Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആദിവാസി യുവതി കെഎസ്ആർടിസി ബസിനുള്ളിൽ പ്രസവിച്ചു; സംഭവം വയനാട്ടിൽ

baby പ്രതീകാത്മക ചിത്രം.

കൽപറ്റ ∙ ആദിവാസി യുവതി കെഎസ്ആർടിസി ബസിനുള്ളിൽ പ്രസവിച്ചു. കാരാപ്പുഴ നെല്ലാറച്ചാൽ വില്ലൂന്നി കോളനിയിലെ ബിജുവിന്റെ ഭാര്യ കവിതയാണ് ബസിനകത്ത് പ്രസവിച്ചത്‌. കോഴിക്കോട്–ബത്തേരി റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസിൽ ഇന്ന് രാവിലെ ഒൻപതരയോടെയാണ് സംഭവം.

രക്തസമ്മർദം മൂർഛിച്ചതിനെ തുടർന്നു കഴിഞ്ഞ ഒന്നു മുതൽ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു യുവതി. ഇന്ന് രാവിലെയാണ് അവിടെ നിന്നു വയനാട്ടിലേക്ക് തിരിച്ചത്. ഭർത്താവ് ബിജുവും അമ്മയും സഹോദരിയും കൂടെയുണ്ടായിരുന്നു. കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്നാണ് ഇവർ ബസിൽ കയറിയത്. പിന്നിലെ സീറ്റിലായിരുന്നു യാത്ര. അധികൃതരോട് പറയാതെയാണ് ആശുപത്രിയിൽ നിന്നു പോന്നതെന്നു ബന്ധുക്കൾ പറയുന്നു.

യാത്രയ്ക്കിടെ പ്രസവ വേദന അനുഭവപ്പെട്ട കവിത കൽപറ്റ കെഎസ്ആർടിസി ഗാരേജിനു സമീപത്തെത്തിയപ്പോഴേക്കും പ്രസവിക്കുകയായിരുന്നു. തുടർന്ന് ബസിൽ തന്നെ കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. അമ്മയും ആൺകുഞ്ഞും സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്. കുഞ്ഞിന് തൂക്കക്കുറവുള്ളതായി ആശുപത്രി അധികൃതർ അറിയിച്ചു. കലക്ടർ എസ്. സുഹാസ് ആശുപത്രിയിലെത്തി അമ്മയെയും കുഞ്ഞിനെയും സന്ദർശിച്ചു. അടിയന്തര ധനസഹായമായി 5000 രൂപ അനുവദിച്ചതായി കലക്ടർ പറഞ്ഞു.