Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തലമുറ മാ‌റ്റം എത്ര പെട്ടെന്നാകും?; ആകാംക്ഷയിൽ മുതിർന്ന നേതാക്കൾ

Indian-National-Congress പ്ലീനറി സമ്മേളനത്തിൽ രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, മൻമോഹൻ സിങ്, കമൽനാഥ് എന്നിവർ

ന്യൂഡൽഹി∙ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ തലമുറ മാ‌റ്റം എത്ര പെട്ടെന്നാകും? എത്രത്തോളം ‘രൂക്ഷ’മാകും? കോൺഗ്രസിലെ മുതിർന്ന തലമുറ ആകാംക്ഷയോടെയും ആശങ്കയോടെയും ഉത്തരം തേടുന്നു.

കഴിഞ്ഞ ദിവസം ചേർന്ന സ്റ്റിയറിങ് കമ്മിറ്റി യോഗത്തിൽ മു‌തിർന്ന നേതാക്കൾ തന്നെ ഇക്കാര്യം പാർട്ടി അധ്യക്ഷന്റെ ശ്രദ്ധയിൽ പെടുത്തി. യുവത്വവും പരിചയസമ്പത്തുമാണു പാർട്ടിക്ക് ഊർജം പകരുകയെന്നായിരുന്നു അവരുടെ ഓർമപ്പെടുത്തൽ. പെ‌ട്ടെന്നുള്ള മാറ്റം സംഘടനയുടെ സന്തുലിതാവസ്ഥ നഷ്ടപ്പെടുത്തിയേക്കുമെന്ന ആശങ്ക‌യും അവർ മറച്ചുവച്ചില്ല.

എഐസിസി സമ്മേളനത്തിൽ രാഹുലിന്റെ ആദ്യ പ്രസംഗം ഈ പശ്ചാത്തലത്തിലായിരുന്നു. യുവത്വവും പരിചയസമ്പത്തും ചേർന്നതായിരിക്കും സംഘടനയെന്നാണ് അദ്ദേഹം ഉറപ്പു നൽകിയത്. എന്നാൽ, സമ്മേളനത്തിലെങ്ങും പ്രകടമായതു മാ‌റ്റത്തിന്റെ കാറ്റാണ്. അവതാരകരായെത്തിയതു യുവതീയുവാക്കൾ. പ്ര‌സംഗകരിൽ നല്ല പങ്കു പുതുമുഖങ്ങളും ചെറുപ്പക്കാരും. പലപ്പോഴും പരിചയസമ്പന്നരുടെ പഴയ തലമുറ കാഴ്ചക്കാരായി.

മുഖ്യ പ്രസംഗകരെല്ലാം വേദിയിലെത്തിയത് അവതാരകരും പശ്‌ചാത്തല സംഗീതവും ചേർന്നൊരുക്കിയ നാടകീയതയ്ക്കിടെയാണ്. ഉദാഹരണ‌ത്തിന്, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് പ്രസംഗിക്കും മു‌ൻപ് അദ്ദേഹത്തിന്റെ നേട്ടങ്ങളെക്കുറിച്ച് അവതാരകന്റെ ഹ്രസ്വവിവരണം. പിന്നാലെ, ബോക്സിങ് മത്സരത്തിൽ താരത്തെ അവതരിപ്പിക്കുംമട്ടിൽ ‘മൻ.....മോഹൻ സിങ്’ എന്ന കാതടപ്പിക്കുന്ന അറിയിപ്പ്.

പ്രവർത്തക സമിതി പ്രഖ്യാപിക്കുന്നതോടെ പാർട്ടിയിലെ മാറ്റത്തിന്റെ ദിശ വ്യക്തമാകും. യുവാക്കൾക്കു കാര്യമായ മുൻതൂക്കമുണ്ടാകുമെന്നു തന്നെ സൂചനകൾ. 25 അംഗ പ്രവർത്തക സമിതിയിലേക്കു രാഹുലും സോണിയയും ഒഴികെ 23 പേരെയാണു നാമനിർദേശം ചെയ്യേണ്ടത്.