Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തിരഞ്ഞെടുപ്പ് ബാലറ്റ് പേപ്പർ തിരികെയെത്തുമോ?; പരിഗണിക്കുകയാണെന്ന് ബിജെപി

EVM വോട്ടിങ് യന്ത്രം

ന്യൂഡൽഹി∙ ഭാവി തിരഞ്ഞെടുപ്പുകളിൽ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾക്കു (ഇവിഎം) പകരം പേപ്പർ ബാലറ്റുകൾ ഉപയോഗിക്കണമോയെന്ന കാര്യം ചർച്ച ചെയ്തു വരികയാണെന്നു ബിജെപി. വിവിധ രാഷ്ട്രീയ കക്ഷികളുടെ അഭിപ്രായം പരിഗണിച്ചാണ് ഇക്കാര്യം ചർച്ച ചെയ്യുന്നത്. പേപ്പർ ബാലറ്റുകൾ ഉപയോഗിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനോടു കോൺഗ്രസ് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് നിലപാടുമായി ബിജെപി രംഗത്തെത്തിയത്.

വലിയ പിന്തുണയോടെയാണു നേരത്തെ ബാലറ്റ് പേപ്പറുകളില്‍നിന്നു വോട്ടിങ് യന്ത്രങ്ങളിലേക്കു മാറുന്ന കാര്യം തീരുമാനിച്ചത്. എന്നാലിപ്പോൾ ബാലറ്റ് പേപ്പർ തന്നെ ഉപയോഗിക്കണമെന്നാണ് രാഷ്ട്രീയ കക്ഷികൾ ആവശ്യപ്പെടുന്നത്. ചർച്ചകൾക്കു ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കണം– ബിജെപി ജനറല്‍ സെക്രട്ടറി റാം മാധവ് പറഞ്ഞു.

തിരഞ്ഞെടുപ്പുകളിൽ വോട്ടിങ് യന്ത്രങ്ങളിൽ കൃത്രിമം നടക്കുന്നുവെന്നു പല തവണ ആരോപണമുയർന്നതിനാലാണു ബാലറ്റ് പേപ്പർ തന്നെ ഉപയോഗിക്കണമെന്ന ആവശ്യവുമായി രാഷ്ട്രീയ കക്ഷികള്‍ രംഗത്തെത്തുന്നത്. തിരഞ്ഞെടുപ്പു നീതിയുക്തമാക്കാൻ ബാലറ്റ് പേപ്പറിലേക്കു മടങ്ങണമെന്ന് എഐസിസി സമ്മേളനം ഇന്നലെ ആവശ്യപ്പെട്ടിരുന്നു. ആം ആദ്മി പാർട്ടി ഉൾപ്പെടെയുള്ള മറ്റു പ്രതിപക്ഷ കക്ഷികളും ബാലറ്റിലേക്കു മടങ്ങണമെന്നു തിരഞ്ഞെടുപ്പു കമ്മിഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ വർഷം നവംബറിൽ നടന്ന യുപി തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടിങ് യന്ത്രത്തിൽ രേഖപ്പെടുത്തുന്ന വോട്ടെല്ലാം ബിജെപിക്കു മാത്രമാണ് പോകുന്നതെന്ന ആരോപണം ഉയർന്നിരുന്നു. ഏത് ബട്ടണ്‍ അമർത്തിയാലും വോട്ട് ബിജെപിക്ക് വീഴുന്നെന്നായിരുന്നു പരാതി. യന്ത്രം തകരാര്‍ സംഭവിച്ചതാണെന്നു കാണിച്ച് ഉദ്യോഗസ്ഥർ മാറ്റിയെങ്കിലും ബിജെപിക്കു മാത്രം വോട്ടു വീഴുന്ന രീതിയിൽ സെറ്റ് ചെയ്തതാണെന്ന ആരോപണവുമായി മറ്റു പാർട്ടികളും രംഗത്തെത്തി. കഴിഞ്ഞ വർഷം യുപി നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി വൻവിജയം നേടിയപ്പോഴേക്കും വോട്ടിങ് യന്ത്രത്തിലെ തിരിമറി ആരോപിച്ച് പ്രതിപക്ഷ കക്ഷികൾ രംഗത്തെത്തിയിരുന്നു.

related stories