Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വധഭീഷണി പൊലീസ് തിരക്കഥ, നാടകം: ബിജെപി; പ്രതികരിക്കാതെ ജയരാജൻ

V-Muraleedharan-and-P-Jayarajan വി.മുരളീധരൻ, പി.ജയരാജൻ

തിരുവനന്തപുരം/കോഴിക്കോട് ∙ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന് വധഭീഷണിയുണ്ടെന്ന കണ്ടെത്തൽ പൊലീസും സിപിഎമ്മും ചേർന്നുണ്ടാക്കിയ തിരക്കഥയാണെന്നു ബിജെപി. പി.ജയരാജനെ മഹത്വവത്ക്കരിക്കാനും കലാപമുണ്ടാക്കാനും വേണ്ടിയാണ് ഇത്തരത്തിലൊരു കഥ അവർ മെനഞ്ഞത്. ഷുഹൈബ് വധക്കേസിൽ തകർന്ന പ്രതിഛായ തിരിച്ചുപിടിക്കാൻ ഇതിലൂടെ കഴിയുമെന്നാണ് അവരുടെ പ്രതീക്ഷയെന്നും ബിജെപി ആരോപിച്ചു.

പി. ജയരാജന് വധഭീഷണിയുണ്ടെന്നതു നാടകം മാത്രമെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷൻ വി. മുരളീധരനും പറഞ്ഞു‍. കെ.എം.മാണിയുമായി ബിജെപി നടത്തിയ ചര്‍ച്ചയെക്കുറിച്ചു സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ വിശദീകരിക്കും. ചെങ്ങന്നൂരില്‍ കള്ളന്റേയും കൊള്ളക്കാരന്റേയും വരെ വോട്ടുകള്‍ സ്വീകരിക്കുമെന്നും വി. മുരളീധരന്‍ കോഴിക്കോട്ട് പറഞ്ഞു.

അതേസമയം, വധഭീഷണിയുണ്ടെന്ന പൊലീസ് റിപ്പോര്‍ട്ടിനോടു പ്രതികരിക്കാൻ പി.ജയരാജന്‍ തയാറായില്ല‍. സിപിഎം സംസ്ഥാന സമിതിയില്‍ പങ്കെടുക്കാനായി തിരുവനന്തപുരത്തെത്തിയ ജയരാജനോട് മാധ്യമങ്ങള്‍ പൊലീസ് റിപ്പോര്‍ട്ടിനെക്കുറിച്ചു ചോദിച്ചെങ്കിലും അദേഹം ഒന്നും പറഞ്ഞില്ല.

ആർഎസ്എസ്–ബിജെപി നേതൃത്വത്തിന്റെ അറിവോടെ ജയരാജനെ വധിക്കാൻ പദ്ധതിയിട്ടിട്ടുണ്ടെന്നായിരുന്നു പൊലീസ് റിപ്പോർട്ട് നൽകിയിരുന്നത്. വാളാങ്കിച്ചാൽ മോഹനൻ വധക്കേസ് പ്രതി പ്രനൂപാണ് ക്വട്ടേഷൻ എടുത്തിരിക്കുന്നത്. കതിരൂർ മനോജ്, ധർമടത്തെ രമിത്ത് വധസക്കേസുകളിലെ പ്രതികാര നടപടിയായാണ് ക്വട്ടേഷനെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു. ഈ സാഹചര്യത്തിൽ ജില്ലാ പൊലീസ് മേധാവി എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും അടിയന്തര സന്ദേശമയച്ചിട്ടുണ്ട്.

Read: പിണറായിയെ കണ്ണൂർ ജില്ലയിൽ കാലുകുത്താൻ അനുവദിക്കുകില്ലെന്ന് യുവമോർച്ച

related stories