Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫറൂഖിലെ ഹോളി ആഘോഷം; വിദ്യാർഥികളെ മർദിച്ച അധ്യാപകർക്കെതിരെ കേസ്

Holi ഫറുഖ് കോളജിലെ ഹോളി ആഷോഘത്തിൽനിന്ന്.

കോഴിക്കോട്∙ ഫറൂഖ് കോളേജില്‍ ഹോളി ആഘോഷത്തിനിടെ വിദ്യാര്‍ഥികളെ മര്‍ദിച്ച സംഭവത്തില്‍ മൂന്ന് അധ്യാപകര്‍ക്കെതിരെയും ലാബ് അസിസ്റ്റന്‍റിെനിതിരെയും പൊലീസ് കേസെടുത്തു. അധ്യാപകരായ സജീര്‍, യൂനസ്, നിഷാദ്, ലാബ് അസിസ്റ്റന്റ് ഇബ്രാംഹികുട്ടി എന്നിവർക്കെതിരെയാണു ‌കേസ്.

ഇബ്രാംഹികുട്ടിയെ കാറിടിച്ചു പരുക്കേല്‍പ്പിച്ചെന്ന പരാതിയില്‍ ഒരു വിദ്യാര്‍ഥിക്കെതിരെയും കേസുണ്ട്. എന്നാല്‍ കാറിടിപ്പിച്ചെന്ന് ആരോപണമുള്ള വിദ്യാര്‍ഥിയെ കണ്ടെത്താനായിട്ടില്ല. സംഭവം കോളജിലെ പ്രത്യേകസംഘം അന്വേഷിക്കുന്നുണ്ട്. വിദ്യാര്‍ഥികള്‍ക്കെതിരെ നടപടിയുണ്ടാകില്ലെന്നു കോളേജ് മാനേജ്മെന്റ് ഉറപ്പു നല്‍കിയിട്ടുണ്ട്.

ഹോളി ആഘോഷത്തിനിടെ കോളജില്‍ വിദ്യാര്‍ഥികളെ അധ്യാപകര്‍ സംഘം ചേര്‍ന്നു മര്‍ദിച്ചതായി പരാതിയുണ്ടായിരുന്നു. ക്യാംപസില്‍ ആഘോഷം വിലക്കിയതിനു പിന്നാലെയായിരുന്നു മർദനമെന്നു വിദ്യാര്‍ഥികള്‍ പറഞ്ഞു. എന്നാല്‍ പരീക്ഷയുടെ അവസാന ദിവസത്തെ ആഘോഷത്തിനിടയില്‍ നാട്ടുകാരും വിദ്യാര്‍ഥികളും തമ്മില്‍ സംഘര്‍ഷമുണ്ടായതാണെന്നാണു കോളേജ് അധികൃതരുടെ വിശദീകരണം.

മര്‍ദനത്തില്‍ പരിക്കേറ്റ പത്തിലധികം വിദ്യാര്‍ഥികളെ കോഴിക്കോട് ബീച്ച് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കാറിന്റെ വൈപ്പര്‍ സ്റ്റിക്ക് കൊണ്ട് കണ്ണിന് അടിയേറ്റ ഒരു വിദ്യാര്‍ഥിയുടെ പരുക്കു ഗുരുതരമാണ്. കോളജില്‍ ഹോളി വിലക്കിയിട്ടില്ലെന്നും പരീക്ഷയുടെ അവസാന ദിവസം വിദ്യാര്‍ഥികളുടെ ആഘോഷം അതിരു കടന്നപ്പോള്‍ നാട്ടുകാര്‍ ഇടപെടുകയായിരുന്നുവെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.