Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആന്ധ്രയ്ക്ക് പ്രത്യേകപദവി: മുന്നണി വിട്ട് ടിഡിപി, ദുർബലമായി എൻഡിഎ

Chandrababu-Naidu-Narendra-Modi

ഹൈദരാബാദ്∙ സമ്മർദതന്ത്രങ്ങളും വിലപേശലുകളും വിലപ്പോയില്ല, എൻ.ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കുദേശം പാർട്ടി (ടിഡിപി) ഒടുവിൽ എൻഡിഎ വിട്ടു. ആന്ധ്രപ്രദേശിനു പ്രത്യേക പദവി നൽകില്ലെന്ന കേന്ദ്ര സർക്കാർ നിലപാടിൽ പ്രതിഷേധിച്ചാണു ടിഡിപി എൻഡിഎ വിട്ടത്. ഹൈദരാബാദിൽ ചേർന്ന പാർട്ടി പൊളിറ്റ്ബ്യൂറോ യോഗത്തിൽ ഏകകണ്ഠേനയാണു തീരുമാനം. നേരത്തെ പാർട്ടി മന്ത്രിമാർ കേന്ദ്രമന്ത്രിസഭയിൽനിന്നു രാജിവച്ചിരുന്നു.

ആന്ധ്രയ്ക്കുള്ള പ്രത്യേക സംസ്ഥാനപദവി ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്നു കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്ലി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതോടെയാണ‌ു സഖ്യത്തിൽ വിള്ളലുണ്ടായത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കും പർവത മേഖലയിലെ സംസ്ഥാനങ്ങൾക്കും മാത്രമാണു പ്രത്യേക സംസ്ഥാനപദവിയുള്ളത്. മറ്റുള്ളവയ്ക്കു പ്രത്യേക പദവി വേണ്ടെന്നു ധനകാര്യ കമ്മിഷൻ ശുപാർശയിലുണ്ട്. എന്നാൽ കേന്ദ്രപദ്ധതികളിൽ ആന്ധ്രപ്രദേശിനു 90:10 (മറ്റു സംസ്ഥാനങ്ങൾക്ക് 60:40) അനുപാതത്തിലാണു കേന്ദ്രവിഹിതം നൽകുന്നതെന്നും വ്യക്തമാക്കിയാണു ജയ്റ്റ്ലി അവരുടെ ആവശ്യം തള്ളിയത്.

നരേന്ദ്ര മോദി സർക്കാരിനെതിരെ ഇന്നു വൈഎസ്ആർ കോൺഗ്രസ് ലോക്സഭയിൽ അവതരിപ്പിക്കുന്ന അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കാനും ടിഡിപി തീരുമാനിച്ചിട്ടുണ്ട്. ആന്ധ്രയ്ക്കു നൽകിയ പ്രത്യേക സംസ്ഥാനപദവി വാഗ്ദാനം കേന്ദ്ര സർക്കാർ പാലിക്കുന്നില്ലെന്നാരോപിച്ചാണു വൈഎസ്ആർ കോൺഗ്രസ് അവിശ്വാസ പ്രമേയം കൊണ്ടു വരുന്നത്.

ആന്ധ്ര വിഭജിച്ചപ്പോൾ മുൻ യുപിഎ സർക്കാരാണു സംസ്ഥാനത്തിനു പ്ര‌ത്യേക പദവി വാഗ്ദാനം ചെയ്തത്. എൻഡിഎ സർക്കാരിന്റെ ഭാഗമായതോടെ പ്രത്യേക പദവി അനായാസം നേടിയെടുക്കാമെന്നായിരുന്നു തെലുങ്കുദേശത്തിന്റെ പ്രതീക്ഷ. എന്നാൽ വളരെയധികം സമ്മർദം ചെലുത്തിയിട്ടും നിലപാടിൽ മാറ്റം വരുത്താൻ കേന്ദ്രം തയാറായില്ല. ഇതേത്തുടർന്നാണു സഖ്യം അവസാനിപ്പിക്കാനുള്ള തീരുമാനം. നേരത്തെ കേന്ദ്രബജറ്റിൽ ആന്ധ്രപ്രദേശിന് ഒന്നും ലഭിക്കാതിരുന്നതും ടിഡിപിയെ പ്രകോപിപ്പിച്ചിരുന്നു.

പ്രമുഖ കക്ഷിയായ ശിവസേനയും എൻഡിഎയുമായി കലഹത്തിലാണ്. ടിഡിപിയും ബന്ധം ഉപേക്ഷിച്ചതോടെ മുന്നണിയെന്ന നിലയിൽ ദുര്ബലമാവുകയാണ് എൻഡിഎ. എന്നാൽ, കക്ഷികളുടെ കൊഴിഞ്ഞുപോക്കു നിലവിൽ കേന്ദ്ര സർക്കാരിനു ഭീഷണിയില്ല.