Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാക്കിസ്ഥാനിലെ നയതന്ത്ര ഉദ്യോഗസ്ഥർക്ക് അപമാനം, പീഡനം, ഭീഷണി: പരാതിയുമായി ഇന്ത്യ

India-Pakistan-Flag വാഗാ അതിർത്തിയിൽ നിന്നുള്ള ദൃശ്യം. (ഫയൽ ചിത്രം)

ഇസ്‌ലാമാബാദ്∙ പാക്കിസ്ഥാനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥർക്കെതിരെയുള്ള അക്രമങ്ങൾ തുടരുന്നതായി പാക്ക് സർക്കാരിന് ഇന്ത്യയുടെ പരാതി. മൂന്നുമാസത്തിനിടെ നൽകുന്ന പന്ത്രണ്ടാമത്തെ പരാതിയാണിത്. ഇന്ത്യൻ ഉദ്യോഗസ്ഥർക്കെതിരായ ഭീഷണികളും പീഡനങ്ങളും പാക്കിസ്ഥാൻ പ്രോത്സാഹിപ്പിക്കുകയാണെന്നും ഇന്ത്യ പരാതിയിൽ പറയുന്നു.

പാക്ക് വിദേശകാര്യമന്ത്രാലയത്തിന് നൽകിയിക്കുന്ന പരാതിയിൽ പ്രധാനമായും രണ്ടു സംഭവങ്ങളെക്കുറിച്ചാണ് വ്യക്തമാക്കിയിരിക്കുന്നത്. ഈ ശനിയാഴ്ചയും മാർച്ച് പതിനഞ്ചിനും നടന്ന സംഭവങ്ങളാണു ഇവ. ശനിയാഴ്ച ഇസ്‍ലാമാബാദിലെ ബ്ലൂ ഏരിയയിൽ ഷോപ്പിങ്ങിനു പോയ ഉദ്യോഗസ്ഥരെ രണ്ടുപേർ പിന്തുടരുകയും മോശമായി സംസാരിക്കുകയും ചെയ്തുവെന്നാണു പരാതി. മാർച്ച് 15ന് റസ്റ്ററന്റിലേക്കു പോകുമ്പോൾ ഉദ്യോഗസ്ഥനും കുടുംബത്തിനുമാണ് ഭീഷണി നേരിടേണ്ടിവന്നത്. ബൈക്കിലെത്തിയ സംഘം ഇവരുടെ കാറിനെ പിന്തുടരുകയും മോശമായി സംസാരിക്കുകയുമായിരുന്നു. ഈ രണ്ടു സംഭവങ്ങളിലും അന്വേഷണം വേണമെന്ന് ഇന്ത്യ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്ത്യയിലെ പാക്ക് ഹൈക്കമ്മീഷണറെ പാക്കിസ്ഥാൻ തിരികെ വിളിച്ചതിനു പിന്നാലെയാണ് പരാതിയുമായി ഇന്ത്യ രംഗത്തെത്തിയിരിക്കുന്നത്. ഡൽഹിയിൽ പാക്ക് നയതന്ത്രജ്ഞനു വളരെ മോശം അനുഭവമാണുണ്ടാകുന്നതെന്ന് ഉദ്യോഗസ്ഥനെ തിരികെ വിളിച്ചപ്പോൾ പാക്കിസ്ഥാൻ അറിയിച്ചിരുന്നു. എന്നാൽ ഹൈക്കമ്മീഷണറുടെ സാധാരണ യാത്രയാണെന്നായിരുന്നു ഇന്ത്യയുടെ പ്രതികരണം