്നും ചീഫ് സെക്രട്ടറി കണ്ടെത്തിയിരുന്നു. സർവീസിലിക്കുന്ന ഉദ്യോഗസ്ഥനു സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ പുസ്തകമെഴുതാനാകില്ലെന്നാണു ചട്ടം. പുസ്തകമെഴുതാൻ ജേക്കബ് തോമസ് അനുമതി ചോദിച്ചത് 2016 ഒക്ടോബറിലാണ്. ഉള്ളടക്കം നൽകണമെന്ന് അന്നത്തെ ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടെങ്കിലും നൽകിയില്ല.

ഉള്ളടക്കം വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് ഏപ്രിൽ 22നു വീണ്ടും ചീഫ് സെക്രട്ടറി കത്ത് നൽകി. അതിനും മറുപടി ലഭിച്ചില്ല. വിപണിയിൽ ലഭ്യമായ പുസ്തകം പരിശോധിച്ചാണു ചട്ടലംഘനം കണ്ടെത്തിയത്. ഉള്ളടക്കം തിരുത്തിയ ശേഷം മാത്രമേ പുസ്തകത്തിന് അനുമതി നൽകാൻ പാടുള്ളൂവെന്നും റിപ്പോർട്ടിലുണ്ട്. സർവീസ് ചട്ടലംഘനം ചൂണ്ടിക്കാട്ടി പ്രതിപക്ഷത്തെ കെ.സി.ജോസഫ് എംഎൽഎ അടക്കമുള്ളവർ മുഖ്യമന്ത്രിക്കു പരാതി നൽകിയിരുന്നു.