Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫ്ലോറിഡയിൽ 100 വർഷം ആയുസ്സു പറഞ്ഞ നടപ്പാലം തകർന്നുവീണു; നാലു മരണം

Florida-International-University-Foot-Bridge-4 ഫ്ലോറിഡയിൽ തകർന്നുവീണ നടപ്പാലത്തിനടിയിൽ രക്ഷാപ്രവർത്തനം നടത്തുന്നവർ

മിയാമി∙ ഫ്ലോറിഡയിൽ നടപ്പാലം തകർന്നുവീണ് നാലു പേർ മരിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് ഇന്ത്യൻ സമയം 1.30ന് ഫ്ലോറിഡ ഇന്റർനാഷനൽ യൂണിവേഴ്സിറ്റിയിലാണു സംഭവം. എട്ടോളം വാഹനങ്ങൾ തകർന്നിട്ടുണ്ട്. പരുക്കേറ്റ പത്തു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്ഷാപ്രവർത്തനം തുടരുകയാണ്.

Florida International University Foot Bridge ഫ്ലോറിഡയിൽ നടപ്പാലം തകർന്നുവീണപ്പോൾ

ഡേഡ് കൗണ്ടിയിലെ സ്വീറ്റ് വാട്ടർ സിറ്റിയുമായി യൂണിവേഴ്സിറ്റി ക്യാംപസിനെ ബന്ധിപ്പിക്കുന്ന പാലമാണു തകർന്നത്. താഴെയുള്ള റോഡിൽ വാഹനങ്ങൾ ട്രാഫിക് സിഗ്നലിൽ നിർത്തിയിട്ട സമയത്താണ് പാലം തകർന്നുവീണതെന്നു ദൃക്സാക്ഷികൾ പറഞ്ഞു. ഇതാണു അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചതെന്നാണു പ്രാഥമിക നിഗമനം. പാലത്തിന്റെ വിവിധ ഭാഗങ്ങൾ ഇപ്പോഴും തകർന്നു വീഴാവുന്ന അവസ്ഥയിലാണെന്നും രക്ഷാപ്രവർത്തനം നടത്തുന്നവർ സൂക്ഷിക്കണമെന്നും നിർദേശമുണ്ട്.

Florida International University Foot Bridge ഫ്ലോറിഡയിൽ തകർന്നുവീണ നടപ്പാലത്തിനടിയിൽ രക്ഷാപ്രവർത്തനം നടത്തുന്നവർ

ശനിയാഴ്ച ആറു മണിക്കൂറുകൊണ്ടാണ് 174 അടി നീളമുള്ള പാലം എട്ടു വരി പാതയ്ക്കു മുകളിലൂടെ നിർമിച്ചതെന്ന് യൂണിവേഴ്സിറ്റി പറയുന്നു. ഓഗസ്റ്റിൽ റോഡു മുറിച്ചുകടക്കവെ പതിനെട്ടുകാരിയായ വിദ്യാർഥിനി മരിച്ചതിനെ തുടർന്നാണ് ഇത്തരത്തിലൊരു നടപ്പാലം നിർമിക്കാൻ യൂണിവേഴ്സിറ്റി തീരുമാനിച്ചത്. 14.2 മില്യൻ ഡോളർ ചിലവഴിച്ചു നിർമിച്ച പാലം കാറ്റഗറി 5ൽ പെടുന്ന കൊടുങ്കാറ്റിനെ പോലും തടയാൻ കഴിയുന്നതാണെന്നും 100 വർഷത്തെ ആയുസുണ്ടെന്നുമാണ് വിലയിരുത്തിയിരുന്നത്. യൂണിവേഴ്സിറ്റിയിലെ വിദ്യാർഥികൾ വസന്തകാലത്തിന്റെ ഭാഗമായുള്ള അവധിയിലാണ്.

Florida International University Foot Bridge ഫ്ലോറിഡയിൽ തകർന്നുവീണ നടപ്പാലത്തിനടിയിൽ രക്ഷാപ്രവർത്തനം നടത്തുന്നവർ