Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുന്നണി പ്രവേശനം അധികം വൈകില്ല, ‘സർപ്രൈസ്’ ആയിരിക്കും: കെ.എം. മാണി

K.M. Mani

കോട്ടയം∙ കേരള കോൺഗ്രസ് എമ്മിന്റെ മുന്നണി പ്രവേശനം അധികം വൈകില്ലെന്ന് ചെയർമാൻ കെ.എം. മാണി. എല്ലാവർക്കും ഒരു ‘സർപ്രൈസ്’ ആയി പ്രവേശനം ഉണ്ടാകും. ഉചിതമായ സമയത്തു തീരുമാനമുണ്ടാകും. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിനുമുൻപായി പാർട്ടിയുടെ തിരഞ്ഞെടുപ്പു നയം പ്രഖ്യാപിക്കുമെന്നും ഞായറാഴ്ച ചേർന്ന സ്റ്റിയറിങ് കമ്മിറ്റി യോഗത്തിനുശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ മാണി അറിയിച്ചു.

അതിനിടെ, മുന്നണി പ്രവേശനം സംബന്ധിച്ചു യോഗത്തിൽ ഭിന്നത ഉടലെടുത്തു. എൽഡിഎഫിനൊപ്പം നിൽക്കണമെന്നും യുഡിഎഫിലേക്കു മടങ്ങണമെന്നും യോഗത്തിൽ ഇരു വിഭാഗങ്ങൾ ആവശ്യപ്പെട്ടു. രാജ്യ‌സഭാ തിരഞ്ഞെടുപ്പിൽനിന്നു പാർട്ടി വിട്ടുനിൽക്കണമെന്നും അഭിപ്രായം ഉയർന്നതായാണു ലഭിക്കുന്ന സൂചനകൾ.

ഉപതിരഞ്ഞെടുപ്പിലും രാജ്യസഭാ തിരഞ്ഞെടുപ്പിലും സ്വീകരിക്കേണ്ട നിലപാടുകള്‍ ചര്‍ച്ച ചെയ്യുന്നതിനാണു കേരള കോണ്‍ഗ്രസിന്‍റെ നിര്‍ണായക സ്റ്റിയറിങ് കമ്മറ്റിയോഗം ചേർന്നത്. മൂന്നു മണിക്കു പാര്‍ട്ടി അധ്യക്ഷന്‍ കെ.എം. മാണിയുടെ നേതൃത്വത്തില്‍ തുടങ്ങിയ യോഗത്തില്‍ പാര്‍ട്ടിയിലെ എംപിമാരും എംഎല്‍എമാരും ജില്ലാ പ്രസിഡന്റുമാരും സംസ്ഥാന ഭാരവാഹികളും പങ്കെടുത്തു.