Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാജ്പേയി പോയി, മോദി വന്നു; ഇതളുകൾ കൊഴിഞ്ഞ് ‘താമരമുന്നണി’

പി. സനിൽകുമാർ
Author Details
Follow Facebook
chandrababu-naidu-narendra-modi ചന്ദ്രബാബു നായിഡു പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം. (ഫയൽ ചിത്രം)

താമരയിലെ ഒരിതൾ കൂടി കൊഴിഞ്ഞു. എൻഡിഎയുടെ ജലപ്പരപ്പിൽ ഇപ്പോൾ ഓളങ്ങളില്ലെങ്കിലും അലയൊലികളിൽ 2019ൽ ‘താമരമുന്നണി’യെ അടിമുടി ഇളക്കാൻ കരുത്തുള്ള ചെറുചുഴലിയാണിത്. ശിവസേനയ്ക്കു പിന്നാലെ ദേശീയ ജനാധിപത്യ സഖ്യത്തിൽ (എന്‍ഡിഎ) തെലുങ്കുദേശം പാർട്ടിയും (ടിഡിപി) അസംതൃപ്തി അറിയിച്ചതോടെ, സുവർണചരിത്രങ്ങൾ കൂടിയാണു മായുന്നത്. 1998 മുതൽ ഇണങ്ങിയും പിണങ്ങിയും മുന്നോട്ടുപോയ സഖ്യത്തിനാണ് ഇപ്പോൾ ടിഡിപി തിരശ്ശീലയിട്ടത്. വിട്ടുപോയതു സഖ്യത്തിലെ വലിയ രണ്ട് പാർട്ടികളാണെന്നത് ബിജെപിക്കുള്ളിലും ചർച്ചയ്ക്കു വഴിമരുന്നിട്ടു.

ഒറ്റയ്ക്കുനിന്നാൽ ഭരിക്കാനാവില്ലെന്ന തിരിച്ചറിവിലാണു ബിജെപി മുന്നണിബന്ധങ്ങൾക്കു മുൻകയ്യെടുക്കുന്നത്. 1996 ലെ പൊതുതിരഞ്ഞെടുപ്പിൽ ഇന്ത്യയുടെ പതിനൊന്നാം പ്രധാനമന്ത്രിയായി, ബിജെപിയുടെ ആദ്യ പ്രധാനമന്ത്രിയായി അടൽ ബിഹാരി വാജ്പേയി അധികാരമേറ്റു. എന്നാൽ, ലോക്സഭയിൽ ഭൂരിപക്ഷം തികയ്ക്കാൻ പിന്തുണ കിട്ടിയില്ല. പതിമൂന്നു ദിവസത്തിനു ശേഷം രാജി. 1998 ൽ ദേശീയ ജനാധിപത്യ സഖ്യം രൂപീകരിച്ചു. സ്വന്തം ചിന്താധാരകളുമായി ബന്ധമില്ലാത്ത കക്ഷികളെയും ബിജെപി സ്വരുക്കൂട്ടി, കേന്ദ്രത്തിലെ അധികാരമായിരുന്നു ലക്ഷ്യം.

എൻഡിഎ മെലിഞ്ഞാൽ വിശാല സഖ്യമോ?

രണ്ടു ദശാബ്ദത്തോളം ദേശീയ രാഷ്ട്രീയത്തില്‍ സജീവമായിരുന്ന എന്‍ഡിഎയുടെ പ്രഭാവം മങ്ങുകയാണ്, മുന്നണി ബിജെപിയിലേക്കു ചുരുങ്ങുകയാണ്. നരേന്ദ്ര മോദി– അമിത് ഷാ കൂട്ടുകെട്ടാണ് എല്ലാം തീരുമാനിക്കുന്നത്. മന്ത്രിസഭയില്‍ മൂന്നാമത് അഴിച്ചുപണി നടത്തിയപ്പോൾ സഖ്യകക്ഷികൾക്കും ബോധ്യമായി, തങ്ങൾക്കൊരു ശബ്ദവുമില്ലെന്ന്. എന്‍ഡിഎയില്‍ തിരിച്ചെത്തിയ ജെഡിയു നേതാവ് നിതീഷ് കുമാറിനും കാര്യമായ പരിഗണന കിട്ടിയിട്ടില്ല. ബിഹാറിലെ അരരിയ ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ ബിജെപി തോറ്റതോടെ നിതീഷിന്റെ പ്രഭാവത്തിനും മങ്ങലേറ്റു.

പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ തോറ്റതോടെ അകാലിദളിനും മുന്നണിയിൽ സീറ്റ് പിന്നിലായി. അകാലിദളുമായുള്ള സഖ്യം എപ്പോൾ വേണമെങ്കിലും ഉപേക്ഷിക്കപ്പെടാം. ബിജെപി പ്രത്യയശാസ്ത്രത്തെ പൂര്‍ണമായും പിന്തുണയ്ക്കുന്ന കക്ഷിയാണു ശിവേസന. എന്നാല്‍ സേനയെയും കാര്യമായി പരിഗണിക്കാൻ മോദി കൂട്ടാക്കിയില്ല. മന്ത്രിസഭാ വികസനത്തിലും അവഗണിച്ചു. എന്‍ഡിഎയില്‍ നിന്ന് ആദ്യം പിന്‍വാങ്ങുന്ന കക്ഷിയാണു ശേത്കാരി സംഘടന്‍. രാജുഷെട്ടി എന്ന ഏക എംപി മാത്രമാണ് ഉള്ളതെങ്കിലും മഹാരാഷ്ട്രയിലെ കര്‍ഷകരുടെ പ്രധാന പാർട്ടിയാണിത്.

അസംതൃപ്തി പുകയുകയും പ്രമുഖരായ ശിവസേനയും ടിഡിപിയും പടിയിറങ്ങുകയും ചെയ്തതോടെ ചെറുകക്ഷികൾ മാത്രമുള്ള കൂട്ടമായി എൻഡിഎ മാറുകയാണ്. എൻഡിഎ മെലിയുന്നതിന്റെ ഗുണം കിട്ടുന്നത് ബിജെപി വിരുദ്ധ കൂട്ടായ്മയ്ക്കാണ്. ഒരുമിച്ചുനിന്നാൽ വിജയം കൊയ്യാമെന്നു രാജ്യത്തെ ബിജെപി ഇതര പാർട്ടികൾ തിരിച്ചറിയുന്നുണ്ട്. ഉത്തർപ്രദേശ്, ബിഹാർ എന്നിവിടങ്ങളിലെ ഉപതിരഞ്ഞെടുപ്പു ഫലം ഈ തിരിച്ചറിവിനെ ഉറപ്പിക്കുന്നു. സമാജ്‌വാദി പാർട്ടിയും (എസ്പി) ബഹുജൻ സമാജ് പാർട്ടിയും (ബിഎസ്പി) തമ്മിൽ സഖ്യമുണ്ടായേക്കാം. കോൺഗ്രസും എൻസിപിയും കൈ കോർക്കാം. രാഷ്ട്രീയ കക്ഷികളുടെ സഖ്യം മാത്രമല്ല, ദലിതർ, മുസ്‌ലിംകൾ, യാദവർ തുടങ്ങിയ വിഭാഗങ്ങളുടെ വലിയൊരു െഎക്യനിരയും രൂപപ്പെടുന്നുണ്ട്. ശിവസേനയോ ടിഡിപിയോ ഈ സഖ്യത്തിന്റെ ഭാഗമായാലും അദ്ഭുതപ്പെടേണ്ടതില്ല.

വാജ്പേയിയും ഇന്ത്യ ഷൈനിങ്ങും

തമിഴ്നാട്ടിൽ ജയലളിതയുടെഅണ്ണാ ഡിഎംകെ അടക്കമുള്ള പ്രാദേശിക കക്ഷികളും ബിജെപിയുമായിരുന്നു പ്രധാന പാർട്ടികൾ. ആന്ധ്രപ്രദേശിലെ എൻ.ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കുദേശം പാർട്ടിയുടെ പുറത്തുനിന്നുള്ള പിന്തുണയോടെ 1998ലെ തിരഞ്ഞെടുപ്പിൽ നേരിയ ഭൂരിപക്ഷം. വാജ്പേയി വീണ്ടും പ്രധാനമന്ത്രി. അണ്ണാ ഡിഎംകെ പിന്തുണ പിൻവലിച്ചതോടെ സർക്കാരിന് ആയുസ്സ് അധികമുണ്ടായില്ല. 1999 ലെ തിരഞ്ഞെടുപ്പിൽ വലിയ ഭൂരിപക്ഷത്തോടെ എൻഡിഎ വീണ്ടും അധികാരത്തിൽ. മൂന്നാമതും പ്രധാനമന്ത്രിയായി വാജ്പേയി അധികാരമേറ്റു, അഞ്ചുവർഷം തികയ്ക്കുന്ന കോൺഗ്രസിതര സർക്കാരായി.

വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് എന്‍ഡിഎയുടെ ചുമലിലേറിയായിരുന്നു. ഏതാനും പേരുമായി തുടങ്ങിയ സഖ്യത്തില്‍ ഇപ്പോൾ ചെറുതുംവലുതുമായി അൻപതോളം കക്ഷികള്‍. വാജ്‌പേയി മന്ത്രിസഭയില്‍ പ്രതിരോധ മന്ത്രിയായിരുന്നതു സഖ്യത്തിന്റെ കണ്‍വീനറും സമതപാര്‍ടി നേതാവുമായിരുന്ന ജോര്‍ജ് ഫെര്‍ണാണ്ടസ്. പ്രധാന വിഷയങ്ങളില്‍ രൂപീകരിക്കുന്ന എല്ലാ മന്ത്രിതല സമിതികളിലും ഫെർണാണ്ടസ് അംഗമായിരുന്നു. സഖ്യകക്ഷികള്‍ക്കു മന്ത്രിസഭയിലും സഖ്യത്തിലും അര്‍ഹമായ പ്രാതിനിധ്യവും സ്ഥാനവും നൽകിയായിരുന്നു വാജ്പേയിയുടെ പരിപാലനം.

ഭരണത്തുടർച്ചയിൽ ആത്മവിശ്വാസം പൂണ്ട ബിജെപി 2004 ൽ, ആറുമാസം മുൻപേ തിരഞ്ഞെടുപ്പു നടത്തി. ‘ഇന്ത്യ ഷൈനിങ്’ എന്നതായിരുന്നു പ്രചാരണവാക്യം. പക്ഷെ, രുചിച്ചതു പരാജയം. കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ അധികാരത്തിൽ. പ്രധാനമന്ത്രി മൻമോഹൻ സിങ് തുടർച്ചയായി രണ്ടു തവണ, പത്തുവർഷം കാലാവധി പൂർത്തിയാക്കി.

‘വികാസ് പുരുഷ’നായി മോദി

ഇതിനിടെ സഖ്യമുപേക്ഷിച്ചിരുന്ന ടിഡിപി സുദീര്‍ഘമായ ഇടവേളയ്ക്കു ശേഷം മടങ്ങിയെത്തി. സഖ്യം ഭാഗ്യമാണെന്നായിരുന്നു തിരിച്ചെത്തിയപ്പോൾ ചന്ദ്രബാബു നായിഡുവിന്റെ വിശേഷണം. ആന്ധ്രപ്രദേശിലും സീമാന്ധ്രയിലും എന്‍ഡിഎ അടിത്തറ വിപുലമാക്കി. നരേന്ദ്ര മോദി വികാസ്പുരുഷനാണെന്നും കോണ്‍ഗ്രസില്ലാത്ത, അഴിമതിയില്ലാത്ത ഇന്ത്യയാണു ലക്ഷ്യമെന്നും പറഞ്ഞുവച്ചു. ഇതിനിടെ, തെലങ്കാന പ്രക്ഷോഭം ശക്തമായപ്പോൾ ഗത്യന്തരമില്ലാതെ ആന്ധ്രപ്രദേശിനെ വിഭജിക്കാൻ കോൺഗ്രസ് സമ്മതം മൂളിയിരുന്നു. പ്രധാന ‘വിഭവ’ങ്ങളെല്ലാം തെലങ്കാന കൊണ്ടുപോയപ്പോൾ, ആന്ധ്രയ്ക്കു പ്രത്യേകപദവിയായിരുന്നു യുപിഎയുടെ ‘സമാശ്വാസം’.

