Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലക്ഷ്യം തൊഴിൽരഹിതരില്ലാത്ത ഭാരതം: കണ്ണന്താനം; തൊഴിൽ മേളയിൽ പങ്കെടുത്തത് 28,000പേർ

alphons-kannanthanam-job-fair-chengannur ചെങ്ങന്നൂരിലെ തൊഴിൽമേള കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം ഉദ്ഘാടനം ചെയ്യുന്നു.

ചെങ്ങന്നൂർ∙ തൊഴിൽരഹിതരില്ലാത്ത ഭാരതത്തെ സൃഷ്ടിക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നതെന്നു കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം. ചെങ്ങന്നൂരിൽ മെഗാ തൊഴിൽ മേള ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐടി മേഖലയിൽ കഴിഞ്ഞ മൂന്നര വർഷത്തിനുള്ളിൽ 16 ലക്ഷത്തോളം യുവാക്കൾക്കു ജോലി നൽകിക്കഴിഞ്ഞു. അടുത്ത ഒരു വർഷത്തിനുള്ളിൽ ഭാരതം ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക രാഷ്ട്രമായി മാറുമെന്നും അദ്ദേഹം പറഞ്ഞു.

മേളയുടെ ചെയർമാൻ എ.എൻ. രാധാകൃഷ്ണൻ അധ്യക്ഷനായി. കുമ്മനം രാജശേഖരൻ, പി.എസ്. ശ്രീധരൻപിള്ള, കെ.സോമൻ, കേന്ദ്ര സബ് റീജിയണല്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ പി.ജി. രാമചന്ദ്രന്‍, എം.വി. ഗോപകുമാർ, ഡി. അശ്വനി ദേവ്, സജു ഇടക്കല്ലിൽ, പ്രമോദ് കാരയ്ക്കാട്, ശ്രീദേവി ബാലകൃഷ്ണൻ, മധു പരുമല, ഗോപൻ ചെന്നിത്തല, ജി.ജയദേവ്, അശോകൻ ചിന്മയ, പ്രീതി .ആർ, മനോജ്, ശിവശങ്കർ, വിഷ്ണു മോഹൻ, അനൂപ്, രൂപേഷ് എന്നിവർ പ്രസംഗിച്ചു.

ബഹുരാഷ്ട്ര കമ്പനികളുള്‍പ്പടെ 54 സ്വകാര്യ കമ്പനികള്‍ മേളയില്‍ പങ്കെടുത്തു. ആറായിരം തൊഴിലവസരങ്ങളാണ് ഉണ്ടായിരുന്നത്. തൊഴില്‍ മന്ത്രാലയത്തിനു കീഴിലുള്ള ദേശീയ തൊഴില്‍ സേവന കേന്ദ്രം, കൊച്ചിയിലെ സൊസൈറ്റി ഫോര്‍ ഇന്റര്‍ഗ്രേറ്റഡ് ഗ്രോത്ത് ഓഫ് ദി നേഷൻ‍(സൈന്‍), കേരള ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് (കെസിസിഐ.) എന്നിവ സംയുക്തമായാണ് മേള സംഘടിപ്പിച്ചത്.

തൊഴിൽ മേളയിൽ പങ്കെടുത്തത് 28,000പേർ

തൊഴിൽ മേളയിൽ പങ്കെടുത്തത് 28,297 തൊഴിലന്വേഷകർ. ബഹുരാഷ്ട്ര കമ്പനികൾ ഉൾപ്പടെ 54 സ്വകാര്യ കമ്പനികൾ നടത്തിയ ഇന്റർവ്യൂവിൽ 3187 പേർക്കു വിവിധ കമ്പനികളിലായി ജോലി ലഭിച്ചു. രാവിലെ ഒൻപതു മുതലാണു മേള ആരംഭിക്കുന്നതെന്നു സംഘാടകർ അറിയിച്ചിരുന്നെങ്കിലും 6.30 മുതൽ തന്നെ കേന്ദ്രമായ ചിന്മയ സ്ക്കൂളിലേക്ക് ആളുകൾ എത്തിതുടങ്ങി. ജനത്തിരക്കു കാരണം എംസി റോഡിൽ മണിക്കൂറുകളോളം ഗതാഗത തടസം ഉണ്ടായി.

chengannur-job-fair തൊഴിൽമേളയ്ക്ക് എത്തിയവർ.

മേക്കിങ് ഇന്ത്യ എന്ന ആശയത്തെ അടിസ്ഥാനമാക്കി 41 മേളകളിലായി ഒരു ലക്ഷം പേർക്കു വിവിധ തലങ്ങളിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നതാണു മേളയുടെ ലക്ഷ്യമെന്നു സംഘാടക സമിതി ചെയർമാൻ എ.എൻ. രാധാകൃഷ്ണൻ പറഞ്ഞു. എട്ടാം ക്ലാസ് മുതൽ പ്രഫഷണൽ വിദ്യാഭ്യാസം നേടിയവർ വരെ മേളയിൽ പങ്കെടുത്തു.