Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിഹാറിൽ നാൽക്കവലയ്ക്ക് മോദിയുടെ പേരിട്ടു; എഴുപതുകാരന് ദാരുണാന്ത്യം

Tej-Narayan രാമചന്ദ്ര യാദവിന്റെ മകൻ തേജ് നാരായൺ സംഭവം വിവരിക്കുന്നു. (എഎൻഐ ട്വീറ്റ് ചെയ്ത ചിത്രം)

പട്ന ∙ ബിഹാറിൽ നാൽക്കവലയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിട്ടതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിനിടെ എഴുപതു വയസ്സുകാരനെ കഴുത്തറുത്തു കൊലപ്പെടുത്തിയതായി റിപ്പോർട്ട്. ദർഭംഗ ജില്ലയിൽ വ്യാഴാഴ്ചയുണ്ടായ സംഘർഷത്തിൽ രാമചന്ദ്ര യാദവ് എന്നയാളാണ് നിഷ്ഠൂരമായി കൊല ചെയ്യപ്പെട്ടത്. അൻപതോളം പേരടങ്ങുന്ന സംഘം ബൈക്കിലെത്തി ഹോക്കി സ്റ്റിക്കുകളും വാളുകളും ഉപയോഗിച്ച് രാമചന്ദ്ര യാദവിനെ ആക്രമിക്കുകയായിരുന്നുവെന്ന് മകൻ തേജ് നാരായൺ വ്യക്തമാക്കി.

സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ അറസ്റ്റ് ചെയ്തു. ഉപതിരഞ്ഞെടുപ്പു വിജയത്തിനു പിന്നാലെ കരുത്തുകാട്ടാൻ ശ്രമിച്ച ആർജെഡി അനുയായികളാണു കൊലപാതകത്തിനു പിന്നിലെന്നു തേജ് നാരായൺ ആരോപിച്ചു. മോദി ചൗക്കിൽ മോദിയുടെ ചിത്രം വച്ചതിനു തന്റെ സഹോദരൻ രണ്ടുവർഷം മുൻപു കൊല്ലപ്പെട്ടിരുന്നെന്നും അദ്ദേഹം പറഞ്ഞു.

2016ൽ ബിജെപി നേതാവായ തേജ് നാരായൺ ദർഭംഗയിലെ ഭാദ്‌വ ചൗക്കിന്റെ പേരുമാറ്റി പ്രധാനമന്ത്രി മോദിയുടെ പേരിട്ടിരുന്നു. മോദി ചൗക്ക് എന്ന പേരുമാറ്റി കവലയ്ക്ക് ആർജെഡി അധ്യക്ഷൻ ലാലുപ്രസാദ് യാദവിന്റെ പേരിടണമെന്ന വാദവുമായി മറ്റൊരുകൂട്ടർ പിന്നാലെ രംഗത്തെത്തി. ഇതേക്കുറിച്ചു വ്യാഴാഴ്ച  തർക്കമുണ്ടായപ്പോൾ ആൾക്കൂട്ടത്തോടു കാര്യങ്ങൾ വിശദീകരിക്കാൻ ചെന്നതായിരുന്നു രാംചന്ദ്ര യാദവ്.

മുതിർന്ന വ്യക്തിയെന്ന നിലയിൽ തന്റെ പിതാവ് കാര്യങ്ങൾ വിശദീകരിക്കാൻ ശ്രമിച്ചെങ്കിലും ആൾക്കൂട്ടം വാളുപയോഗിച്ച് തലയറുക്കുകയായിരുന്നെന്ന് തേജ് നാരായൺ പറഞ്ഞു. സംഭവത്തിൽ ഇടപെട്ട തന്റെ മൂത്ത സഹോദരനെതിരെയും വധശ്രമമുണ്ടായതായി തേജ് നാരായൺ വെളിപ്പെടുത്തി.

രണ്ടു വർഷം മുൻപ് തങ്ങളുടെ പ്രദേശത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പോസ്റ്റർ സ്ഥാപിച്ചതു മുതലാണ് എല്ലാ പ്രശ്നങ്ങളുടെയും തുടക്കം. ആർജെഡിയുടെ ശക്തികേന്ദ്രത്തിൽ പ്രധാനമന്ത്രിയുടെ ചിത്രം സ്ഥാപിച്ചത് അവർക്ക് ഇഷ്ടപ്പെട്ടില്ലെന്നും തേജ് നാരായൺ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട വിരോധത്തിലാണ് രണ്ടു വർഷം മുൻപ് സഹോദരനെ കൊലപ്പെടുത്തിയത്. പ്രദേശത്തെ നാൽക്കവലയ്ക്ക് പ്രധാനമന്ത്രിയുടെ പേരു നൽകിയതോടെ തന്റെ പിതാവിനെയും അവർ കൊലപ്പെടുത്തിയെന്ന് തേജ് നാരായൺ ചൂണ്ടിക്കാട്ടി.