Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കടകളിലും ഓഫിസുകളിലും കുപ്പിവെള്ളം മലിനം; ‘വടിയെടുത്ത്’ ഭക്ഷ്യവകുപ്പ്

494501198 പ്രതീകാത്മക ചിത്രം.

തിരുവനന്തപുരം∙ രാജ്യത്തു വില്‍ക്കുന്ന 10 കുപ്പിവെള്ളത്തില്‍ മൂന്നെണ്ണമെങ്കിലും മലിനമാണെന്നു കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുമ്പോള്‍, കേരളത്തിൽ കുപ്പിവെള്ളവും ഭക്ഷണപാനീയങ്ങൾക്കൊപ്പം കടകളിൽ ഉപയോഗിക്കുന്ന ഐസും സുരക്ഷിതമല്ലെന്നു ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ റിപ്പോര്‍ട്ട്. ഒരു ലീറ്റര്‍, രണ്ടു ലീറ്റര്‍ കുപ്പിവെള്ളത്തിന്റെ ഗുണമേന്മ താരതമ്യേന മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും ഓഫിസുകളിലും പൊതുയിടങ്ങളിലും സ്ഥാപിക്കുന്ന 20 ലീറ്റര്‍ കുപ്പികളിലെ ജലം സുരക്ഷിതമല്ലെന്നാണ് ഭക്ഷ്യവകുപ്പിന്റെ കണ്ടെത്തല്‍. 

ഐസിലും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. കുപ്പിവെള്ളത്തില്‍ ഉപയോഗിക്കുന്നതുപോലുള്ള ശുദ്ധമായ വെള്ളത്തില്‍ ഐസ് നിര്‍മിക്കണമെന്നാണ് നിയമം. എന്നാല്‍ മിക്ക കമ്പനികളും ഇതു പാലിക്കുന്നില്ല. കച്ചവടക്കാര്‍ മീന്‍ കേടാകാതെ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന ഐസാണ് പലയിടത്തും പഴച്ചാറിലും മറ്റും ചേര്‍ത്തു നല്‍കുന്നത്. ഇതു പൂര്‍ണമായി തടയാനാണ് ഭക്ഷ്യവകുപ്പിന്റെ നീക്കം.

റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ വേനല്‍ക്കാലത്ത് പ്രത്യേക പരിശോധന ആരംഭിക്കാന്‍ വകുപ്പ് തീരുമാനിച്ചു. കുപ്പിവെള്ളം, ഐസ്, പഴച്ചാറുകളില്‍ ചേര്‍ക്കുന്ന വസ്തുക്കള്‍ തുടങ്ങിയവയുടെ ഗുണമേന്മ പരിശോധനകളിലൂടെ ഉറപ്പാക്കാനാണ് തീരുമാനം. അടുത്തയാഴ്ചയോടെ പ്രത്യേക സ്ക്വാഡുകള്‍ പ്രവര്‍ത്തനം ആരംഭിക്കും.

കേരളത്തില്‍ വിതരണം ചെയ്യുന്ന 20 ലീറ്റര്‍ കുപ്പികളിലാണ് കൂടുതല്‍ പ്രശ്നം കണ്ടെത്തിയിരിക്കുന്നത്. പ്രധാന കമ്പനികളുടെ ലേബല്‍ ഒട്ടിച്ച കുപ്പികളാണ് ഓരോ സ്ഥലത്തും വിതരണക്കാര്‍ എത്തിക്കുന്നത്. ആദ്യഘട്ടത്തില്‍ കമ്പനി ആധുനിക പ്ലാന്റില്‍ ശുദ്ധീകരിച്ച വെള്ളമായിരിക്കും വിതരണം ചെയ്യുന്നത്. അടുത്ത ഘട്ടത്തിൽ പ്രാദേശികമായി ലഭിക്കുന്ന ശുദ്ധീകരിക്കാത്ത വെള്ളം വിതരണക്കാര്‍ കുപ്പികളില്‍ നിറയ്ക്കുന്നതായാണ് പരിശോധനയില്‍ വ്യക്തമായത്. കമ്പനികളുടെ ശ്രദ്ധയില്‍ ഇതു പെടാറില്ല. അറിഞ്ഞാലും ചില കമ്പനികള്‍ കണ്ണടയ്ക്കാറുണ്ടെന്നു ഭക്ഷ്യസുരക്ഷാവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.

എന്നാല്‍, ഒരു ലീറ്ററിന്റെയും, രണ്ടു ലീറ്ററിന്റെയും കുപ്പികളില്‍ ഈ പ്രശ്നമില്ലെന്നും ഐഎസ്ഐ ( ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്റ്റാന്‍ഡേര്‍ഡ്സ് ) അനുമതിയുള്ള കമ്പനികള്‍ ഇത്തരം കുപ്പികളുടെ വിതരണത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. ‘‘രണ്ടുവര്‍ഷം മുന്‍പ് ഒരു ലീറ്ററിന്റെയും രണ്ടു ലീറ്ററിന്റെയും കുപ്പികളില്‍ പ്രശ്നങ്ങള്‍ കണ്ടെത്തിയിരുന്നു. ഇപ്പോള്‍ പ്രശ്നങ്ങള്‍ താരതമ്യേന കുറഞ്ഞിട്ടുണ്ട്.’’ - ഭക്ഷ്യസുരക്ഷാവകുപ്പിലെ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.