Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തിരിച്ചറിയൽ കാർഡ് വിതരണം അറബിക്കടലിൽ: വേറിട്ട പരീക്ഷണവുമായി ഉത്തര കന്നഡ ജില്ല

diving-karnataka തിരിച്ചറിയൽ കാർഡ് വിതരണത്തിനായി കടലിൽ മുങ്ങിയ സംഘം

കർവാർ∙ തിരഞ്ഞെടുപ്പ് അടുത്ത കർണാടകയിൽ പുതിയ വോട്ടർമാർക്കു തിരിച്ചറിയൽ കാർഡ് നല്‍കാൻ ജില്ലാ ഭരണകൂടത്തിന്റെ സാഹസം. 2000 ജനുവരി ഒന്നിന് ജനിച്ച വോട്ടർമാർക്കു തിരിച്ചറിയൽ കാർഡ് നൽകുന്നതിനായി ഉത്തര കന്നട ജില്ലാ ഭരണകൂടം അറബിക്കടലിനടിയില്‍ പരിപാടി സംഘടിപ്പിച്ചു. വോട്ടർമാർക്കു കടലിനടിയിൽവച്ച് തിരിച്ചറിയൽ കാർഡു നൽകുന്നതായിരുന്നു പദ്ധതി.

2000 ജനുവരി ഒന്നിന് ജനിച്ചവരെ മില്ലേനിയൽസ് എന്നാണ് വിളിക്കുന്നത്. ഉത്തര കന്നഡ ജില്ലയിൽ ഇങ്ങനെ 13 പേരാണ് ആദ്യമായി വോട്ടു ചെയ്യാനുള്ളത്. ഡപ്യുട്ടി കമ്മീഷണർ എസ്.എസ്. നകുൽ, ഉദ്യോഗസ്ഥനായ ചന്ദ്രശേഖര നായിക്, സ്കൂബ ഡൈവിങ് വിദഗ്ദൻ‌ രഞ്ജിത് പൂഞ്ച എന്നിവർ അറബിക്കടലിൽ 15 അടി താഴ്ചയിൽ മുങ്ങിയാണ് വോട്ടർമാരായ ദീക്ഷ, പൃഥ്വി എന്നിവര്‍ക്കു കാർഡുകൾ നൽകിയത്. പരിപാടി 15 മിനിറ്റോളം നീണ്ടു നിന്നു.

മേയിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഉത്തര കന്നഡ ജില്ലയിലെ എല്ലാ വോട്ടർമാർക്കും തിരിച്ചറിയൽ കാര്‍ഡ് നല്‍കുന്നതിനായി എസ്.എസ്. നകുലിന്റെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ നടപ്പാക്കി വരികയാണ്.