Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബൈപാസ് മാറ്റാൻ എൻഎച്ച്  അതോറിറ്റിക്ക് എതിർപ്പില്ല, നിർബന്ധം സർക്കാരിന്: വി.മുരളീധരൻ

V Muraleedharan

കണ്ണൂർ∙ നെൽവയൽ നികത്തി ദേശീയപാത ബൈപാസ് നിർമിക്കുന്നതിനെതിരെ സമരം നടക്കുന്ന കീഴാറ്റൂരിൽ നിന്നു റോഡു മാറ്റാൻ ദേശീയപാത അതോറിറ്റിക്ക് എതിർപ്പില്ലെന്നു രാജ്യസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട ബിജെപി നേതാവ് വി.മുരളീധരൻ. അതിനു സംസ്ഥാനത്തുനിന്നു നിർദേശം മുന്നോട്ടു വരണം. റോഡിന്റെ അലൈൻമെന്റ് മാറ്റാൻ എൻഎച്ച് അതോറിറ്റിക്ക് ഏകപക്ഷീയമായി തീരുമാനിക്കാൻ കഴിയുമോ എന്ന കാര്യത്തിൽ സംശയമുണ്ടെന്നും മുരളീധരൻ പറഞ്ഞു. മഹാരാഷ്ട്രയിൽ നിന്നു രാജ്യസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി കണ്ണൂരിലെത്തിയ അദ്ദേഹം റെയിൽവേ സ്റ്റേഷനിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു. 

കീഴാറ്റൂർ സമരം സിപിഎമ്മിന്റെ ദുർവാശിയുടെ ഫലമാണ്. ഏതു വഴിയിലൂടെ ദേശീയപാത പോകണമെന്ന് ആത്യന്തികമായി തീരുമാനിക്കുന്നതു സംസ്ഥാന സർക്കാരാണ്. സംസ്ഥാന സർക്കാർ എടുത്തു കൊടുക്കുന്ന സ്ഥലത്തു മാത്രമാണ് അതോറിറ്റി റോഡ് പണിയുക. എന്തുകൊണ്ടു പാർട്ടി ഇവിടെ കാണിക്കുന്ന വാശി മലപ്പുറം ജില്ലയിൽ സ്ഥലമെടുക്കാൻ കാണിക്കുന്നില്ല? മലപ്പുറം ജില്ലയിൽ സ്ഥലമേറ്റെടുക്കലുമായി ബന്ധപ്പെട്ടു പ്രാഥമിക നടപടികൾ പോലും പൂർത്തിയാവാത്തത് ഇവിടെ കാണിക്കുന്ന താൽപര്യം അവിടെ കാണിക്കാത്തതു കൊണ്ടാണ്.

സിപിഎമ്മിലെ ആഭ്യന്തര പ്രശ്നങ്ങളിൽ നിന്നു ശ്രദ്ധ തിരിച്ചു വിടാനും പാർട്ടിയുടെ ഔദ്യോഗിക നേതൃത്വത്തിനെതിരെ നിൽക്കുന്നവരെ പാഠം പഠിപ്പിക്കാനും വേണ്ടി പാർട്ടി സ്വീകരിച്ച ദുർവാശിയുടെ ഫലമാണു കീഴാറ്റൂരിലെ സംഭവങ്ങൾ. ആ പ്രദേശത്തെ ജനങ്ങളുടെ താൽപര്യമനുസരിച്ചു കൊണ്ടുള്ള അലൈൻമെന്റിനു വേണ്ടി സംസ്ഥാന സർക്കാർ മുൻകൈയെടുക്കണം. 
ബിജെപിയെ സംബന്ധിച്ചിടത്തോളം, കേന്ദ്ര സർക്കാരിന്റെ ഇടപെടലാണ് ഇതിൽ ഉണ്ടാവേണ്ടത്. കേന്ദ്ര സർക്കാർ ഏതു വഴിയിലൂടെയാണു ദേശീയപാത പോകണ്ടത് എന്നു തീരുമാനിച്ചു കഴിഞ്ഞാൽ, ആ സ്ഥലം ഏറ്റെടുത്തു നൽകുകയാണു സംസ്ഥാന സർക്കാർ ചെയ്യേണ്ടത്. ഇപ്പോഴുള്ള സ്ഥലം മാറ്റുന്നതിനു ദേശീയപാത അതോറിറ്റിക്ക് ഒരു തരത്തിലുള്ള എതിർപ്പുമില്ല.

എൻഎച്ച് വികസനത്തിനു വേണ്ടി വിശദമായ പദ്ധതി റിപ്പോർട്ട് തയാറാക്കുമ്പോൾ, ജനപ്രതിനിധികളുൾപ്പെടെയുള്ളവരുടെ പങ്കാളിത്തത്തോടെയാണ് ഏതു വഴിയിലൂടെ പോകണം എന്നു തീരുമാനിക്കപ്പെട്ടിട്ടുള്ളത്. കീഴാറ്റൂരിലെ ജനങ്ങളുടെ താൽപര്യങ്ങൾ ആ ഘട്ടത്തിൽ മുന്നോട്ടു വച്ചിരുന്നെങ്കിൽ ഇത്തരത്തിലുള്ള പ്രശ്നം സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടാവുമായിരുന്നില്ല. ഡിപിആർ തീരുമാനിക്കപ്പെട്ടിട്ടുണ്ടെങ്കിൽ പോലും അതിൽ ഭേദഗതികൾ വരുത്താൻ സംസ്ഥാന സർക്കാരിനും ഇവിടത്തെ ജനപ്രതിനിധികൾക്കും സാധിക്കും. ജനപ്രതിനിധികളിൽ സമ്മർദ്ദം ചെലുത്തിക്കൊണ്ട് അതിനു വേണ്ടിയുള്ള നിർദേശം വയ്ക്കുകയാണ് വേണ്ടത്. ദേശീയപാത അതോറിറ്റിക്ക് ഏകപക്ഷീയമായി തീരുമാനമെടുക്കാൻ കഴിയുമോ എന്നു സംശയമുണ്ടെന്നും മുരളീധരൻ പറഞ്ഞു. 

related stories