Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കടൽവെള്ളം ശുദ്ധീകരിച്ച് ലിറ്ററിന് 5 പൈസ നിരക്കിൽ നൽകും: കേന്ദ്ര മന്ത്രി ഗഡ്കരി

nithin-gadkari കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി

ഭോപ്പാൽ ∙ കടൽവെള്ളം ശുദ്ധീകരിച്ച് ലിറ്ററിന് അഞ്ചു പൈസ നിരക്കിൽ കുടിവെള്ളം ലഭ്യമാക്കുന്ന പദ്ധതിക്കു രാജ്യത്ത് ഉടൻ തുടക്കമാകുമെന്ന് കേന്ദ്ര ജലവിഭവ, നദീവികസന, ഗംഗാപുനരുജ്ജീവന മന്ത്രി നിതിൻ ഗഡ്കരി. തമിഴ്നാട്ടിലെ തുത്തുക്കുടിയിൽ ഇതിനുള്ള പരീക്ഷണങ്ങൾ പുരോഗമിക്കുകയാണെന്ന് ബന്ദ്രാബനിൽ രണ്ടു ദിവസത്തെ നദി മഹോത്സവം ഉദ്ഘാടനം ചെയ്ത് മന്ത്രി പറഞ്ഞു.

രാജ്യത്തെ നദികളെക്കുറിച്ചുളള ആശങ്ക വ്യക്തമാക്കിയ മന്ത്രി ജലസംരക്ഷണത്തിനും മറ്റും മധ്യപ്രദേശ് സർക്കാർ സ്വീകരിക്കുന്ന നടപടികൾ പ്രശംസിച്ചു. നാഗ്പൂരിൽ മലിന ജലം ശുദ്ധീകരിച്ച് താപനിലയങ്ങൾക്കു നൽകുന്ന പദ്ധതി അദ്ദേഹം പ്രസംഗത്തിൽ എടുത്തുപറഞ്ഞു. നഗരങ്ങളിലെ മലിനജലം ശുദ്ധീകരിച്ചു താപനിലയങ്ങൾ, വ്യവസായങ്ങൾ, റെയിൽവേ തുടങ്ങിയവയ്ക്ക് നൽകി ധനസമാഹരണം നടത്താൻ നദീവികസന മന്ത്രാലയത്തിനു പദ്ധതിയുണ്ടെന്നും ഗഡ്കരി വെളിപ്പെടുത്തി.

സംസ്ഥാനങ്ങൾക്കിടയിൽ നദീജലത്തിനുള്ള തർക്കങ്ങളുടെ ചർച്ചകൾക്കിടെ പാക്കിസ്ഥാനിലേക്ക് നദീജലം ഒഴുകുന്നതിനെക്കുറിച്ച് ആർക്കും ഉത്കണ്ഠയില്ലാത്തത് ദൗർഭാഗ്യകരമാണെന്നും ഗഡ്കരി അഭിപ്രായപ്പെട്ടു. ഇന്ത്യയും പാക്കിസ്ഥാനും ആറു നദികളാണ് പങ്കിടുന്നത്. 

പാക്കിസ്ഥാനിലേക്ക് ഇന്ത്യയിലെ മൂന്നു നദികളിലെ ജലം ഒഴുകുന്നുണ്ട്. എന്നാൽ ഒരു ദിനപത്രവും ഇതേക്കുറിച്ച് എഴുതാറില്ല. ഒരു എംഎൽഎ പോലും ഇത് നിർത്തണമെന്ന് ആവശ്യപ്പെടാറുമില്ല – ഗഡ്കരി പറഞ്ഞു.