Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മന്ത്രി - എംഎൽഎ ശമ്പളവർധന: സർക്കാരിന് 44 ലക്ഷത്തിന്റെ അധികബാധ്യത

Kerala Legislative Assembly

തിരുവനന്തപുരം∙ മന്ത്രിമാരുടേയും എംഎല്‍എമാരുടേയും ശമ്പളം വര്‍ധിപ്പിച്ചതു വഴി ഒരുമാസം സര്‍ക്കാരിനു 44 ലക്ഷം രൂപയുടെ അധികബാധ്യത. എംഎല്‍എമാരുടെ മണ്ഡലം അലവന്‍സ് ഇരട്ടിയാക്കിയപ്പോള്‍ ടെലിഫോണ്‍ അനുകൂല്യം 7500ല്‍നിന്ന് പതിനൊന്നായിരം രൂപയാക്കി കൂട്ടി. സാമ്പത്തിക പ്രതിസന്ധി കാരണം മുണ്ടുമുറുക്കി ഉടുക്കണമെന്ന് ആവര്‍ത്തിക്കുമ്പോഴാണ് അടുത്തമാസം മുതല്‍ സര്‍ക്കാര്‍ അധികബാധ്യത ഏറ്റെടുക്കുന്നത്.

39,500 രൂപയില്‍നിന്ന് എഴുപതിനായിരം രൂപയായാണ് എംഎല്‍‌എമാരുടെ ശമ്പളം വര്‍ധിക്കുന്നത്. മാസം 12,000 രൂപ മണ്ഡലം അലവന്‍സ് ലഭിച്ചിരുന്നിടത്ത് ഇനി 25,000 രൂപ കിട്ടും. എങ്ങും പോയില്ലെങ്കിലും മിനിമം ഇരുപതിനായിരം രൂപ ബാറ്റ എഴുതിയെടുക്കാം. ടെലിഫോണ്‍ അനൂകൂല്യം 7500 ല്‍ നിന്ന് പതിനൊന്നായിരമായും ഒാഫിസ് അലവന്‍സ് മൂവായിരത്തില്‍ നിന്ന് എണ്ണായിരമായും ഉയര്‍ത്തി. എല്ലാം കൂടി കൂട്ടുമ്പോള്‍ നിലവില്‍ കിട്ടുന്നതിനേക്കാള്‍ 30,500 രൂപ അധികം.

118 പേര്‍ക്കായി മാസം 36 ലക്ഷം കണ്ടെത്തണം. വര്‍ഷം നാലരക്കോടി രൂപ. മന്ത്രിമാരും പ്രതിപക്ഷ നേതാവുമടക്കം കാബിനറ്റ് റാങ്കിലുള്ള 22 പേരുടെ ശമ്പളം 55,000ല്‍ നിന്ന് 90,000 രൂപയായാണ് ഉയര്‍ത്തിയിരിക്കുന്നത്. ഒരാള്‍ക്ക് 35,000 രൂപ കൂടുതലായി കണ്ടെത്തണം. ഈയിനത്തിലും വരും മാസം എട്ടുലക്ഷത്തോളം രൂപയുടെ അധികബാധ്യത.