Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

2014ൽ പിന്തുണച്ചത് തെറ്റ്; ‘മോദി മുക്ത ഭാരത’ത്തിന് ആഹ്വാനം ചെയ്ത് രാജ് താക്കറെ

Raj-Thackeray

മുംബൈ∙ 2014ലെ പൊതു തിരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ ശിവസേനയെക്കൂടാതെ നരേന്ദ്ര മോദിക്ക് ഉറച്ച പിന്തുണ നൽകിയ മഹാരാഷ്ട്ര നവനിർമാൺ സേനയും (എംഎൻഎസ്) മോദിയെ തള്ളിപ്പറയുന്നു. ‘മോദി മുക്ത ഭാരത’ത്തിനായി പ്രതിപക്ഷകക്ഷികൾ ഒന്നാകെ അണിചേരണമെന്നാണ് എംഎൻഎസ് മേധാവി രാജ് താക്കറെയുടെ ആവശ്യം. ഇതോടെ, എംഎൻഎസും ബിജെപി വിരുദ്ധ ചേരിയിലേക്കു പോകുകയാണെന്ന സൂചനയാണു താക്കറെ നൽകിയത്.

2014ലെ തിരഞ്ഞെടുപ്പ് പ്രചാരണസമയത്തു നൽകിയ വാഗ്ദാനങ്ങളൊന്നും നരേന്ദ്ര മോദി പാലിക്കുന്നില്ല. 2014ൽ മോദിയെ പിന്തുണച്ചതു തന്റെ തെറ്റാണ്. മറാത്തികൾക്കെതിരെ മോദി സർക്കാർ ഗൂഢാലോചന നടത്തുന്നുവെന്നും അതിൽ കരുതിയിരിക്കണമെന്നും ശിവജി പാർക്കിൽ നടന്ന ചടങ്ങിൽ താക്കറെ മുന്നറിയിപ്പു നൽകി.

മറാത്തികൾക്കെതിരെ ഗൂഢാലോചനയെന്ന ആരോപണത്തെ സാധൂകരിക്കാൻ ബുള്ളറ്റ് ട്രെയിൻ, എയർ ഇന്ത്യ ആസ്ഥാനം മാറ്റിയത് തുടങ്ങിയ കാര്യങ്ങളാണു രാജ് താക്കറെ ഉയർത്തുന്നത്. രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമെന്ന് അറിയപ്പെടുന്ന മുംബൈയെ തകർക്കാൻ രാജ്യാന്തര സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ ഗുജറാത്തിനെ ഉയർത്തിക്കൊണ്ടുവരികയാണ്. എയർ ഇന്ത്യയുടെ ആസ്ഥാനം ഡൽഹിയിലേക്കു മാറ്റി. ഗുജറാത്തികൾക്കുപോലും ബുള്ളറ്റ് ട്രെയിൻ ആവശ്യമില്ല. റെയിൽവേയുടെ സർവേയുടെ അടിസ്ഥാനത്തിൽ മുംബൈയിൽനിന്നു ഗുജറാത്തിലേക്കു പോകുന്ന 40% ട്രെയിനുകളും കാലിയായാണു പോകുന്നത്, താക്കറെ പറഞ്ഞു.

സമീപഭാവിയിൽത്തന്നെ രാജ്യത്തു വർഗീയ കലാപം ഉണ്ടായേക്കാം. രാമക്ഷേത്ര വിഷയമായിരിക്കും അതിലേക്കു നയിക്കുക. വിഷയം ഇപ്പോൾ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. അതിലൊരു ഗൂഢാലോചന ഒരുങ്ങുന്നുണ്ട്. ഹിന്ദുക്കളും മുസ്‌ലിംകളും തമ്മിൽ സംഘർഷം ഉണ്ടാക്കാൻ ചില സംഘടനകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നിട്ടു തിരഞ്ഞെടുപ്പു സമയത്ത് ഈ സഹതാപം വോട്ടാക്കി മാറ്റും. രാമക്ഷേത്രം നിർമിക്കണം, എന്നാൽ ഇത്തരം കാരണങ്ങൾ വച്ചായിരിക്കരുത് അത്, താക്കറെ വ്യക്തമാക്കി.

‘കോൺഗ്രസ് മുക്ത ഭാരതമെന്ന ആശയം മോദിയാണ് കൊണ്ടുവന്നത്. എന്നാൽ ഇപ്പോൾ വേണ്ടത് മോദി മുക്ത ഭാരതമാണ്. 1947ലാണ് നമുക്ക് ആദ്യം സ്വാതന്ത്ര്യം ലഭിച്ചത്. 1977ൽ രണ്ടാം സ്വാതന്ത്ര്യവും ലഭിച്ചു. 2019ൽ നമ്മള്‍ മൂന്നാം സ്വാതന്ത്ര്യത്തിനായി കാത്തിരിക്കുകയാണ്. അതു മോദി മുക്ത ഭാരതമാണ്’ – അദ്ദേഹം കൂട്ടിച്ചേർത്തു.

നോട്ട് നിരോധനം, റഫാൽ ഇടപാട് തുടങ്ങിയവ രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയാണെന്നും രാജ് താക്കറെ പറഞ്ഞു. ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങളെ സർക്കാരിനെതിരെ സംസാരിച്ചാൽ സർക്കാർ വിരുദ്ധരാക്കി മാറ്റുകയാണ്. സർക്കാരിന് അനുകൂല വിധികൾ പുറപ്പെടുവിക്കാൻ ജുഡീഷ്യറിയെയും സമ്മർദ്ദത്തിലാക്കുന്നു. നീരവ് മോദി വിഷയത്തിൽനിന്നു രക്ഷപ്പെടാൻ മാധ്യമങ്ങളെ കാര്യമായി ഉപയോഗിച്ചു. ശ്രീദേവിയുടെ മരണം വന്നപ്പോൾ, ഇതു കൃത്യമായി ഉപയോഗിച്ചെന്നും താക്കറെ പറഞ്ഞു.

related stories