Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതിയ ബാറുകൾ അനുവദിക്കില്ല; അടച്ചു പൂട്ടിയവ തുറക്കും: ടി.പി.രാമകൃഷ്ണൻ

T.P. Ramakrishnan മന്ത്രി ടി.പി.രാമകൃഷ്ണൻ

തിരുവനന്തപുരം∙ സംസ്ഥാനത്ത് പുതിയ ബാറുകൾ അനുവദിക്കില്ലെന്ന് എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ. അടച്ചുപൂട്ടിയ ബാറുകൾ മാത്രമേ തുറക്കൂവെന്നും പഞ്ചായത്തുകളില്‍ ബാര്‍ തുറക്കാന്‍ സുപ്രീംകോടതി അനുവദിച്ചിട്ടുണ്ടെന്നും എക്സൈസ് മന്ത്രി പറഞ്ഞു. പതിനായിരത്തിനു മുകളില്‍ ജനസംഖ്യയുള്ള പഞ്ചായത്തുകളെ നഗര മേഖലയായി കണക്കാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതോടെ ദേശീയ, സംസ്ഥാന പാതകൾ കടന്നുപോകുന്ന പഞ്ചായത്തുകളില്‍ കൂടുതല്‍ ത്രീ സ്റ്റാര്‍ ബാറുകള്‍ തുറക്കാൻ വഴിയൊരുങ്ങിയതോടെയാണു വിശദീകരണം.

വിനോദ സഞ്ചാര മേഖലയില്‍ സ്ഥിതി ചെയ്യുന്ന പഞ്ചായത്തുകളില്‍ പതിനായിരമെന്ന ജനസംഖ്യയ്ക്ക് ഇളവ് അനുവദിച്ചതോടെ ഇവിടങ്ങളിലും കൂടുതല്‍ ബാറുകള്‍ തുറക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ദേശീയ സംസ്ഥാന പാതയോരങ്ങളില്‍ 500 മീറ്റര്‍ ദൂരപരിധിയില്‍ മദ്യശാല പാടില്ലെന്ന വിധിയില്‍ സുപ്രീംകോടതി ഭേദഗതി വരുത്തിയതോടെയാണ് സംസ്ഥാന സര്‍ക്കാര്‍ പുതിയ ഉത്തരവ് പുറത്തിറക്കിയത്. ദേശീയ, സംസ്ഥാന പാതയോരത്തുള്ള നഗര സ്വഭാവമുള്ള പഞ്ചായത്തുകളില്‍ ബാറുകള്‍ തുറക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനു തീരുമാനമെടുക്കാമെന്നാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വിധിച്ചത്.

മുനിസിപ്പല്‍ മേഖലകളിലുള്ള ബാറുകള്‍ക്കു നേരത്തെ ഇളവ് അനുവദിച്ചിരുന്നു. പുതിയ ഉത്തരവു പുറത്തുവന്നതോടെ സംസ്ഥാന, ദേശീയ പാതയോരങ്ങളിലുള്ള നഗരസ്വഭാവമുള്ള പഞ്ചായത്തുകളിൽ ത്രീ സ്റ്റാര്‍ സൗകര്യങ്ങളുള്ള ബാറുകള്‍ തുറക്കാം. പുതിയ ലൈസന്‍സിനും അപേക്ഷിക്കാം. എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയമനുസരിച്ച് ത്രീ സ്റ്റാറിനും അതിനു മുകളിലുമുള്ള ബാറുകള്‍ക്കു മാത്രമേ സംസ്ഥാനത്തു പ്രവര്‍ത്തിക്കാന്‍ കഴിയൂ. സുപ്രീംകോടതിയുടെ ഉത്തരവോടെ പാതയോര മദ്യനിയന്ത്രണം ഫലത്തില്‍ ഇല്ലാതായിരുന്നു.

related stories