Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇറാഖിലെ ഇന്ത്യക്കാരുടെ മരണം: മൂന്നേമുക്കാൽ വർഷം എങ്ങനെ അറിയാതെ പോയി?

sushma-swaraj സുഷമ സ്വരാജ്

ന്യൂഡൽഹി ∙ ഇറാഖിൽ 2014 ജൂണിൽ ബന്ദികളാക്കപ്പെട്ട 39 പേർ കൊല്ലപ്പെട്ടുവെന്ന് മൂന്നേമുക്കാൽ വർഷത്തിനുശേഷം മാത്രം സ്ഥിരീകരിക്കാൻ സാധിക്കുമ്പോൾ ചോദ്യമുയരുന്നതു ഭരണനേതൃത്വത്തിനുള്ള രാജ്യാന്തര ബന്ധങ്ങളെയും വിവരങ്ങൾ ശേഖരിക്കാനുള്ള സംവിധാനത്തിന്റെ പ്രാപ്തിയെയും കുറിച്ചാണ്.

ബന്ദികളാക്കപ്പെടുന്നവരുടെ മോചനം സംബന്ധിച്ച ചർച്ചകളിലൊക്കെയും കേന്ദ്രത്തിൽ വിദേശകാര്യവകുപ്പു കൈകാര്യം ചെയ്ത ഇ.അഹമ്മദിന്റെയും നട്‍വർ സിങ്ങിന്റെയും പേരു പരാമർശിക്കപ്പെടും. യുപിഎ സർക്കാർ നേരിട്ട ബന്ദിപ്രതിസന്ധികളെ ഫലപ്രദമായി കൈകാര്യം ചെയ്യാൻ ഇവർക്കു സാധിച്ചതുതന്നെ കാരണം. ഇരുവർക്കും മധ്യപൂർവേഷ്യൻ രാജ്യങ്ങളിൽ ഭരണതലങ്ങളിലുണ്ടായിരുന്ന സൗഹൃദങ്ങൾ അതിനു തക്കതായിരുന്നു. ഇപ്പോൾ മരണം സ്ഥിരീകരിക്കപ്പെട്ടവരുടെ കാര്യത്തിലും വിദേശകാര്യ മന്ത്രാലയം ആദ്യം അഹമ്മദിന്റെ ഉപദേശം തേടിയിരുന്നു.

ഇന്റലിജൻസ് ദുർബലം

വിദേശരാജ്യങ്ങളിൽനിന്നു വിവരങ്ങൾ ശേഖരിക്കുന്നതിൽ ഇന്ത്യയുടെ ഏജൻസി തീർത്തും പ്രഫഷനൽ‍ അല്ലെന്നതിന്റെ അടുത്തകാലത്തെ ഉദാഹരണം ഫാ. ടോം ഉഴുന്നാലിലിന്റെ മോചനമാണ്. മാധ്യമങ്ങളിലൂടെയാണു മോചനം കേന്ദ്രസർക്കാർ അറിയുന്നത്, ഫാ. ടോം ഒമാനിൽ എത്തിയപ്പോൾ. അദ്ദേഹത്തെ റോമിൽ എവിടെയാണു പാർപ്പിച്ചിരിക്കുന്നത് എന്നറിയാൻ വിദേശത്തെ ഇന്ത്യൻ ഉദ്യോഗസ്ഥർ കേരളത്തിൽവരെ വിളിച്ച് അന്വേഷിച്ചു.

അടുത്തകാലത്തു നാവികസേനയിലെ ഒരു ഉന്നതൻ ൈചന സന്ദർശിച്ചു. അവിടെ ചർച്ചകൾക്കിടയിൽ മറുപക്ഷത്തുനിന്നു ചൈനീസ് ഭാഷയിലുണ്ടായ പരാമർശം എന്തെന്ന് ഇന്ത്യൻ നാവികസേനയിൽനിന്നു ബെയ്ജിങ്ങിലുള്ള വ്യക്തിയോടു ചോദിച്ചു. ചൈനീസ് അറിയില്ല എന്നായിരുന്നു മറുപടി. പല രാജ്യങ്ങളിലെയും പ്രാദേശിക ഭാഷകൾ അറിയില്ലാത്തതും പ്രശ്നസ്വഭാവമുള്ള പ്രസ്ഥാനങ്ങളിൽ നുഴഞ്ഞുകയറാൻ സാധിക്കുന്ന സാമൂഹിക പശ്ചാത്തലമുള്ളവരെ റിക്രൂട്ട് ചെയ്യാത്തതുമൊക്കെ ഇന്ത്യയുടെ രഹസ്യാന്വേഷണ സംവിധാനത്തിന്റെ ഇപ്പോഴത്തെ പോരായ്മകളായി എടുത്തുകാട്ടപ്പെടുന്നു.

