Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാഹുലിന്റെ പ്രസംഗം ‘തോറ്റുപോയവന്റെ വാചകമടി’: തിരിച്ചടിച്ച് നിർമല സീതാരാമൻ

nirmala-sitharaman നിർമല സീതാരാമൻ

ന്യൂഡൽഹി∙ പ്രധാനമന്ത്രിയെയും ബിജെപിയെയും കടന്നാക്രമിച്ചു കോൺഗ്രസ് അധ്യക്ഷന്‍ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗത്തിനു മറുപടിയുമായി കേന്ദ്രമന്ത്രി നിർമല സീതാരാമൻ. എഐസിസി പ്ലീനറി സമ്മേളനത്തിൽ സംസാരിക്കവെയാണു രാഹുലിന്റെ പരാമർശങ്ങൾ. ഇതിനു ശക്തമായ മറുപടിയാണു പ്രതിരോധമന്ത്രി നിർമല സീതാരാമൻ നടത്തിയത്. രാഹുലിന്റേതു തോറ്റുപോയവന്റെ വാചകമടിയാണെന്നും കാര്യപ്രസക്തമായതൊന്നും അതിലില്ലെന്നും ബിജെപി കേന്ദ്ര ആസ്ഥാനത്തു നടത്തിയ വാർത്താ സമ്മേളനത്തിൽ നിർമല വ്യക്തമാക്കി.

നിർമല സീതാരാമന്റെ പരാമർശങ്ങളിൽനിന്ന്:

∙ കോൺഗ്രസ് എന്നുമുതലാണ് ജുഡീഷ്യറിയുടെ സംരക്ഷകനായത്? തനിക്കെതിരായ കോടതി വിധിയുടെ പേരിൽ ഇന്ദിരാ ഗാന്ധി ജുഡീഷ്യറിയെ പരിഗണിച്ചത് എങ്ങനെയെന്നു ഞാൻ ഓർമിപ്പിക്കേണ്ടതുണ്ടോ?

∙ 1988ൽ രാജീവ് ഗാന്ധി പ്രസ് ബിൽ കൊണ്ടുവരാന്‍ ശ്രമിച്ചു. അന്ന് എത്ര കേസുകളാണു മാധ്യമങ്ങൾക്കെതിരെ ഫയൽ ചെയ്തത്? ഇന്ദിരാ ഗാന്ധി മാധ്യമങ്ങളെ നിരോധിച്ചു. അവരുടെ മകനും ചെറുമകനും മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ചാണ് സംസാരിക്കുന്നത്.

∙ ബിജെപിയുടെ അധ്യക്ഷനെ കൊലപാതകിയെന്നു കോൺഗ്രസ് അധ്യക്ഷന്‍ വിളിച്ചത് അദ്ഭുതപ്പെടുത്തി. അദ്ദേഹത്തെ കോടതി കുറ്റവിമുക്തനാക്കിയതാണ്. അദ്ദേഹത്തിനെതിരെ നടത്തിയ ഗൂഢാലോചനയുടെ ഫലമായിരുന്നു ആ കേസ്. കോടതി തന്നെ അതു വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും രാഹുൽ ആരോപണം ആവർത്തിച്ചുകൊണ്ടിരിക്കുന്നു.

∙ ഈ ആരോപണം ഉന്നയിക്കുന്നയാളും നാഷനൽ ഹെറാൾഡ് കേസിൽ ജാമ്യത്തിൽ ഇറങ്ങിയിരിക്കുന്നയാളാണല്ലോ. രാജ്യപിതാവിന്റെ പേരും കോൺഗ്രസ് അധ്യക്ഷന്‍ ഉപയോഗിക്കുന്നുണ്ട്.

∙ തിരഞ്ഞെടുപ്പുകളുടെ സമയമായതിനാലാണു കർഷകരുടെ പ്രശ്നങ്ങളെക്കുറിച്ചു രാഹുലിപ്പോൾ സംസാരിക്കുന്നത്. കർഷകർക്കുവേണ്ടി ഇത്രയും വർഷം കോൺഗ്രസ് എന്താണു ചെയ്തിട്ടുള്ളത്? പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു പകരം കോൺഗ്രസിന് ആവശ്യം ഇവരുടെ വോട്ടുകളായിരുന്നു.

∙ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ മധ്യപ്രദേശ് പോലുള്ളിടങ്ങളിൽ ഇരട്ട സംഖ്യാ വളർച്ചയാണു രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ കോൺഗ്രസ് ഭരണത്തിലുള്ള കർണാടകയുടെ അവസ്ഥയെന്താണ്?

∙ പരാജയപ്പെട്ടയാളുടെ ഇത്തരം വാചകമടികൾ ഒരിക്കലും എവിടെയും എത്തിക്കില്ല.