2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ‘മോദി തരംഗം’ ആഞ്ഞടിച്ചു. ബിജെപി തനിച്ച് 282 സീറ്റു നേടി അധികാരത്തിൽ. മറ്റു കക്ഷികളുടെ പിന്തുണയും സമ്മർദവുമില്ലാതെ ഭരിക്കാമെന്നായപ്പോൾ, എന്‍ഡിഎ സഖ്യത്തിന്റെ പ്രാധാന്യം കുറഞ്ഞു. ശിവസേനയ്ക്കും അകാലിദളിനും ടിഡിപിക്കും എല്‍ജെപിക്കും പേരിനു മാത്രമായി മന്ത്രിസഭയിൽ സ്ഥാനം. ഭരണമുന്നണിയുടെ ഭാഗമായതിനാൽ ആന്ധ്രയ്ക്കു വേണ്ടതെല്ലാം നേടിയെടുക്കാമെന്നായിരുന്നു ചന്ദ്രബാബു നായിഡുവിന്റെ ധാരണ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉൾപ്പെടെ പലവട്ടം നേരിൽക്കണ്ടിട്ടും ഫലമുണ്ടായില്ല. കേന്ദ്ര ബജറ്റിലായിരുന്നു അവസാനപ്രതീക്ഷ. പക്ഷെ, ധനമന്ത്രി അരുൺ ജയ്റ്റ്ലിയും പിൻവാങ്ങിയതോടെ ടിഡിപി പ്രശ്നത്തിലായി.

സ്വന്തം നാട്ടിൽ മുഖം രക്ഷിക്കാൻ ആന്ധ്രയ്ക്കു പ്രത്യേക പദവി നേടുകയോ മുന്നണി വിടുകയോ മാത്രമായിരുന്നു പോംവഴി. മുന്നണി വിടുമെന്നു പലവുരു ഭീഷണി മുഴക്കി. എംപിമാരെ രാജിവയ്പ്പിക്കുമെന്നു പറഞ്ഞു. അറ്റകൈയായി തങ്ങളുടെ രണ്ടു കേന്ദ്രമന്ത്രിമാരെ രാജിവയ്പിച്ചു. മര്യാദയുടെ പേരിൽ ചില സാന്ത്വനചർച്ചകൾ നടന്നു. പുറമേയ്ക്കു ഇതൊക്കെയാണു കാരണമെങ്കിലും മുന്നണിയിലും സർക്കാരിലുമുള്ള സ്വീകാര്യതക്കുറവാണു ടിഡിപിയെ കടുത്ത തീരുമാനത്തിനു പ്രേരിപ്പിച്ചത്. ടിഡിപിയുടെ ക്യാബിനറ്റ് മന്ത്രി അശോക് ഗജപതി രാജു (വ്യോമയാനം), സഹമന്ത്രി വൈ.എസ്.ചൗധരി (ശാസ്ത്ര, സാങ്കേതികവിദ്യ) എന്നിവരാണു കേന്ദ്രമന്ത്രിസഭയിൽനിന്നു രാജിവച്ചത്. ആന്ധ്രയിലെ ചന്ദ്രബാബു നായിഡു സർക്കാരിൽനിന്നു രണ്ടു ബിജെപി മന്ത്രിമാരും രാജിവച്ചു.

മോദിയുടെ അപ്രമാദിത്വം, ഷായുടെ അവഗണന

വാജ്‌പേയി സര്‍ക്കാരിന്റെ കാലത്ത് 27 എംപിമാരുണ്ടായിരുന്ന ടിഡിപിക്കു സഖ്യത്തില്‍ പ്രമുഖ സ്ഥാനമുണ്ടായിരുന്നു. എന്നാല്‍ മോദിയുടെ അപ്രമാദിത്വമുള്ള സർക്കാരിൽ രണ്ടു മന്ത്രിമാരെ മാത്രമാണു കിട്ടിയത്. പാർട്ടിക്കു ലോക്സഭയിൽ 16 എംപിമാരുണ്ട്. നന്ദ്യാലില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസിനെ തോല്‍പിച്ച ടിഡിപിക്കു മന്ത്രിസഭയില്‍ കൂടുതല്‍ പ്രാതിനിധ്യം ലഭിക്കുമെന്നു പ്രതീക്ഷിച്ചു. ബിജെപിക്കു പുറത്തുള്ളവരെ അകത്തുകയറ്റേണ്ടെന്നായിരുന്നു മോദിയുടെയും ദേശീയ അധ്യക്ഷൻ അമിത് ഷായുടെയും തീരുമാനം.

ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി റാം നാഥ് കോവിന്ദിനു പിന്തുണ പ്രഖ്യാപിച്ച വൈഎസ്ആർ കോൺഗ്രസിന്റെ ജഗന്‍മോഹന്‍ റെഡ്ഡിയുമായി ബിജെപി അടുപ്പം പുലർത്തുന്നതും ടിഡിപിയെ പ്രകോപിപ്പിക്കുന്നു. ടിഡിപി മുന്നണി വിട്ടാൽ മോദി സർക്കാരിന്റെ നിലനിൽപിനെ ബാധിക്കില്ല. എങ്കിലും, ദക്ഷിണേന്ത്യയിൽ സ്വാധീനം വർധിപ്പിക്കാനുള്ള ബിജെപി നീക്കങ്ങൾക്കു തിരിച്ചടിയാകും. വൈഎസ്ആർ കോൺഗ്രസുമായി സഖ്യമുണ്ടാക്കാൻ ബിജെപിയുടെ സംസ്ഥാന നേതൃത്വം ശ്രമിക്കുന്നതു വിജയിക്കുമോയെന്നു കണ്ടറിയണം. ചന്ദ്രബാബു നായിഡുവിന്റെ നീക്കങ്ങളെ ബിജെപി വിരുദ്ധ ചേരി ആകാംക്ഷയോടെയാണു നോക്കുന്നത്.

വിട ചൊല്ലി ശിവസേനയും

മൂന്നു പതിറ്റാണ്ടോളം ഒരുമിച്ചുനടന്ന ശിവസേനയും ബിജെപിയുമായി സുഖത്തിലല്ല. കുടുംബത്തിലെ കാരണവർ സ്ഥാനം നഷ്ടപ്പെട്ടെന്ന തിരിച്ചറിവിലായിരുന്നു ശിവസേനയുടെ പിന്മാറ്റം. എൻഡിഎ മുന്നണിയുടെ ഭാഗമായിരിക്കുമ്പോഴും ബിജെപിയാണ് ഒന്നാമത്തെ ശത്രുവെന്നു ശിവസേന പറഞ്ഞുകൊണ്ടേയിരുന്നു. ബിഹാറിൽ നിതീഷ് കുമാറിന്റെ ജെഡിയുവിനെ ഒപ്പം ചേർത്ത ബിജെപി, തമിഴ്നാട്ടിൽ അണ്ണാ ഡിഎംകെയെ സഖ്യകക്ഷിയാക്കാനും കരുനീക്കം നടത്തിയപ്പോഴായിരുന്നു സേനയുടെ പ്രഹരം. ബിജെപി സഖ്യത്തിൽ നേടിയ 18 സീറ്റുകൾ, അവർക്കെതിരെ മത്സരിച്ച് ഇരട്ടിയോ അതിലധികമോ ആക്കണമെന്നു ശിവസേനാ അധ്യക്ഷൻ ഉദ്ധവ് താക്കറെ അണികളോട് ആഹ്വാനം ചെയ്തു.

സംഘപരിവാർ ആശയങ്ങളുടെ നെടുംതൂണുകളിലൊന്നായിരുന്നു ശിവസേന. നന്നേ മെലിഞ്ഞുപോയ പ്രതിപക്ഷ നിരയ്ക്കു പരോക്ഷമായി കരുത്തേകുന്ന ശക്തിയായും സേന മാറി. കേന്ദ്രത്തിലും മഹാരാഷ്ട്രയിലും ഭരണത്തിൽ തുടരവെ പ്രതിപക്ഷത്തിന്റെ റോൾ സ്വയമേറ്റെടുത്തു. മോദിക്കെതിരെ ദിവസേന വിമർശന ശരമെയ്തു. എൺപതുകളിൽ തുടങ്ങിയതാണ് എൻഡിഎയുമായുള്ള ബന്ധം. അടുത്ത വർഷത്തെ മഹാരാഷ്ട്ര നിയമസഭാ ‌തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്കു മത്സരിക്കുമെന്നു പ്രഖ്യാപിച്ച് ആ ബന്ധം സേന വേർപെടുത്തി.

related stories