Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേന്ദ്രത്തിന്റെ പാക്ക് നയം ദുരന്തം, അയൽരാജ്യങ്ങളുമായുള്ള ബന്ധം ഇല്ലാതാക്കി: കോൺഗ്രസ്

Indian-National-Congress പ്ലീനറി സമ്മേളനത്തിൽ രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, മൻമോഹൻ സിങ് എന്നിവർ.

ന്യൂഡൽഹി∙ എന്‍ഡിഎ സര്‍ക്കാരിന്‍റെ പാക്ക് നയം ദുരന്തമാണെന്നു കോണ്‍ഗ്രസിന്റെ വിദേശകാര്യപ്രമേയം. പാക്ക് നയത്തില്‍ വ്യക്തമായ രൂപരേഖയില്ലെന്നും നയത്തെ വിഭജനവിഷയമാക്കിയതു തിരിച്ചടിയാണെന്നും പ്ലീനറി സമ്മേളനത്തില്‍ ആനന്ദ് ശര്‍മ അവതിപ്പിച്ച പ്രമേയത്തിൽ പറയുന്നു. അയല്‍രാജ്യങ്ങളുമായുളള ബന്ധം ഏറ്റവും മോശം അവസ്ഥയിലാണ്. സ്വന്തം താല്‍പര്യമാണ് മോദിയുടെ വിദേശനയം. യുപിഎ സർക്കാരിന്റെ കാലത്തു ബംഗ്ലദേശുമായുണ്ടായിരുന്ന നല്ല ബന്ധം ഇല്ലാതായി. ചൈനയുമായുണ്ടായിരുന്ന ബന്ധം മോശമായെന്നും പ്രമേയം ആരോപിക്കുന്നു. അതേസമയം, പ്ലീനറി സമ്മേളനത്തിന്റെ അവസാന ദിവസമായ ഇന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രവർത്തകരെ അഭിസംബോധന ചെയ്യും.

ബിജെപിയെ പരാജയപ്പെടുത്താൻ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ പാർട്ടികളുടെ ഐക്യമെന്ന ഫോര്‍മുലയാണു പ്ലീനറി സമ്മേളനത്തിലെ രാഷ്ട്രീയ പ്രമേയം മുന്നോട്ടു വയ്ക്കുന്നത്. മല്ലികാർജുൻ ഖാർഗെ അവതരിപ്പിച്ച പ്രമേയത്തിൽ, സമാന മനസുള്ള പാർട്ടികളുമായി കൈകോർത്ത് പൊതുപ്രവർത്തന പദ്ധതി തയാറാക്കി മുന്നോട്ടു പോകുന്നതിനാണ് ഊന്നൽ. ബിജെപി ഇതര മുന്നണിക്കും വിശാല സഖ്യത്തിനുമായുള്ള പ്രാദേശിക പാർട്ടികളുടെ നീക്കങ്ങൾക്കിടെയാണു രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസിന്റെ നയപ്രഖ്യാപനം.

അതേസമയം, ഇന്ന് ആദ്യമായിട്ടാണ് രാഹുൽ ഗാന്ധി പാർട്ടിയുടെ സമ്പൂർണ സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കുന്നത്. രാഷ്ട്രീയവും സംഘടനാപരവുമായ കാര്യങ്ങളിൽ അധ്യക്ഷന്റെ വാക്കുകളെ ആകാംക്ഷയോടെയാണ് അണികൾ കാത്തിരിക്കുന്നത്. അതേസമയം, പ്ലീനറി സമ്മേളനത്തിന്റെ അവസാന ദിവസമായ ഇന്ന് കോൺഗ്രസിന്റെയും ബിജെപിയുടെയും സാമ്പത്തികനയം ഒരുപോലെയാണെന്ന ഇടതുപക്ഷത്തിന്റെ ആരോപണങ്ങൾക്കു സാമ്പത്തികകാര്യ പ്രമേയത്തിലൂടെ മറുപടി നൽകും.

പ്ലീനറി സമ്മേളനത്തിലെ ആമുഖ പ്രസംഗം അഞ്ചു മിനിറ്റിൽ ഒതുക്കിയ രാഹുൽ ഗാന്ധി, പ്രമേയ ചർച്ചകൾക്കു മറുപടി പറയുമ്പോൾ എന്തൊക്കെ കാര്യങ്ങൾ പരാമർശിക്കും എന്നുള്ള ആകാംക്ഷയിലാണു നേതാക്കളും പ്രവർത്തകരും. വൈകിട്ട് നാലുമണിക്കാണ് കോൺഗ്രസ് അധ്യക്ഷൻ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നത്.