Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇടപാടുകാരനോട് ജീവനക്കാരന്റെ മോശം പെരുമാറ്റമെന്നു പരാതി: ബാങ്ക് അന്വേഷണം തുടങ്ങി

Investigation

തിരുവനന്തപുരം ∙ പത്തനംതിട്ട കോഴഞ്ചേരി എസ്ബിഐ ശാഖയിലെത്തിയ ഇടപാടുകാരനോട് ബാങ്ക് ജീവനക്കാരൻ മോശമായി പെരുമാറിയെന്ന ആരോപണത്തിൽ ബാങ്ക് അന്വേഷണം ആരംഭിച്ചു. എജിഎമ്മിനാണ് അന്വേഷണചുമതല. പരാതിക്കാരൻ, ബാങ്ക് ജീവനക്കാരൻ, ആ സമയത്ത് ഇടപാടിനായി വന്നവർ, മറ്റു ബാങ്ക് ജീവനക്കാർ എന്നിവരിൽനിന്നെല്ലാം മൊഴിയെടുത്തശേഷം റിപ്പോർട്ട് സമർപ്പിക്കുമെന്ന് എസ്ബിഐ അധികൃതർ വ്യക്തമാക്കി.

ബാങ്കിലെത്തിയ ഇടപാടുകാരനോട് ബാങ്ക് ജീവനക്കാരൻ മോശമായി പെരുമാറുന്നു എന്ന രീതിൽ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വിവാദം ആരംഭിക്കുന്നത്. ഇടപാടുകാരനേയും ബാങ്ക് ജീവനക്കാരനേയും അനുകൂലിച്ചും എതിർത്തും വാദപ്രതിവാദങ്ങൾ കൊഴുത്തു. 

എസ്ബിഐ ഡിജിഎം ഇടപാടുകാരനോട് ക്ഷമ ചോദിക്കാനും പരാതി കേൾക്കാനും ചീഫ് മാനേജരെ ചുമതലപ്പെടുത്തി. അദ്ദേഹം ഇടപാടുകാരന്റെ വീട്ടിലെത്തി സംസാരിച്ചെങ്കിലും മോശമായ പെരുമാറ്റമാണ് ഉണ്ടായത്. ബാങ്ക് ഉദ്യോഗസ്ഥരോട് സംസാരിക്കാൻ താനില്ലെന്ന നിലപാടിലായിരുന്നു ഇടപാടുകാരൻ. പ്രശ്നം നടക്കുന്ന സമയത്ത് ബാങ്കിലുണ്ടായിരുന്നവരും ബാങ്ക് ഉദ്യോഗസ്ഥനല്ല പ്രശ്നമുണ്ടാക്കിയതെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.

വിഡിയോയിലെ ചില ഭാഗങ്ങൾ അടർത്തിയെടുത്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതാണോയെന്നും ബാങ്ക് അധികൃതർ സംശയിക്കുന്നുണ്ട്. വിഡിയോ പൂർണമായി പരിശോധിച്ചപ്പോൾ ബാങ്ക് ഉദ്യോഗസ്ഥനോട് ഇടപാടുകാരൻ മോശമായി പെരുമാറുന്ന സംഭാഷണങ്ങളും ലഭിച്ചിട്ടുണ്ട്. ഇടപാടുകാരന്റെ മോശം പെരുമാറ്റത്തെത്തുടർന്നാണ് ബാങ്ക് ജീവനക്കാരൻ ദേഷ്യപ്പെട്ട് മുറിക്ക് പുറത്തേക്കെത്തുന്നത്. ഇക്കാര്യങ്ങളെല്ലാം റിപ്പോർട്ടിൽ ഉൾപ്പെടുത്തും.

ഇടപാടുകാരുടെ ഭാഗത്തുനിന്ന് മോശം പെരുമാറ്റം ഉണ്ടായാലും ജീവനക്കാർ നിലവിട്ട് പെരുമാറാൻ പാടില്ലെന്ന നിലപാടിലാണ് ബാങ്ക് അധികൃതർ. ‘ ഇടപാടുകാർ മോശമായി പെരുമാറുന്ന സംഭവഭങ്ങൾ പലപ്പോഴും ഉണ്ടാകാറുണ്ട്. എങ്കിലും ബാങ്ക് ജീവനക്കാർ പദവിക്ക് നിരക്കാത്ത രീതിയിൽ പെരുമാറുന്നതിനോട് യോജിക്കാനാകില്ല. അന്വേഷണം നടക്കുകയാണ്. റിപ്പോർട്ട് ലഭിച്ചശേഷം നടപടി സ്വീകരിക്കും’ - എസ്ബിഐ അധികൃതർ മനോരമ ഓൺലൈനോട് പറഞ്ഞു.