Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശ്രീകണ്ഠീരവയിൽ ചെന്നൈയിന്റെ വിജയാരവം; രണ്ടാം ഐഎസ്എൽ കിരീടം

CFC-Goal-Celebration ഗോൾനേട്ടം ആഘോഷിക്കുന്ന ചെന്നൈയിൻ എഫ്സി താരങ്ങൾ (ചിത്രം: ഐഎസ്എൽ)

ബെംഗളൂരു∙ ദക്ഷിണേന്ത്യൻ ടീമുകൾ നേർക്കുനേർ വന്ന ഐഎസ്എൽ നാലാം സീസണിലെ കലാശപ്പോരിൽ അവസാന ചിരി ചെന്നൈയിൻ എഫ്സിക്ക്. ബെംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മൽസരത്തിൽ ബെംഗളൂരു എഫ്സിയെ തോൽപ്പിച്ച് ചെന്നൈയിൻ രണ്ടാം ഐഎസ്എൽ കിരീടത്തിൽ മുത്തമിട്ടു. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ചെന്നൈയിന്റെ വിജയം. 2015ൽ ഗോവയിൽ നടന്ന കലാശപ്പോരിൽ ഇതേ സ്‌കോറിന് എഫ്‌സി ഗോവയെ പരാജയപ്പെടുത്തിയാണ് ചെന്നൈയിൻ എഫ്സി ആദ്യ ഐഎസ്എൽ കിരീടം.

ബെംഗളൂരുവിന്റെ തട്ടകത്തിൽ നടന്ന കലാശപ്പോരിൽ ബ്രസീലിയൻ താരങ്ങളുടെ ചിറകിലേറിയാണ് ചെന്നൈയിന്റെ കിരീടനേട്ടം. ചെന്നൈയിനായി പ്രതിരോധനിരയിലെ ബ്രസീലിയൻ താരം മെയ്‌ൽസൻ ആൽവസ് ഇരട്ടഗോൾ നേടി. 17, 45 മിനിറ്റുകളിലായിരുന്നു ആൽവ്സിന്റെ ഗോളുകൾ. അവരുടെ മൂന്നാം ഗോൾ ബ്രസീലിൽനിന്നു തന്നെയുള്ള റാഫേൽ അഗസ്റ്റോയുടെ (67) വകയാണ്. ക്യാപ്റ്റൻ സുനിൽ ഛേത്രി (9), മിക്കു (90+2) എന്നിവരാണ് ബെംഗളൂരുവിന്റെ ഗോളുകൾ നേടിയത്.

ലീഗ് ഘട്ടത്തിൽ ഉജ്വലമായി കളിച്ച ബെംഗളൂരുവിനെ തീർത്തും നിഷ്പ്രഭമാക്കുന്ന പ്രകടനത്തോടെയാണ് ഫൈനലിൽ ചെന്നൈയിൻ മേധാവിത്തം ഉറപ്പിച്ചത്. ലീഡ് വഴങ്ങേണ്ടി വന്നെങ്കിലും പതറാതെ പിടിച്ചുനിന്ന ചെന്നൈയിൻ, ബെംഗളൂരുവിനെ പിടിച്ചുകെട്ടുകയായിരുന്നു. സ്വന്തം മണ്ണിൽ ഫൈനൽ കളിച്ച ടീം ഇതുവരെ ഐഎസ്എൽ കിരീടം നേടിയിട്ടില്ല എന്നത് ബെംഗളൂരുവിലും ആവർത്തിച്ചു.

ഗോളുകൾ വന്ന വഴി

∙ 9-ാം മിനിറ്റ്: ഇന്ത്യൻ സൂപ്പർ ലീഗ് നാലാം സീസണിലെ കലാശപ്പോരിൽ ബെംഗളൂരുവിന് ലീഡ്. ക്യാപ്റ്റൻ സുനിൽ ഛേത്രിയുടെ ഉജ്വലമായ ഹെഡർ ഗോളിലാണ് ബെംഗളൂരു മുന്നിലെത്തിയത്. അപ്പോൾ മൽസരത്തിനു പ്രായം ഒൻപതു മിനിറ്റ് മാത്രം. മധ്യവരയ്ക്കു സമീപത്തുനിന്നും നീട്ടിക്കിട്ടിയ പന്തുമായി വലതുവിങ്ങിലൂടെ ഉദാന്ത സിങ്ങിന്റെ അതിവേഗ മുന്നേറ്റം. ചെന്നൈയിൻ ഗോൾമുഖത്തിനു സമാന്തരമായി ഉദാന്ത ഉയർത്തി നൽകിയ ക്രോസിൽ പറന്നു തലവയ്ക്കുന്ന സുനിൽ ഛേത്രി. കരൺജിത് സിങ്ങിന്റെ പ്രതിരോധം തകർത്ത് പന്തു വലയിൽ. ബെംഗളൂരു ഒരു ഗോളിന് മുന്നിൽ.

