Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇങ്ങനെ പോയാൽ ശരിയാകില്ല: നിരാശയും രോഷവും പ്രകടിപ്പിച്ച് വെങ്കയ്യ നായിഡു

Chandra Babu Naidu വെങ്കയ്യ നായിഡു രാജ്യസഭയില്‍.

ന്യൂഡൽഹി∙ തുടർച്ചയായ പത്താം ദിവസവും ചർച്ചകളൊന്നും നടക്കാതെ രാജ്യസഭ പിരിഞ്ഞതിൽ രോഷവും നിരാശയും പ്രകടിപ്പിച്ച് അധ്യക്ഷൻ വെങ്കയ്യ നായിഡു. ‘കഴിഞ്ഞ രണ്ടാഴ്ചയായി രാജ്യസഭയില്‍ ചർച്ചകളൊന്നും നടക്കാത്തതു വേദനാജനകമാണ്. എന്റെ ക്ഷമയെ പരീക്ഷിക്കരുത്. നമ്മൾ യാതൊന്നും ചെയ്യാതെ വെറുതെ രാജ്യസഭ ചേരുന്നു, പരസ്പരം അഭിസംബോധന ചെയ്യുന്നു, പിരിയുന്നു. ഇതാണു സ്ഥിതി’– പ്രതിപക്ഷ ബഹളത്തിനിടെ വെങ്കയ്യ നായിഡു പറഞ്ഞു.

കായികമായി ഇടപെട്ടല്ല ഏതെങ്കിലും ഒരു വിഷയത്തിൽ തീരുമാനമെടുക്കേണ്ടത്. ചർച്ചകൾക്കൊടുവിൽ ഒന്നുകിൽ സമവായത്തിലൂടെയോ അല്ലെങ്കിൽ ഭൂരിപക്ഷാഭിപ്രായത്തോടെയോ വേണം തീരുമാനങ്ങളെടുക്കേണ്ടതെന്നും വെങ്കയ്യ പറഞ്ഞു. ഉച്ചയ്ക്കു രണ്ടര വരെ നിർത്തിവച്ച രാജ്യസഭ വീണ്ടും ചേർന്നെങ്കിലും പ്രതിപക്ഷം ബഹളം തുടർന്നതോടെ ഇന്നത്തേക്കു പിരിയുകയായിരുന്നു.

ലോക്സഭയും പിരിഞ്ഞു

എൻഡിഎ സഖ്യം വിട്ടതിനു പിന്നാലെ പാർലമെന്റിലും സർക്കാരിനെതിരെ തിരിഞ്ഞു തെലുങ്കു ദേശം പാർട്ടി (ടിഡിപി). ലോക്സഭയിൽ ടിഡിപി നേതാവ് തൊട്ട നരസിംഹം അവിശ്വാസ പ്രമേയത്തിനു നോട്ടിസ് നൽകി. എന്നാൽ ലോക്സഭ ഇന്നത്തേക്കു പിരിഞ്ഞതിനാൽ നോട്ടിസ് പരിഗണിച്ചില്ല. അതേസമയം വൈഎസ്ആർ കോൺഗ്രസിന്റെയും ടിഡിപിയുടെയും അവിശ്വാസ പ്രമേയ നോട്ടിസുകൾക്കു കോൺഗ്രസ് ഉൾപ്പെടെ ഏഴു പാർട്ടികൾ പിന്തുണ പ്രഖ്യാപിച്ചതു സർക്കാരിനു തിരിച്ചടിയായി.

ഇക്കാര്യത്തിൽ ശിവസേന നിലപാടു പ്രഖ്യാപിച്ചിട്ടില്ല. ടിഡിപിയെ അവർ പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ ശിവസേന നേതാവും കേന്ദ്രമന്ത്രിയുമായ അനന്ത് ഗീഥെയുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ചർച്ച നടത്തി. മുംബൈയിൽ നടന്ന ചർച്ചയിലെ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. അവിശ്വാസ പ്രമേയത്തിന് അനുമതി നൽകിയാൽ ബിജെപിയെ പിന്തുണയ്ക്കണമെന്നാണ് ആവശ്യപ്പെട്ടതെന്ന് അറിയുന്നു. ശിവസേന ബിജെപിക്കു പിന്തുണ ഉറപ്പു നൽകിയെന്നും സൂചനയുണ്ട്.

ഇടതുപാർട്ടികൾ കൂടാതെ തൃണമൂൽ കോൺഗ്രസ്, അണ്ണാ ഡിഎംകെ, ബിജെഡി, തെലങ്കാനയിൽ നിന്നുള്ള എഐഎംഐഎം പാർട്ടികളും അവിശ്വാസ പ്രമേയത്തിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ആന്ധ്രയ്ക്കു പ്രത്യേക പദവി നൽകണമെന്ന വാഗ്ദാനം കേന്ദ്രം പാലിക്കുന്നില്ലെന്നാരോപിച്ചു വൈഎസ്ആർ കോൺഗ്രസ് വെള്ളിയാഴ്ച അവിശ്വാസ പ്രമേയത്തിനു നോട്ടിസ് നൽകിയിരുന്നു. ഇതിനു വ്യാഴാഴ്ച ടിഡിപി പിന്തുണയും പ്രഖ്യാപിച്ചു.

എന്നാൽ മുന്നണിയുടെ ഭാഗമായിരിക്കെ അത്തരമൊരു നീക്കം ശരിയല്ലെന്നു ഹൈദരാബാദിൽ പാർട്ടി അധ്യക്ഷൻ ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിൽ ചേർന്ന ടിഡിപി പൊളിറ്റ് ബ്യൂറോ യോഗം വിലയിരുത്തി. തുടർന്നാണു പിന്തുണ പിൻവലിക്കാനും സ്വന്തമായി അവിശ്വാസ പ്രമേയ നോട്ടിസ് നൽകാനും തീരുമാനിച്ചത്.