Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘എന്റെ പുസ്തകം പ്രകാശനം ചെയ്യണമെങ്കിൽ ആരു പീഡിപ്പിച്ചു എന്നു പറയണം?’

Parvathy Shone പാർവതിയുടെ ഫെയ്സ്ബുക് പോസ്റ്റ്

കോട്ടയം∙ ‘എന്റെ ഒരു പുസ്തകം പ്രകാശനം ചെയ്യണമെങ്കിൽ ആരു പീഡിപ്പിച്ചു എന്നു പറയണമാവോ?’ പൂഞ്ഞാര്‍ എംഎല്‍എ പി.സി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജിന്റെ ഭാര്യ പാര്‍വതിയുടേതാണ് ആശങ്ക. പ്രമുഖ രാഷ്ട്രീയനേതാവിന്റെ മകൻ ട്രെയിൻ യാത്രയിൽ തന്നെ അപമാനിച്ചിട്ടുണ്ടെന്ന് ജോസ് കെ. മാണി എംപിയുടെ ഭാര്യ നിഷാ ജോസ് തന്റെ ജീവിതാനുഭവക്കുറിപ്പുകളുടെ സമാഹാരത്തിൽ വിവരിച്ചതിനു പിന്നാലെയാണ് പാർവതിയുടെ പോസ്റ്റ്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചോടെയായിരുന്നു പോസ്റ്റിട്ടത്. ഒട്ടേറെ പേർ ഇതിനു താഴെ കമന്റുകളുമായെത്തുന്നുണ്ട്. 

‘എന്റെ ഒരു പുസ്തകം പ്രകാശനം ചെയ്യണമെങ്കിൽ ആരു പീഡിപ്പിച്ചു എന്നു പറയണാവോ? ഷാരൂഖാൻ തോണ്ടി എന്നു പറഞ്ഞാലോ...അല്ലേൽ വേണ്ട, ടോം ക്രൂയിസ് കയറി പിടിച്ചു എന്നു പറയാം. എന്നാലേ മാർക്കറ്റിങ് പൊലിക്കുള്ളൂ...’–സരസമായി വിവരിക്കുന്നു പാർവതി. 

നിഷ എഴുതിയ ജീവിതാനുഭവക്കുറിപ്പുകളുടെ സമാഹാരമായ ‘ദി അദർ സൈഡ് ഓഫ് ദിസ് ലൈഫ്’ എന്ന പുസ്തകത്തിലാണ് പീഡനത്തെപ്പറ്റി പരാമർശിക്കുന്നത്.  തിരുവനന്തപുരത്തുനിന്നു കോട്ടയത്തേക്കുള്ള ട്രെയിൻ യാത്രയ്ക്കിടെ തനിക്കു നേരെ പീഡനമുണ്ടായെന്നാണു നിഷ വിവരിച്ചത്. എന്നാൽ വ്യക്തിയുടെ പേരു പറയുന്നില്ല. ചില സൂചനകൾ മാത്രം തരുന്നു.

തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ രാത്രി വൈകി തനിയെ കോട്ടയത്തേക്കു ട്രെയിൻ കയറാൻ എത്തിയപ്പോഴാണ് അയാളെ കണ്ടത്. മെലിഞ്ഞ യുവാവ് രാഷ്ട്രീയനേതാവായ സ്വന്തം അച്ഛന്റെ പേരു പറഞ്ഞാണ് പരിചയപ്പെട്ടത്. അപകടത്തിൽപ്പെട്ട് തിരുവനന്തപുരത്ത് ആശുപത്രിയിൽ കിടക്കുന്ന ഭാര്യാപിതാവിനെ കാണാൻ വന്നതാണെന്നും പറഞ്ഞു. ട്രെയിനിൽ കയറിയ അയാൾ അടുത്തു വന്നിരുന്നു സംസാരം തുടർന്നു. സഹികെട്ടപ്പോൾ ടിടിആറിനോട് പരാതിപ്പെട്ടു. ടിടിആർ നിസ്സഹായനായി കൈമലർത്തി. യുവാവും അയാളുടെ അച്ഛനെപ്പോലെയാണെങ്കിൽ ഇടപെടാൻ എനിക്കു പേടിയാണ് എന്നായിരുന്നു ടിടിആറിന്റെ മറുപടി.

‘നിങ്ങൾ ഒരേ രാഷ്ട്രീയ മുന്നണിയിൽ ഉൾപ്പെട്ടവരായതിനാൽ ഇത് ഒടുവിൽ എന്റെ തലയിൽ വീഴും’– ഇങ്ങനെ പറഞ്ഞ് ടിടിആർ ഒഴിവായി. തിരികെ സീറ്റിലെത്തിയിട്ടും സഹയാത്രികൻ ശല്യപ്പെടുത്തൽ തുടർന്നു. മൂന്നോ നാലോ തവണ അനാവശ്യമായി തന്റെ കാൽപാദത്തിൽ സ്പർശിച്ചു. അതോടെ അടുത്തുനിന്നു പോകാൻ അയാളോട് കർശനമായി പറഞ്ഞെന്നും വീട്ടിൽ എത്തിയശേഷം ഇക്കാര്യം ഭർത്താവ് ജോസ് കെ. മാണിയെ അറിയിച്ചെന്നും പുസ്തകത്തിൽ പറയുന്നു.