Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരള കോൺഗ്രസ് (എം) യോഗം നാളെ; ഉറ്റുനോക്കി യുഡിഎഫും എൽഡിഎഫും

K_M_Mani_ കേരള കോൺഗ്രസ്(എം) നേതാവ് കെ.എം.മാണി

തിരുവനന്തപുരം∙ ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിലും രാജ്യസഭാ തിരഞ്ഞെടുപ്പിലും സ്വീകരിക്കേണ്ട രാഷ്ട്രീയ നിലപാടു തീരുമാനിക്കാൻ കേരള കോൺഗ്രസ്(എം) സ്റ്റിയറിങ് കമ്മിറ്റി യോഗം നാളെ കോട്ടയത്ത്. മാണിഗ്രൂപ്പിന്റെ ഭാവി രാഷ്ട്രീയ സമീപനം ഇതിൽ വ്യക്തമാകുമെന്നതിനാൽ രാഷ്ട്രീയകേന്ദ്രങ്ങൾ ആകാംക്ഷയിലാണ്.

ചെങ്ങന്നൂരിൽ യുഡിഎഫിനോ എൽഡിഎഫിനോ പ്രകടമായ പിന്തുണ നൽകാതെയുള്ള തന്ത്രപരമായ നിലപാടു സ്വീകരിക്കാനാണു സാധ്യത. എന്നാൽ, രണ്ടു മുന്നണികളിലുമില്ലാതെ നിൽക്കുന്നതിലെ രാഷ്ട്രീയ അനിശ്ചിതത്വം നീട്ടിക്കൊണ്ടുപോകാൻ കഴിയില്ലെന്നു വാദിക്കുന്നവരും പാർട്ടിയിലുണ്ട്. ചെങ്ങന്നൂരിൽ ‘മനസ്സാക്ഷി വോട്ട്’ പ്രഖ്യാപിക്കാനാണു കൂടുതൽ സാധ്യത.

ഏതെങ്കിലും മുന്നണിക്കു പിന്തുണ പ്രഖ്യാപിക്കുകയും അവർ പരാജയപ്പെടുകയും ചെയ്താൽ അതു ഭാവി സാധ്യതകൾക്കു തടസ്സമാകും. മാത്രമല്ല, ഒരു മുന്നണിയുടെ ഭാഗമാകുന്ന നിലയ്ക്കു രണ്ടുകൂട്ടരുമായും ചർച്ച പുരോഗമിച്ചിട്ടുമില്ല.

മാണി ഗ്രൂപ്പിനു വോട്ടുള്ള മണ്ഡലമാണു ചെങ്ങന്നൂർ എന്നതിനാൽ അവരുടെ പിന്തുണയ്ക്കുള്ള ശ്രമം യുഡിഎഫും എൽഡിഎഫും നടത്തുന്നുണ്ട്. എന്നാൽ ഇനിയും മാണി മനസ്സു തുറന്നിട്ടില്ല. തിരഞ്ഞെടുപ്പിന്റെ ഔദ്യോഗിക വിജ്ഞാപനം ഇനിയും വരാത്തതിനാൽ തീരുമാനം നീട്ടിക്കൊണ്ടുപോയാലും അദ്ഭുതപ്പെടാനില്ല.

kerala-congress-m

അതേസമയം ഈ 23ലെ രാജ്യസഭാ തിരഞ്ഞെടുപ്പിൽ മാണി ഗ്രൂപ്പിന്റെ ആറ് എംഎൽഎമാർ ആർക്കു വോട്ടു ചെയ്യണമെന്ന കാര്യം നാളത്തെ യോഗത്തിൽ തന്നെ തീരുമാനിക്കേണ്ടിവരും. എൽഡിഎഫിന്റെ എം.പി.വീരേന്ദ്രകുമാറും യുഡിഎഫിന്റെ ബി.ബാബുപ്രസാദും മത്സരിക്കുന്ന തിരഞ്ഞെടുപ്പിൽ വീരേന്ദ്രകുമാറിന്റെ വിജയം സുനിശ്ചിതമാണ്. തങ്ങളുടെ ആറുപേരുടെ വോട്ട് വിജയപരാജയങ്ങളെ ബാധിക്കുന്ന ഘടകമല്ലാത്തതിനാൽ വോട്ടെടുപ്പിൽനിന്നു വിട്ടുനിൽക്കാമെന്ന നിർദേശം പരിഗണിച്ചേക്കും.

പാർട്ടിക്കകത്തു യുഡിഎഫ് അനുകൂലികളും എൽഡിഎഫ് അനുകൂലികളുമുണ്ട്. സംസ്ഥാന സമ്മേളനത്തിലും സിപിഐ കടുത്ത നിലപാടെടുത്തതിനാൽ എൽഡിഎഫ് പ്രവേശനത്തിന് ഉടനെങ്ങും സാധ്യതയില്ലെന്നു വാദിക്കുന്നവരുടെ എണ്ണം കൂടുന്നു. എന്നാൽ കോൺഗ്രസ് ബന്ധത്തിൽ വീണ വിള്ളൽ ഇനിയും തീർക്കാൻ കഴിയാത്തതിനാൽ യുഡിഎഫിലേക്കു മടങ്ങാനുള്ള സാധ്യതയ്ക്കും വേഗമായിട്ടില്ല. ഇരുമുന്നണികൾക്കു വേണ്ടിയും കച്ചമുറുക്കുന്നവരുടെ വാദപ്രതിവാദങ്ങൾക്കു നാളത്തെ യോഗം വേദിയായേക്കും.