Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോദി വാഗ്ദാനം ചെയ്തത് രണ്ടുകോടി തൊഴിലവസരങ്ങൾ, കിട്ടിയതോ? മൻമോഹൻ

manmohan-singh സമ്മേളനത്തിൽ സംസാരിക്കുന്ന മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്

ന്യൂഡൽഹി∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ച് മുൻപ്രധാനമന്ത്രി മൻമോഹൻ സിങ് എഐസിസി പ്ലീനറി സമ്മേളനത്തിൽ. മോദി വാഗ്ദാനം ചെയ്ത കാര്യങ്ങളൊന്നും നടപ്പാക്കിയില്ലെന്നു മൻമോഹൻ ആരോപിച്ചു. രണ്ടു കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണു മോദി പറഞ്ഞത്. എന്നാൽ രണ്ടു ലക്ഷം പേർക്കു പോലും ജോലി ലഭിച്ചില്ല. ജമ്മു കശ്മീർ വിഷയത്തിൽ കേന്ദ്രസർക്കാരിനു തൊട്ടതെല്ലാം പിഴയ്ക്കുകയായിരുന്നു. ഇതുവരെയില്ലാത്ത രീതിയിൽ ദുഷിച്ചതുപോലെയാണ് കശ്മീർ വിഷയത്തെ കേന്ദ്ര സർക്കാർ കൈകാര്യം ചെയ്യുന്നത് – മൻമോഹൻ സിങ് പറഞ്ഞു.

ഇപ്പോൾ രാജ്യത്തുണ്ടാകുന്ന സാമ്പത്തിക മുന്നേറ്റത്തിനു വിത്തു പാകിയത് രാജീവ് ഗാന്ധി സർക്കാരാണെന്നു മുൻ ധനകാര്യ മന്ത്രി പി. ചിദംബരം പറഞ്ഞു. മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരുന്നപ്പോഴും രാജ്യം സാമ്പത്തികമായി ഉയർന്നു. നോട്ടു നിരോധനത്തിന്റെ ഭാഗമായെത്തിയ പഴയ നോട്ടുകൾ എണ്ണാന്‍ ആർബിഐക്ക് സാധിക്കുന്നില്ലെങ്കിൽ തിരുപ്പതിയിലെ കാണിക്ക എണ്ണുന്നവരെ കൂടെ ചേർക്കുക. അവർ ഇതിനേക്കാൾ വേഗത്തിൽ എണ്ണിത്തീർക്കും. 14 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്നു പുറത്തെത്തിച്ചതായിരുന്നു യുപിഎ സർക്കാരിന്റെ നേട്ടം. എന്നാൽ ബിജെപി സർക്കാർ ജനങ്ങളെ പട്ടിണിയിലേക്കു തള്ളയിടുകയാണ്. ഇതാണ് കേന്ദ്രസർക്കാർ ഇന്ത്യയിലെ ജനങ്ങൾക്കു നൽകിയത്. രാജ്യത്തെ സാമ്പത്തിക തകർച്ചയിൽ നിന്ന് രക്ഷിക്കാൻ കോൺഗ്രസിനു മാത്രമെ സാധിക്കുവെന്നും പി.ചിദംബരം പറഞ്ഞു.

അതേസമയം, കോൺഗ്രസ് പ്രവർത്തക സിമിതി തിരഞ്ഞെടുപ്പിന്റെ ചുമതല രാഹുൽ ഗാന്ധിക്കു വിടാനും സമ്മേളനം തീരുമാനിച്ചു. സമ്മേളനത്തിൽ ഇന്നു വൈകിട്ട് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി സംസാരിക്കും.

related stories