Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെ.എം.മാണിയെ എൻഡിഎയിലേക്ക് വീണ്ടും സ്വാഗതം ചെയ്ത് കുമ്മനം രാജശേഖരൻ

Kummanam Rajasekharan

ചെങ്ങന്നൂർ∙ ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ മനഃസാക്ഷിവോട്ടെന്ന സൂചന പുറത്തുവന്നതിനു പിന്നാലെ, കെ.എം.മാണിയെ എന്‍ഡിഎയിലേക്ക് വീണ്ടും സ്വാഗതം ചെയ്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരൻ. എന്‍ഡിഎയുടെ നയപരിപാടികൾ അംഗീകരിക്കുന്ന ആരുടെ മുന്നിലും മുന്നണിയുടെ വാതിൽ തുറന്നിട്ടിരിക്കുകയാണെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു. മാണി അനുകൂലമായി പ്രതികരിച്ചാല്‍ ഘടകകക്ഷികളുമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും. ബിഡിജെഎസ്സുമായുള്ള പ്രശ്നങ്ങൾ ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിനു മുൻപു തീരുമെന്നാണു പ്രതീക്ഷയെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.

ബിജെപി ദേശീയ നിര്‍വാഹകസമിതിയംഗം പി.കെ. കൃഷ്ണദാസ് ഇന്നലെ കെ.എം.മാണിയുമായി പാലായില്‍ ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തില്ലെന്നും തികച്ചും സൗഹാര്‍ദപരമായിരുന്നു കൂടിക്കാഴ്ചയെന്നും ഇരുനേതാക്കളും വ്യക്തമാക്കി. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പ്രാദേശിക ഘടകത്തിനു തീരുമാനം വിട്ടുകൊടുത്ത് മനഃസാക്ഷി വോട്ട് എന്ന നിലപാട് കേരള കോണ്‍ഗ്രസ് നേതൃത്വം കൈക്കൊള്ളുമെന്നാണ് സൂചന.

അതേസമയം ഉപതിരഞ്ഞെടുപ്പിലും രാജ്യസഭാ തിരഞ്ഞെടുപ്പിലും സ്വീകരിക്കേണ്ട നിലപാടുകള്‍ ചര്‍ച്ച ചെയ്യാന്‍ കേരളാ കോണ്‍ഗ്രസിന്‍റെ നിര്‍ണായക സ്റ്റിയറിങ് കമ്മറ്റിയോഗം ഇന്നു കോട്ടയത്തു ചേരും. മൂന്നു മണിക്കു പാര്‍ട്ടി അധ്യക്ഷന്‍ കെ.എം.മാണിയുടെ നേതൃത്വത്തില്‍ ചേരുന്ന യോഗത്തില്‍ പാര്‍ട്ടിയിലെ എംപിമാരും എംഎല്‍എമാരും ജില്ലാ പ്രസിഡന്റുമാരും സംസ്ഥാന ഭാരവാഹികളും പങ്കെടുക്കും.