∙ 17–ാം മിനിറ്റ്: ബെംഗളൂരുവിന്റെ അടിക്ക് അതേ നാണയത്തിൽ തിരിച്ചടിച്ച് െചെന്നൈയിൻ എഫ്സി. മൽസരത്തിനു പ്രായം 17 മിനിറ്റു മാത്രം. ചെന്നൈയിന് അനുകൂലമായി ലഭിച്ച കോർണറിൽനിന്നാണ് ഗോളിലേക്കെത്തിയ നീക്കത്തിന്റെ തുടക്കം. ഗ്രിഗറി നെൽസൻ ബെംഗളൂരു ബോക്സിലേക്ക് ഉയർത്തിവിട്ട പന്തിലേക്ക് ഉയർന്നു ചാടി തലവയ്ക്കുന്ന ചെന്നൈയിൻ ഡിഫൻഡർ മെയ്‍ൽസൻ ആൽവ്സ്. ബെംഗളൂരുവിന്റെ ഉയരക്കാരൻ ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധുവിന് യാതൊരു അവസരവും നൽകാതെ വലതു പോസ്റ്റിലിടിച്ച് പന്തു വലയിൽ. സ്കോർ 1–1.

∙ 45–ാം മിനിറ്റ്: ആദ്യപകുതിയിൽ രണ്ടാം ഗോളുമായി വീണ്ടും മെയ്ൽസൻ ആൽവ്സ് ചെന്നൈയിന് ലീഡ് സമ്മാനിക്കുന്ന കാഴ്ച. ആദ്യ ഗോളിന്റെ അതേ വഴിയിൽ തന്നെ രണ്ടാം ഗോളിന്റെയും പിറവി. ചെന്നൈിയിന് അനുകൂലമായി ലഭിച്ച കോർണർ എടുത്തത് ഗ്രിഗറി നെൽസൻ. ബെംഗളൂരു ഗോൾമുഖത്തേക്ക് പറന്നിറങ്ങിയ പന്തിൽ ഉയർന്നുചാടി തലവയ്ക്കുന്ന മെയ്‌ൽസൻ. ബെംഗളൂരുവിന്റെ പ്രതിരോധം പിളർത്തി പന്ത് പോസ്റ്റിന്റെ ഇടത്തേ മൂലയിലേക്ക്. സ്കോർ 2–1.

∙ 67–ാം മിനിറ്റ്: മൂന്നാം ഗോളുമായി ചെന്നൈയിൻ കിരീടസാധ്യതകളിൽ ബഹുദൂരം മുന്നിലേക്ക്. അവരുടെ മധ്യനിര താരം റാഫേൽ അഗസ്റ്റോയാണ് ഇക്കുറി ലക്ഷ്യം കണ്ടത്. ജെജെ ലാൽപെഖൂലയുടെ തകർപ്പൻ ക്രോസിനെ ഉജ്വലമായ വോളിയിലൂടെ വലയിലെത്തിച്ച് റാഫേൽ അഗസ്റ്റോ ടീമിന് 3–1ന്റെ ലീഡ് സമ്മാനിക്കുന്നു.

∙ 90+2: ഇൻജുറി ടൈമിൽ ബെംഗളൂരുവിന്റെ പോരാട്ടവീര്യം കാത്ത് മിക്കുവിന്റെ ഗോൾ. നാലു മിനിറ്റ് നീണ്ട ഇൻജുറി ടൈമിന്റെ രണ്ടാം മിനിറ്റിലാണ് മിക്കു ലക്ഷ്യം കണ്ടത്. വലതുവിങ്ങിൽ ഒരിക്കൽക്കൂടി ഉദാന്ത സിങ് ബെംഗളൂരുവിന്റെ രക്ഷകനാകുന്ന കാഴ്ച. മികച്ച മുന്നേറ്റത്തിനൊടുവിൽ ഉദാന്ത നൽകിയ ക്രോസിന് സുന്ദരമായി ഗോളിലേക്കു വഴികാട്ടി മിക്കു. സ്കോർ 2–3.