മധ്യപൂർവേഷ്യൻ രാജ്യങ്ങളിലുൾപ്പെടെ ഇപ്പോഴും ശക്തമായ വിവരശേഖരണ സംവിധാനവും ശൃംഖലയുമുള്ളതാണു റഷ്യൻ ചാരസംഘടനയായ കെജിബി. വിദേശനയത്തിലെ യുഎസ് ആഭിമുഖ്യം ഇന്ത്യൻ ഏജൻസിക്കു കെജിബിയുമായുണ്ടായിരുന്ന നല്ല ബന്ധത്തെപ്പോലും ദോഷകരമായി സ്വാധീനിച്ചിട്ടുണ്ട്.

അടിസ്ഥാന വിവരങ്ങൾ കിട്ടിയില്ല

ഇറാഖിൽ െഎഎസിന്റെ ബന്ദികളാക്കപ്പെട്ടവരുടെ കാര്യത്തിൽ പല തവണ മന്ത്രി സുഷമ സ്വരാജ് പല തരത്തിൽ സംസാരിച്ചത് അടിസ്ഥാന വിവരങ്ങൾ ലഭ്യമാകാതിരുന്നതാണു സൂചിപ്പിക്കുന്നത്. കുവൈത്ത് ആക്രമിക്കപ്പെട്ടപ്പോൾ ഇന്ത്യക്കാരുടെ മോചനം സാധ്യമായെങ്കിൽ, അന്നു സദ്ദാം ഹുസൈന്റെ വ്യവസ്ഥാപിത ഭരണകൂടമുണ്ടായിരുന്നു. അവരുമായി ചർച്ച നടത്താനായി. യുപിഎ സർക്കാരിന്റെ കാലത്ത് ഇറാഖിൽ ബന്ദികളാക്കപ്പെട്ടവരുടെ മോചനത്തിന് അഹമ്മദ് ഏറെ പ്രയോജനപ്പെടുത്തിയതു സുന്നികളുടെ രാജ്യാന്തര നേതാക്കളെയാണ്. ഖത്തറിലെയും മറ്റു ചില നേതാക്കളും അന്നു സഹായിച്ചു.

വ്യവസ്ഥാപിത ഭരണകൂടമല്ലാത്ത െഎഎസുമായി പരസ്യമായി സമ്പർക്കം പുലർത്തി ഇന്ത്യയെ സഹായിക്കാൻ സുന്നി രാജ്യങ്ങൾ തയാറാവില്ലെന്നു 2014ൽത്തന്നെ പല നയതന്ത്രജ്ഞരും അഭിപ്രായപ്പെട്ടിരുന്നു. സുന്നി നേതാക്കളെ അനൗദ്യോഗിക മാർഗങ്ങളിലൂടെ സമീപിച്ചു സഹായം സാധ്യമാക്കണമെന്ന് ഉപദേശമുണ്ടായിരുന്നു. സാധ്യമായ എല്ലാ വഴികളിലൂടെയും ശ്രമിച്ചെന്നാണു വിദേശകാര്യ മന്ത്രിയുടെ നിലപാട്.

പ്രതിസന്ധിയെ അവസരമാക്കുക, പ്രതിബന്ധത്തെ ചവിട്ടുപടിയാക്കുക – ഇതാണു നയതന്ത്രജ്ഞരുടെ രീതിയെന്നാണ് ഇറാഖിൽ ബന്ദികളാക്കപ്പെട്ടവരെ രക്ഷിക്കാനുള്ള മാർഗങ്ങളെക്കുറിച്ചു ചോദിച്ചപ്പോൾ 2014 ജൂലൈയിൽ വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞത്. നഴ്സുമാരുടെ കാര്യത്തിൽ ഇന്ത്യയുടെ ശ്രമങ്ങൾ വിജയം കണ്ടു; 39 നിർമാണത്തൊഴിലാളികളുടെ കാര്യത്തിൽ പരാജയം സംഭവിച്ചു.

related stories