Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എല്ലാറ്റിനും വഴങ്ങാനാകില്ല, ആവശ്യമെങ്കില്‍ എതിർക്കും: വനംവകുപ്പിനെതിരെ മന്ത്രി മണി

M M Mani

കട്ടപ്പന∙ വനം വകുപ്പിന്റെ നിലപാടുകൾക്ക് വഴങ്ങിക്കൊടുക്കാതെ ആവശ്യമുള്ളവയെ എതിർക്കുകയും ചോദ്യം ചെയ്യുകയും ചെയ്യണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി. കാഞ്ചിയാർ പഞ്ചായത്തിന്റെ വികസന പദ്ധതികളുടെ ഉദ്ഘാടനവും പദ്ധതിരേഖ പ്രകാശനവും അഞ്ചുരുളി വിനോദ സഞ്ചാര കേന്ദ്രത്തിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.

ദേശീയപാത നിർമിക്കുന്നിടത്തുപോലും തടസ്സം സൃഷ്ടിച്ചു മനുഷ്യനു ജീവിക്കാൻ അനുവദിക്കാത്ത സാഹചര്യമാണ് വനം വകുപ്പ് സൃഷ്ടിക്കുന്നത്. രാജ്യം മുഴുവൻ വനമാക്കുകയെന്ന രീതിയിലാണ് വനം വകുപ്പിന്റെ നിലപാട്. ഉടുമ്പൻചോല താലൂക്ക് മുഴുവൻ ഏലമലക്കാടുകൾ ആണെന്ന് വരുത്തിത്തീർക്കാനുള്ള വനം വകുപ്പിന്റെ ശ്രമം വട്ടുകേസാണ്.

സിഎച്ച്ആറിലെ ഭൂമി റവന്യുവിന്റേതും മരങ്ങൾ വനം വകുപ്പിന്റേതുമാണെന്ന് ഇഎംഎസ് സർക്കാരിന്റെ കാലത്ത് ഉത്തരവിറക്കിയിട്ടുണ്ട്. മൃഗങ്ങളെ തട്ടിയിട്ട് നടക്കാൻ കഴിയാത്തതും ചന്ദനത്തടികൾ വെട്ടിക്കടത്തുന്നതും നോക്കാൻ വനം വകുപ്പുകാർക്ക് നേരമില്ല. ഇനി നാട്ടുകാരുടെ മെക്കിട്ട് കയറാനാണ് ശ്രമം. അതിന് ജനങ്ങൾ വഴങ്ങിക്കൊടുക്കരുത്.

ആവശ്യമില്ലാത്തതിനൊന്നും കൂട്ടുനിൽക്കുന്ന സർക്കാരല്ല ഇടതുപക്ഷത്തിന്റേത്. ഇതൊന്നും സർക്കാരിന്റെ നയമല്ല. എല്ലാം വനംവകുപ്പിന്റെ പണികളാണ്. പത്തുചെയിൻ പ്രദേശം നീക്കിയിട്ടതുകൊണ്ട് ഇടുക്കി പദ്ധതിക്ക് യാതൊരു ഗുണവുമില്ല. പത്തുചെയിൻ മേഖലയിലും പട്ടയം കൊടുക്കുകയെന്നതാണു സർക്കാരിന്റെ ലക്ഷ്യം. ആവശ്യമുള്ള ഭൂമി നേരത്തെ ഏറ്റെടുത്തിട്ടുണ്ടെന്നും എം.എം. മണി പറഞ്ഞു.